ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വില്‍സണും 'കൊവിഡ്-19'

ബ്രിസ്ബൻ (ഓസ്ട്രേലിയ): പ്രശസ്ത ഹോളിവുഡ് താരം ടോം ഹാങ്ക്സിനെയും ഭാര്യ റീത്ത വില്‍സനേയും 'കൊവിഡ്-19' പിടികൂടി. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറസ് ബാധയില്‍ നിരീക്ഷണത്തിലായിരുന്ന ഇരുവരുടെയും പരിശോധനാഫലം പോസിറ്റീവാണന്ന് വ്യാഴാഴ്ച രാവിലെയാണ് ഹാങ്ക്സ് ട്വീറ്റ് ചെയ്തത്.
ഓസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഗോൾഡ് കോസ്റ്റ് നഗരത്തിൽ വാര്‍ണര്‍ ബ്രദേഴ്സ് നിർമ്മിക്കുന്ന എൽവിസ് പ്രെസ്ലിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള പുതിയ സിനിമയിൽ അഭിനയിച്ചു വരുന്നതിനിടെയാണ് ഹാങ്ക്സിന് രോഗബാധ സ്ഥിരീകരിച്ചത്. ജലദോഷവും ചെറിയ പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരും ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ഹാങ്ക്സും ഭാര്യയും.
"ജലദോഷവും ശരീരവേദനയും ചെറിയ പനിയും ക്ഷീണവും ഉണ്ടായതിനെ തുടര്‍ന്നാണ് ചികിത്സക്കെത്തിയത്. ലോകത്തെല്ലായിടത്തും 'കൊവിഡ്-19' വ്യാപനവും ഭീഷണിയും നിലനില്‍ക്കുന്നതിനാലാണ് പരിശോധനയ്ക്ക് നിര്‍ദ്ദേശം ലഭിച്ചത്. പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആരാധകരുമായി പങ്ക് വെക്കും. എല്ലാവരും സ്വയം ജാഗരൂകരായിരിക്കുക "- ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ടോം ഹാങ്ക്സ് കുറിച്ചു.
'ഫിലാഡൽഫിയ', 'ഫോറസ്ററ് ഗംപ്' എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള ഓസ്കർ അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ താരവും സംവിധായകനുമാണ് ടോം ഹാങ്ക്സ്.
— Tom Hanks (@tomhanks) March 12, 2020