• 08 Apr 2020
  • 09: 58 AM
Latest News arrow

ഫുട്‌ബോള്‍ ഇതിഹാസം പികെ ബാനര്‍ജി ജീവിതത്തിന്റെ കളമൊഴിഞ്ഞു

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ പികെ ബാനര്‍ജി അന്തരിച്ചു. 83 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഒന്നര മാസമായി കൊല്‍ക്കത്തിയിലെ ആശുപത്രിയിലായിരുന്നു അദ്ദേഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെയാണ് അന്ത്യം.

1936 ജൂണ്‍ 23ന് ബെംഗളൂരുവിലെ മൊയ്‌നഗുരിയിലാണ് പ്രദീപ് കുമാര്‍ ബാനര്‍ജി എന്ന പികെ ബാനര്‍ജിയുടെ ജനനം. 15-ാം വയസ്സില്‍ ബിഹാറിനായി സന്തോഷ് ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചു. 1960-ലെ റോം ഒളിംപിക്‌സില്‍ ഇന്ത്യയെ നയിച്ചത് പികെ ബാനര്‍ജിയായിരുന്നു. 1962ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇന്ത്യ 2-1ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17-ാം മിനിറ്റില്‍ ഗോള്‍ നേടി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലത്ത് കളത്തിലെ സജീവ താരമായിരുന്നു പികെ ബാനര്‍ജി.1956ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനെ 4-2ന് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്.  രണ്ട് ഒളിംപിക്‌സില്‍ പികെ ബാനര്‍ജി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 13 വര്‍ഷം ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ബാനര്‍ജി 84 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടി. 

തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതോടെയാണ് പികെ ബാനര്‍ജി കളിക്കളം വിടുന്നത്. 1967ല്‍ കളം വിട്ട അദ്ദേഹം വിവിധ ക്ലബ്ബുകളെ ദീര്‍ഘകാലം പരിശീലിപ്പിച്ചു. ഇസ്റ്റ് ബെംഗാളും മോഹന്‍ ബഗാനും ഉള്‍പ്പെടെയുള്ള ക്ലബുകളുമൊത്ത് ഒട്ടേറെ സുപ്രധാന കിരീടങ്ങളും  പരിശീലകനെന്ന നിലയില്‍ പികെ ബാനര്‍ജി നേടി. 

ഇന്ത്യന്‍ ഫുട്‌ബോളിന് ബാനര്‍ജി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഫിഫ ഭരണസമിതി 2004-ല്‍ അദ്ദേഹത്തിന് 'ഓര്‍ഡര്‍ ഓഫ് മെറിറ്റ്' നല്‍കി ആദരിച്ചു. 1961ല്‍ അര്‍ജുന പുരസ്‌കാരവും 1990ല്‍ പദ്മശ്രീ പുരസ്‌കാരവും ലഭിച്ചു. 

മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ ബാനര്‍ജി
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായിരുന്ന പ്രസൂണ്‍ ബാനര്‍ജി സഹോദരനാണ്.