• 18 Aug 2022
  • 02: 02 PM
Latest News arrow

''ആരോഗ്യമന്ത്രിയ്ക്ക് മീഡിയ മാനിയ; ദിവസവും നാല് വീതം വാര്‍ത്താസമ്മേളനമാണ് മന്ത്രി നടത്തുന്നത്''- രൂക്ഷവിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയയും ഇമേജ് ബില്‍ഡിങും അവസാനിപ്പിക്കണം. പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രിയുടെ ശ്രമം. എല്ലാ ദിവസവും നാല് വാര്‍ത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. 

എപ്പോഴും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാലും മതി. നിയമസഭയിലെ കാര്യങ്ങള്‍ തനിക്ക് അനുകൂലമായി മന്ത്രി പ്രചരിപ്പിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ സഭ നിര്‍ത്തിവെയ്ക്കുന്നതിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല. ഇത് അനാവശ്യ ഭീതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

ലോക്‌സഭയോ മറ്റ് സംസ്ഥാന നിയമസഭ സമ്മേളനങ്ങളോ കൊറോണ ഭീതിയുടെ പേരില്‍ നിര്‍ത്തിവെയ്ക്കുന്നില്ലല്ലോ. സര്‍ക്കാര്‍ നടപടികളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ. ഇതാണ് പ്രതിപക്ഷം കഴിഞ്ഞ ദിവസം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ വളരെ മോശമായ പ്രചാരണമാണ് നടത്തിയത്. ജനങ്ങള്‍ ഞങ്ങളോട് പറയുന്ന ആശങ്കകളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. സംസ്ഥാനത്തിന് ആവശ്യത്തിന് മാസ്‌ക്കുകളില്ല, വേണ്ടത്ര സൗകര്യങ്ങളിലില്ല, ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത നിലപാടുകളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. രോഗ പ്രതിരോധത്തില്‍ കൈമെയ് മറന്ന് ജനങ്ങളും സര്‍ക്കാരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമ്പോള്‍ അതിന് തുരങ്കം വെയ്ക്കുകയാണ് പ്രതിപക്ഷമെന്നായിരുന്നു അവര്‍ കുറ്റപ്പെടുത്തിയത്. അതിസാഹസികമായ നടപടികളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും  ജില്ലാ ഭരണാധികാരികളുമുള്‍പ്പെടെ രാത്രി പകലെന്യേ അത്യധ്വാനത്തിലാണ്. ഇതിനിടയിലാണ് കടമ മറന്നുള്ള പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും ആരോഗ്യമന്ത്രി ആരോപിച്ചിരുന്നു.