• 08 Apr 2020
  • 10: 24 AM
Latest News arrow

ആ മുസ്ലീംകള്‍ താമരകള്‍ വളര്‍ത്തുകയാണ്, ക്ഷേത്രങ്ങളിലെ വിഗ്രങ്ങള്‍ക്കര്‍പ്പിക്കാന്‍....

തിരുന്നാവായ: പൊയ്കയിലെ മരവിപ്പിക്കുന്ന തണുപ്പുള്ള വെള്ളത്തിന് മുകളില്‍ നിന്നും കോട മെല്ലെ മാറിക്കഴിഞ്ഞു. പൊയ്ക നിറഞ്ഞു നില്‍ക്കുന്ന താമരമൊട്ടുകള്‍ ഇപ്പോള്‍ വ്യക്തമായി കാണാം. അപ്പോള്‍ ഒരു കൂട്ടം ആളുകള്‍ തോണിയില്‍ അവിടേയ്‌ക്കെത്തി. അവര്‍ കുനിഞ്ഞ് അതിസൂക്ഷ്മതയോടെ താമരമൊട്ടുകള്‍ പറിയ്ക്കാന്‍ തുടങ്ങി. മുസ്ലീം മതവിശ്വാസികളായ അവര്‍ ആ താമരമൊട്ടുകള്‍ പറിയ്ക്കുന്നത് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളുടെ മുമ്പില്‍ പുഷ്പാഞ്ജലിയായി അര്‍പ്പിക്കാനാണ്. 

മലപ്പുറം ജില്ലയിലെ തിരുന്നാവായില്‍ താമരക്കായല്‍ എന്നറിയപ്പെടുന്ന എടക്കുളത്തിലെ ദൃശ്യമാണിത്. മുസ്ലീം ഗ്രാമമായ തിരുന്നാവായില്‍ ഏകദേശം 1500 ഏക്കര്‍ വരുന്ന ജലാശയങ്ങളില്‍ താമരപ്പൂക്കള്‍ ഉത്സവം തീര്‍ത്തിട്ടുണ്ട്. വലിയപരപ്പൂര്‍ കായല്‍, ചെറിയപരപ്പൂര്‍ കായല്‍, പല്ലാര്‍ കായല്‍, തുടങ്ങിയ പൊയ്കകളെല്ലാം താമരപ്പൂക്കള്‍ കയ്യേറിയിരിക്കുകയാണ്. 

50 വര്‍ഷത്തിലധികമായി തിരുന്നാവായിലെ മുസ്ലീംകള്‍ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ക്ഷേത്രങ്ങളിലേക്കായി താമര കൃഷി ചെയ്യുന്നു. തൃശ്ശൂര്‍, ഗുരുവായൂര്‍, ചെന്നൈ, ബെംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ ദൈവവിഗ്രഹങ്ങള്‍ ഈ മുസ്ലീംകള്‍ വളര്‍ത്തുന്ന താമരപ്പൂക്കളാലാണ് ആദരിക്കപ്പെടുന്നത്.

വിഗ്രഹങ്ങള്‍ക്കര്‍പ്പിക്കാനായി താമരക്കൃഷി ചെയ്യുന്നതിന് ക്ഷേത്രങ്ങളില്‍ നിന്നോ സ്വന്തം സമുദായത്തില്‍ നിന്നോ പോലും തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പും ഉണ്ടായിട്ടില്ലെന്ന് ഇവിടുത്തെ ഒരു താമരക്കര്‍ഷകനായ ചക്കാലിപ്പറമ്പില്‍ മുസ്തഫ പറയുന്നു. വലിപ്പത്തിനനുസരിച്ച് 2 മുതല്‍ 5 വരെ രൂപയ്ക്കാണ് ഓരോ താമരപ്പൂക്കളും വിറ്റുപോകുന്നതെന്ന് മറ്റൊരു കര്‍ഷകന്‍ അസ്ലം കാരക്കാടനും പറയുന്നു. കാരക്കാടന്റെ കുടുംബം 7000 മുതല്‍ 8000 വരെ താമരപ്പൂക്കള്‍ ഓരോ ദിവസവും കച്ചവടം ചെയ്യുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് മാത്രം ഒരു ദിവസം 400 താമരപ്പൂക്കള്‍ കൊടുക്കും. മറ്റ് വിളകളെ അപേക്ഷിച്ച് വരുമാനം വളരെ കുറവ് മാത്രം കിട്ടുന്ന ഒരു കൃഷിയാണിത്. എന്നിരുന്നാലും ഈ തൊഴിലിന്റെ മഹത്വം വളരെ വലുതാണെന്ന് ഈ മുസ്ലീം കര്‍ഷകര്‍ കരുതുന്നു.