• 01 Jun 2023
  • 05: 48 PM
Latest News arrow

രജിത് കുമാര്‍ കസ്റ്റഡിയില്‍: പിടികൂടിയത് ആറ്റിങ്ങലിലെ വീട്ടില്‍ നിന്നും

തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ രജിത് കുമാര്‍ കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്ന് തന്നെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറും. ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയില്‍ എത്തുമെന്നാണ് വിവരം. തുടര്‍ന്ന് ജാമ്യം ലഭിച്ചാല്‍ ഉടന്‍ ആറ്റിങ്ങലിലേക്ക് തന്നെ മടങ്ങും. 

സംഭവത്തില്‍ 13 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 75 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ അമ്പതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് രജിതിനെ സ്വീകരിക്കാന്‍ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവന്‍ ആളുകളെയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിയ്ക്ക് വന്ന മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സംഭവം നാടിന് മുഴുവന്‍ നാണക്കേടാണെന്നും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി. രാജ്യം മുഴുവന്‍ കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ചിലര്‍ ഇങ്ങനത്തെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ അപഹാസ്യകരമാണെന്നും മന്ത്രി പറഞ്ഞു.