• 08 Apr 2020
  • 11: 06 AM
Latest News arrow

ഇടിഞ്ഞ്, പിന്നെ ഉയർന്ന് ചാഞ്ചാടി ഓഹരി വിപണി; രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 രൂപ

മുംബൈ: ലോകാരോഗ്യസംഘടന 'കൊവിഡ്-19' മഹാമാരിയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് കനത്ത ചാഞ്ചാട്ടത്തിലാണ് വിപണി.

ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത നഷ്ടത്തിനുശേഷം വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതും കനത്ത ഇടിവോടെ. സെന്‍സെക്‌സ് 30,000-ന് താഴെപ്പോയി. സെന്‍സെക്‌സ് 3,090 പോയന്റ് നഷ്ടത്തില്‍ 29,687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8,624ലുമെത്തി. കനത്ത ഇടിവിനെതുടര്‍ന്ന് 10.20 വരെ വ്യാപാരം നിര്‍ത്തി. ലോവര്‍ സര്‍ക്യൂട്ട് ഭേദിക്കുന്നത് 12 വര്‍ഷത്തിനിടെ ഇതാദ്യമാണ്.

വീണ്ടും വ്യാപാരം ആരംഭിച്ചപ്പോള്‍ 10.23ഓടെ സെന്‍സെക്‌സ് 1,493 നഷ്ടത്തില്‍ 31,284ൽ വ്യാപാരം തുടർന്നു. നിഫ്റ്റി 456 പോയന്റ് താഴ്ന്ന് 9,133ലുമെത്തി.

പിന്നീട് കനത്ത നഷ്ടത്തില്‍നിന്ന് പതിനൊന്നുമണിയോടെ ഓഹരി വിപണി തിരിച്ചുകയറി. സെന്‍സെക്‌സ് 143 പോയന്റും നിഫ്റ്റി 38 പോയന്റും നേട്ടത്തിലായി. ഇതോടെ നിഫ്റ്റി 9,600 നിലവാരത്തിന് മുകളിലെത്തുകയും ചെയ്തു.

11.45ഓടെ സെന്‍സെക്‌സ് വീണ്ടും 313 പോയന്റ് നഷ്ടത്തിലായി. നിഫ്റ്റിയാകട്ടെ 97 പോയന്റും താഴ്ന്നു. 

രണ്ടുമണിയോടെ 1,400 പോയന്റ് നേട്ടത്തില്‍ 34,177ലും നിഫ്റ്റി 403 പോയന്റ് ഉയര്‍ന്ന് 1,000 നിലവാരത്തിലും നിഫ്റ്റിയെത്തി. താഴ്ന്ന നിലവാരത്തില്‍നിന്ന് 5,000ത്തോളം പോയന്റാണ് സെന്‍സെക്‌സ് ഉയര്‍ന്നത്. നിഫ്റ്റിയാകട്ടെ 8555ല്‍നിന്ന് 1600 പോയന്റും കുതിച്ചു. 

കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ഗെയില്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

ഒരുമണിക്കുമുമ്പ് 10 ശതമാനം വ്യതിയാനം ഉണ്ടായാല്‍ 45 മിനുട്ട് വ്യാപാരം നിർത്തി വെയ്ക്കും. ഒരുമണിക്കും 2.30നുമിടയില്‍ 10 ശതമാനം വ്യതിയാനം ഉണ്ടായാല്‍ 15 മിനുട്ട്  നിർത്തി വെയ്ക്കും. ഒരുമണിക്കുമുമ്പ് 15 ശതമാനം വ്യതിയാനം ഉണ്ടായാല്‍ 1 മണിക്കൂര്‍ 45 മിനുട്ട്  നിർത്തി വെയ്ക്കും. ഒരുമണിക്കുശേഷം രണ്ടുമണിക്കുമുമ്പ് 15 ശതമാനം വ്യതിയാനം ഉണ്ടായാല്‍ 45 മിനുട്ട്  നിർത്തി വെയ്ക്കും. രണ്ടുമണിക്കോ അതിനുശേഷമോ 15 ശതമാനം വ്യതിയാനമുണ്ടായാല്‍ അന്ന് വ്യാപാരം നിര്‍ത്തിവെയ്ക്കും. 20 ശതമാനം വ്യതിയാനം ഉണ്ടായാല്‍ അന്ന് പിന്നെ വ്യാപാരം ഉണ്ടാവില്ല.

രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 രൂപ എന്ന  നിലവാരത്തിലേയ്ക്ക് താഴ്ന്നു.