• 08 Apr 2020
  • 10: 53 AM
Latest News arrow

'കൊവിഡ്-19' ഭീതി: യൂറോ കപ്പ്, കോപ്പാ അമേരിക്ക മത്സരങ്ങൾ ഒരു വർഷത്തേക്ക് നീട്ടിവെച്ചു; ഫ്രഞ്ച് ഓപ്പണും നീട്ടി

പാരീസ്: 'കൊവിഡ്-19' ഭീതിയെ തുടര്‍ന്ന് ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ നീട്ടിവെച്ചു. മേയ് 18 മുതല്‍ ജൂണ്‍ ഏഴു വരെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈ തിയ്യതിക്കു ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാലു വരെയായിരിക്കും ഇനി ഫ്രഞ്ച് ഓപ്പണ്‍ നടക്കുക.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടു മുന്നോട്ടു പോവാന്‍ കഴിയില്ലെന്നും ഇതേ തുടര്‍ന്നാണ് സപ്തംബറിലേക്കു ടൂര്‍ണമെന്റ് നീട്ടിയിരിക്കുന്നതെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍, മറ്റൊരു ഗ്രാന്റ്സ്ലാമായ വിംബിള്‍ഡണ്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയാണ് വിംബിള്‍ഡണിന്റെ പുതിയ സീസണ്‍ നടക്കുന്നത്.

യൂറോ കപ്പ് ടൂര്‍ണമെന്റ് അടുത്തവര്‍ഷത്തേക്ക് മാറ്റി. കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ (യുവേഫ) പുതിയ തീരുമാനം. യൂറോ കപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുമായി ചൊവ്വാഴ്ച്ച യുവേഫ ചര്‍ച്ച നടത്തിയിരുന്നു.

നിലവില്‍ ചാംപ്യന്‍സ് ലീഗും യൂറോപ്പാ ലീഗും ഉള്‍പ്പെടെ യുവേഫയ്ക്ക് കീഴിലുള്ള എല്ലാ ടൂര്‍ണമെന്റുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. നോര്‍വേ ഫുട്‌ബോള്‍ സംഘടനയാണ് യൂറോ കപ്പ് നീട്ടിയ കാര്യം ചൊവാഴ്ച്ച ഔദ്യോഗികമായി അറിയിച്ചത്. യൂറോ കപ്പ് ഇനി 2021 -ല്‍ നടക്കും അടുത്ത വര്‍ഷം ജൂണ്‍ - ജൂലായ് കാലയളവിലാകും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.

യൂറോ കപ്പിന് പിന്നാലെ ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂർണ്ണമെന്റും അടുത്തവര്‍ഷത്തേക്ക് നീട്ടി. ചൊവ്വാഴ്ച്ച ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് 2021 -ല്‍ നടത്താന്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്. പുതിയ അറിയിപ്പ് പ്രകാരം 2021 ജൂണ്‍ 11 - ജൂലായ് 11 കാലയളവില്‍ കോപ്പ അമേരിക്ക മത്സരങ്ങള്‍ നടക്കും. മത്സരക്രമത്തില്‍ മാറ്റമുണ്ടാകില്ല.