• 18 Aug 2022
  • 01: 26 PM
Latest News arrow

കൊവിഡ്-19: ഏകാന്തവാസക്കാരെ 'മുദ്രകുത്തി' മുംബൈ; നടപടി പൊതുജന സമ്പര്‍ക്കം ഒഴിവാക്കാന്‍

മുംബൈ: കൊവിഡ്-19 രോഗബാധ സംശയിച്ച് വീടുകളില്‍ ഏകാന്തവാസം അനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടവരുടെ കൈകളില്‍ മുദ്രകുത്തി ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പൊതുജനങ്ങളുമായി അവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കാനാണ് ഈ നടപടി. നിരീക്ഷണത്തിലുള്ളവരുടെ ഇടതുകൈയുടെ പിന്‍ഭാഗത്താണ് മുദ്രകുത്തുക. 'മുംബൈയ്ക്കാരെ സംരക്ഷിക്കുന്നതില്‍ അഭിമാനമുണ്ട്. വീട്ടില്‍ ഏകാന്തവാസത്തിലാണ്' എന്ന് മുദ്രയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഏത് തിയതി വരെയാണ് ഏകാന്തവാസത്തില്‍ കഴിയേണ്ടത് എന്നതും മുദ്രയില്‍ ആലേഖനം ചെയ്തിരിക്കും. വോട്ട് ചെയ്തത് കൈവിരലില്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന മഷിയാണ് മുദ്രകുത്താനും ഉപയോഗിച്ചിരിക്കുന്നത്. 

മാര്‍ച്ച് 15-ാം തിയതി വരെ 528 പേരോടാണ് മുംബൈയില്‍ സ്വയം ഏകാന്തവാസത്തിലാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൊവിഡ്-19 ന്റെ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്തിടെ വിദേശത്ത് നിന്നെത്തിയവരോടാണ് 14 ദിവസത്തേയ്ക്ക് വീടുകളില്‍ ഒറ്റയ്ക്ക് കഴിയാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവരെ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിരീക്ഷിക്കും.

ഏകാന്തവാസത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടവരുടെ കയ്യില്‍ മുദ്രകുത്തുന്ന നടപടി, അവരില്‍ ഒരു ഉത്തരവാദിത്വ ബോധം ഉളവാക്കാനാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. അവര്‍ പുറത്തുപോവുകയാണെങ്കില്‍, വീടുകളില്‍ നിരീക്ഷണത്തിലുള്ളവരാണെന്ന് മനസ്സിലാക്കാന്‍ പൊതുജനങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപ്പയും പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ രോഗികള്‍ കര്‍ശനമായി പാലിക്കേണ്ടതുള്ളതുകൊണ്ടാണ് ഇതുപോലുള്ള നടപടികളിലേക്ക് കടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.