• 06 Jul 2020
  • 12: 19 AM
Latest News arrow

കൊറോണയെ പേടിച്ച് മാസ്‌ക് ധരിക്കേണ്ടതുണ്ടോ? ധരിച്ചതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

കൊറോണ 19 രോഗബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലായി ജനങ്ങള്‍ മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്നത് സര്‍വ്വസാധാരണമാകുകയാണ്. മാസ്‌ക് ധരിച്ചാല്‍ കൊറോണ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ അത് ശരിയല്ലെന്നാണ് വാസ്തവം. 

കൊറോണ വൈറസ് ഒരിക്കലും വായുവില്‍ ഒഴുകി നടക്കുന്നില്ലെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഡോ. ഷണ്‍മെയ് യൂങ് പറയുന്നു. അതുകൊണ്ട് തന്നെ വായുവില്‍ ഇല്ലാത്ത ഒന്നില്‍ നിന്നും മാസ്‌ക് നിങ്ങളെ സംരക്ഷിക്കില്ല. പക്ഷേ വൈറസ് നിങ്ങളുടെ കൈകളിലുണ്ടാകാം. കാരണം വൈറസ് ഉള്ളയാളുമായി ഹസ്തദാനം നല്‍കുകയാണെങ്കില്‍ വൈറസ് നിങ്ങളുടെ കൈകളില്‍പ്പറ്റും. ആ കൈകള്‍ കൊണ്ട് നിങ്ങള്‍ എവിടെയെല്ലാം സ്പര്‍ശിക്കുന്നുവോ അവിടെയെല്ലാം വൈറസ് പരക്കും. 

''കൊറോണ വൈറസിനെ ഒരു മഹാമാരിയായി  പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തന്നെ പറയുന്നത് രോഗികളല്ലാത്തവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ്. രോഗികളും രോഗികളെ ശുശ്രൂഷിക്കുന്നവരും അടുത്തിടപഴകുന്നവരും മാസ്‌ക് ധരിക്കണം. അതല്ലാതെ നിങ്ങള്‍ ആളുകളുമായി അടുത്തിടപഴകാതിരിക്കുകയും അവര്‍ നിങ്ങളുടെ മേല്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യാതിരിക്കുകയും ചെയ്താല്‍ പിന്നെ നിങ്ങള്‍ക്ക് ഒരു ഫെയ്‌സ് മാസ്‌കിന്റെ ആവശ്യമില്ല.'' ഡോ. ഷണ്‍മെയ് യൂങ് പറയുന്നു.  

മ്യൂക്കസ് മെംബ്രയനുകളിലൂടെയാണ് വൈറസ് ഒരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. അതായത് കണ്ണുകള്‍, മൂക്ക്, വായ് തുടങ്ങിയവയിലൂടെ. വൈറസ് ബാധിതമായ കൈകള്‍ കൊണ്ട് കണ്ണുകൡലാ മൂക്കിലോ വായിലോ തൊടുകയാണെങ്കില്‍ വൈറസ് ശരീരത്തില്‍ പ്രവേശിക്കും. അല്ലെങ്കില്‍ വൈറസ് ബാധയുള്ള ഒരാള്‍ തുമ്മുമ്പോള്‍ അയാളില്‍ നിന്നും വായില്‍ കലരുന്ന വൈറസ് കലര്‍ന്ന ദ്രാവകത്തുള്ളികള്‍ മറ്റൊരാള്‍ അതേപടി ശ്വസിക്കുകയാണെങ്കിലും വൈറസ് ബാധയേല്‍ക്കാം. 

അതിനാല്‍ ഒരാള്‍ക്ക് വൈറസ് ബാധയേല്‍ക്കാതരിക്കാന്‍ ചെയ്യേണ്ടത് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വെള്ളത്തിലോ സോപ്പുപയോഗിച്ചോ കൈകള്‍ നല്ലപോലെ വൃത്തിയാക്കുക. വെള്ളവും സോപ്പും ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ ജെല്‍ ഉപയോഗിക്കാം. പുറത്തിറങ്ങുന്നയാളുകളാണ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. മറ്റുള്ളയാളുകള്‍ സ്പര്‍ശിക്കുന്നയിടങ്ങള്‍ സ്പര്‍ശിക്കേണ്ടി വരുന്നവരെല്ലാം കൈകളുടെ ശുചിത്വം പാലിക്കണം. 

'' നിങ്ങള്‍ ഒരു സ്ഥലത്ത് ചെല്ലുമ്പോള്‍ അവിടെയുള്ള എല്ലാവരും മാസ്‌ക് ധരിക്കുകയും നിങ്ങള്‍ ധരിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് തോന്നും രോഗം വരാന്‍ നിങ്ങള്‍ക്ക് അധിക സാധ്യതയുണ്ടെന്ന്. കാരണം മറ്റുള്ളവര്‍ക്കുള്ള സംരക്ഷണം എനിക്ക് കിട്ടുന്നില്ലല്ലോയെന്ന് നിങ്ങള്‍ വിചാരിക്കും. ഈ ഉള്‍ഭയമാണ് മാസ്‌ക് ധരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്.'' ഡോക്ടര്‍ ഷണ്‍മെയ് യൂങ് പറയുന്നു. 

നിരവധിയാളുകളാണ് ഇപ്പോള്‍ ഫെയ്‌സ് മാസ്‌ക് വാങ്ങിവെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. രോഗവുമായി സമ്പര്‍ക്കത്തില്‍ വരാത്തവര്‍ പോലും പേടിച്ച് മാസ്‌കുകള്‍ ഉപയോഗിക്കുന്നു. അതിനാല്‍ മാസ്‌ക് അത്യാവശ്യം വേണ്ടവര്‍ക്ക് അതായത് ആരോഗ്യപ്രവര്‍ത്തകര്‍, കൊറോണ രോഗ ലക്ഷണങ്ങളുള്ളവര്‍, രോഗികള്‍, അവരെ ശുശ്രൂഷിക്കുന്നവര്‍ എന്നിവര്‍ക്കൊന്നും മാസ്‌ക് കിട്ടാത്ത സാഹചര്യം വരികയാണ്. അതിനാല്‍ ഭയം മാറ്റി നിര്‍ത്തി വിവേകത്തോടെ കൊറോണയെ നേരിടുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്. 

 

Editors Choice