• 08 Apr 2020
  • 11: 57 AM
Latest News arrow

സോപ്പോ സാനിറ്റൈസറോ... ഏതാണ് കൊറോണ വൈറസുകളെ ഏറ്റവും ഫലപ്രദമായി ചെറുക്കുക?

കൊവിഡ്-19 രോഗ ബാധ ലോകമാകെ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി മുന്‍കരുതലുകളാണ് രാജ്യങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കാനാണ് ലോകാരോഗ്യ സംഘടന ജനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. 

എന്തുകൊണ്ടാണ് ഇങ്ങിനെയൊരു നിര്‍ദേശം?

വൈറസുകള്‍ക്ക് ഒരു പ്രതലത്തില്‍ മണിക്കൂറുകളോളം ജീവനോടെയിരിക്കാന്‍ സാധിക്കും. നമ്മള്‍ നിരന്തരം സ്പര്‍ശിക്കുന്നയിടങ്ങളിലാണ് വൈറസിന്റെ സാന്നിധ്യം കൂടുതലായും കാണപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് കൈകള്‍ എപ്പോഴും ശുചിയായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.

സോപ്പിടാതെ വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകിയാല്‍ പോരേ..?

പോരാ. നമ്മുടെ കൈകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കില്‍ ലക്ഷക്കണക്കിന് ബാക്ടീരിയകളും വൈറസുകളുമാണുള്ളത്. വെള്ളം മാത്രം ഉപയോഗിച്ച് കൈകഴുകുന്നത് വഴി ഈ സൂക്ഷ്മാണുക്കളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ വൈറസിനെയും ബാക്ടീരകളെയും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് സോപ്പ് ഉപയോഗിച്ച് തന്നെ കൈകള്‍ വൃത്തിയാക്കുക.

എങ്ങിനെയാണ് വൈറസുകളെ സോപ്പ് നീക്കം ചെയ്യുന്നത്...?

കൊഴുപ്പിന്റെ പാളികള്‍ കൊണ്ട് അടയ്ക്കപ്പെട്ടിരിക്കുന്ന ഒരു ജനിതക മെറ്റീരിയലാണ് വൈറസിനുള്ളത്. ഇതിനെ ലിപിഡ് എന്‍വലപ് എന്ന് വിളിക്കുന്നു. സോപ്പിന്റെ തന്‍മാത്രകള്‍ പിന്നിന്റെ രൂപത്തിലാണുള്ളത്. തലഭാഗത്തിന് വെള്ളത്തോടും വാല്‍ഭാഗത്തിന് എണ്ണയോടുമാണ് പ്രതിപത്തി. അതുകൊണ്ട് വാല്‍ഭാഗം വൈറസിന്റെ ലിപിഡ് എന്‍വലപ്പിനെ കാര്യക്ഷമമായി നേരിടുന്നു. അങ്ങിനെ സോപ്പും വെള്ളവും ചേര്‍ന്ന് വൈറസിന്റെ ബന്ധങ്ങളെ ലയിപ്പിക്കുകയും വൈറസും മനുഷ്യരുടെ ത്വക്കുമായുള്ള സമ്പര്‍ക്കം മുറിക്കുകയും ചെയ്യുന്നു. 

സോപ്പിന് പകരം സാനിറ്റൈസര്‍ ഉപയോഗിച്ചാലും മതിയോ?

സോപ്പ് പോലെ സാനിറ്റൈസറിലുള്ള ആല്‍ക്കഹോള്‍ ലിപ്പിഡ് എന്‍വലപ്പിനെ ലയിപ്പിക്കുകയും വൈറസിനെ നിര്‍ജീവമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സോപ്പ് പോലെ സാനിറ്റൈസറുകള്‍ അത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല. കാര്യക്ഷമമാകണമെങ്കില്‍ സാനിറ്റൈസറില്‍ 60 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കണം. അങ്ങിനെയല്ലെങ്കില്‍ സാനിറ്റൈസറിലുള്ള ആല്‍ക്കഹോള്‍ കൈകളുടെ എല്ലാ ഭാഗത്തേയ്ക്കും എത്തപ്പെടാതെ വരും. ഇനി എല്ലാ ഭാഗത്തേയ്ക്കും എത്തിക്കണമെങ്കിലോ കൂടിയ അളവില്‍ സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടി വരും. അതുകൊണ്ട് തന്നെ എപ്പോഴും സോപ്പിട്ട് കൈകള്‍ കഴുകുന്നത് തന്നെയാണ് ഉത്തമം.