• 08 Apr 2020
  • 10: 58 AM
Latest News arrow

ഐ.പി.എൽ 13ാം സീസണ്‍ റദ്ദാക്കുമോ?

മുംബൈ: 'കൊവിഡ്-19' ഭീതിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ സംശയത്തിന്റെ നിഴലിലായി. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം സീസണ്‍ ഏപ്രില്‍ 15-ലേക്കു ബിസിസിഐ നീട്ടി വെച്ചിരുന്നുവെങ്കിലും ഈ തിയ്യതിക്കും ടൂര്‍ണമെന്റ് ആരംഭിക്കാനാവുമോയെന്ന കാര്യം സംശയത്തിലായി.

ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഫ്രാഞ്ചൈസി ഉടമകള്‍ തിങ്കളാഴ്ച ടെലി-കോണ്‍ഫറന്‍സിങ് യോഗം ചേര്‍ന്നിരുന്നു. സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഐപിഎല്‍ റദ്ദാക്കാന്‍ ബിസിസിഐ തീരുമാനിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്നും ഫ്രാഞ്ചൈസി ഉടമകള്‍ വ്യക്തമാക്കി. എന്നാൽ ടൂര്‍ണമെന്റ് ഈ വര്‍ഷം തടസ്സപ്പെടാതിരിക്കാന്‍ ബിസിസിഐ പുതിയ നീക്കങ്ങള്‍ നടത്തുന്നതായി ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജൂലൈ- സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

ഇംഗ്ലണ്ടും പാക്കിസ്ഥാനുമൊഴികെ മറ്റു ടീമുകള്‍ക്കൊന്നും ഈ കാലയളവില്‍ കാര്യമായി മല്‍സരങ്ങളില്ല. പാക്കിസ്ഥാൻ താരങ്ങള്‍ക്കാവട്ടെ നേരത്തേ തന്നെ ഐപിഎല്ലില്‍ കളിക്കാന്‍ അനുമതിയുമില്ല. ജൂലൈ- സപ്തംബര്‍ മാസങ്ങളിലായി ഐപിഎല്‍ സംഘടിപ്പിച്ചാല്‍ ഇംഗ്ലണ്ടൊഴികെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഐപിഎല്ലില്‍ കളിക്കാനാവുമെന്നതാണ് ബിസിസിഐ കാണുന്നത്.

അതേസമയം, സപ്തംബര്‍ മാസത്തില്‍ ഏഷ്യാ കപ്പ് നടക്കുന്നുണ്ടെന്നത് ബിസിസിഐക്ക് വിനയാകും.  കൂടാതെ ജൂണ്‍/ ജൂലൈ മാസങ്ങളിലായി ശ്രീലങ്കയില്‍ പരമ്പരയും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഐപിഎല്ലും ഇതിനിടെ സംഘടിപ്പിച്ചാല്‍ അത് താരങ്ങള്‍ക്കു തിരിച്ചടിയാവുമോയെന്നതാണ് ബിസിസിഐയുടെ ആശങ്ക. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം താരങ്ങള്‍ക്കു പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.