• 18 Aug 2022
  • 12: 26 PM
Latest News arrow

ഐസൊലേഷന്‍ വാര്‍ഡില്‍ അടിപൊളി മെനുവുമായി കളമശ്ശേരി മെഡിക്കല്‍ കോളേജ്

കൊച്ചി: കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്കായി തയ്യാറാക്കിയ ഭക്ഷണ മെനുവിന് സോഷ്യൽ മീഡിയയിൽ കയ്യടി. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജാണ് മികച്ച മെനു തയ്യാറാക്കിയിരിക്കുന്നത്. രാവിലെ ദോശയും സാമ്പാറും മുട്ടയും ഉച്ചയ്ക്ക് ചോറും തോരനും മീന്‍ വറുത്തതും. ഇനി വിദേശികളാണെങ്കില്‍ ടോസ്റ്റ് ചെയ്ത ബ്രഡും ചീസും.  ഭക്ഷണം മാത്രമല്ല വായിക്കാന്‍ പത്രവും നല്‍കുന്നുണ്ട്.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. മെനുവിന്റെ വിശദവിവരങ്ങളും  പുറത്തുവിട്ടു.

ഉറ്റവരെയും ഉടയവരെയും വേര്‍പെട്ട് ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് മികച്ച ഭക്ഷണവും വായനയ്ക്കുള്ള സൗകര്യവും നൽകാനാണ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി ശ്രമിക്കുന്നത്. ഉണര്‍ന്നു കഴിയുമ്പോള്‍ ഒഴിവാക്കാനാവാത്ത ചായ മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട മീന്‍ പൊരിച്ചതും ദോശയും സാമ്പാറും ചൂടില്‍ തണുപ്പിക്കാന്‍ ജ്യൂസും വരെ ഉള്‍പ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്.

രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദ്ദേശ പ്രകാരം  മെനു തയ്യാറാക്കിയിട്ടുള്ളത്.

ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിര്‍ദ്ദേശം കൂടി സ്വീകരിച്ചാണ് 'കൊവിഡ്-19' നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദീന്‍ , അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഗണേഷ് മോഹന്‍, ഫുഡ് ഇന്‍ചാര്‍ജ് ഡോ. ദീപ, സീനിയര്‍ നഴ്സ് അമൃത എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം  ഭക്ഷണ ക്രമം തയ്യാറാക്കിയത്. മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മെന്‍സ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 30 പേര്‍ക്ക് വരെയുള്ള ഭക്ഷണം തയ്യാറാക്കാനാണ് തീരുമാനം.

ഐസൊലേഷനില്‍ കഴിയുന്ന ഇന്ത്യക്കാരായ ആളുകളുടെ ഭക്ഷണ ക്രമം: 

രാവിലെ 7.30 : ദോശ, സാമ്പാര്‍, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റര്‍ വെള്ളം 

10.30 : പഴച്ചാറ് 

12.00: ചപ്പാത്തി, ചോറ്, തോരന്‍ , കറി, മീന്‍ പൊരിച്ചത്, തൈര്, ഒരു ലിറ്റര്‍ വെള്ളം 

വൈകീട്ട് 3.30: ചായ, ബിസ്‌ക്കറ്റ് /പഴംപൊരി /വട 

രാത്രി 7.00: അപ്പം , വെജിറ്റബിള്‍ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റര്‍ വെള്ളം.

ഐസൊലേഷനില്‍ കഴിയുന്ന വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണ ക്രമം: 

രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങള്‍, സൂപ് 

11.00: പഴച്ചാറ് 

12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവര്‍ക്ക് ), പഴങ്ങള്‍ 

വൈകീട്ട് 4.00: പഴച്ചാറ് 

രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങള്‍.