• 08 Apr 2020
  • 10: 48 AM
Latest News arrow

''ഏകാന്തവാസത്തിനായി രാജ്യമുണ്ടാക്കിയപ്പോള്‍ എല്ലാവരും കളിയാക്കി, പക്ഷേ ഇന്ന് അവര്‍ സ്വയം തടവിലാകുന്നു''- പരിഹസിച്ച് നിത്യാനന്ദ

ന്യൂഡല്‍ഹി: കൊറോണ മുന്‍കരുതലിന്റെ ഭാഗമായ എല്ലാവരും പൊതുസമ്പര്‍ക്കം ഒഴിവാക്കണമെന്ന നിര്‍ദേശത്തെ മുന്‍നിര്‍ത്തി വ്യത്യസ്ത പരാമര്‍ശവുമായി ആള്‍ദൈവം നിത്യാനന്ദ. '' ഞാന്‍ എല്ലായിടത്ത് നിന്നും വിട്ടൊഴിഞ്ഞ് സ്വന്തമായി കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ എന്നെ നോക്കി ചിരിച്ചു, ചിലര്‍ പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ ലോകമാകെ സാമൂഹികമായ ഇടപെടലില്‍ നിന്ന് എങ്ങിനെ അകലം പാലിക്കാം എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അന്ന് എന്നെ കളിയാക്കിയവര്‍ കൊവിഡ്-19 ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലാക്കിയിരിക്കുന്നു. പരമശിവന്‍ ഞങ്ങളെ രക്ഷിച്ചു. അതാണ് ദൈവത്തിന്റെ ശക്തി.''- നിത്യാനന്ദ പറഞ്ഞു. 

ഇന്ത്യയില്‍ പീഡനക്കേസില്‍ പ്രതിയായതോടെ രാജ്യം വിട്ട നിത്യാനന്ദ പിന്നീട് ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നും സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും വരെയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. പക്ഷേ, നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം.

രാജ്യം വിട്ടെങ്കിലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിത്യാനന്ദ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അനുയായികളുമായി സംസാരിക്കുന്നതും അവരോടുള്ള പ്രഭാഷണങ്ങളുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. എന്നാല്‍ നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.