ട്രാന്‍സിനെയും കടത്തിവെട്ടി അന്തോണി അച്ചന്; കത്തോലിക്കാ സഭയുടെ കപടത പച്ചയായി പറഞ്ഞ വൈദികനെതിരെ സൈബര്‍ ആക്രമണം

സിഎംഐ സഭാംഗമായ അന്തോണി മത്തായി തളികസ്ഥാനം എന്ന അച്ചന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ധ്യാനകേന്ദ്രങ്ങളില്‍ നടക്കുന്ന കൊള്ളരുതായ്മകളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരി കൂടിയായ അന്തോണിയച്ചന്. കത്തോലിക്കാ സഭക്കാര് അത്ഭുതങ്ങളും രോഗശാന്തിയും ലഭിക്കുമെന്ന് പറഞ്ഞ് ആളെക്കൂട്ടി നടത്തുന്ന ധ്യാനപ്പരിപാടികളെ രൂക്ഷമായി വിമര്‍ശിച്ച 'ട്രാന്‍സ്' സിനിമ തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുമ്പോഴാണ് കത്തോലിക്കാ സഭയുടെ ധ്യാനപ്പരിപാടികളിലെ ചൂഷണങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഒരു കത്തോലിക്കാ സഭാ വൈദികന് തന്നെ രംഗത്ത് വരുന്നത്.
സ്വയം ത്യജിച്ചും മറ്റുള്ളവരെ ശുശ്രൂഷിക്കാന്‍ മനസ്സ് കാണിക്കുന്ന വ്യക്തിത്വങ്ങളാണ് തനിക്ക് അത്ഭുതമെന്ന് പറയുന്ന അന്തോണി അച്ചന് നമ്മുക്ക് ചുറ്റും നിത്യവും നടക്കുന്ന അത്ഭുതങ്ങള്‍ കാണാത്തവര്‍ക്ക് എങ്ങിനെ രോഗം മാറിയാല്‍ അത്ഭുതമായി തോന്നുമെന്ന് മനസ്സിലാകുന്നില്ലെന്ന് ആശ്ചര്യപ്പെടുന്നു.
ബ്രെയിന്‍ ട്യൂമര്‍ വന്ന ഒരു ചെറുപ്പക്കാരന്റെ കഥയും അച്ഛന് പറയുന്നു. ധ്യാനം കൂടി രോഗ ശാന്തി ലഭിച്ച് സകല സ്ഥലങ്ങളിലും പോയി സാക്ഷ്യം പറഞ്ഞ ചെറുപ്പക്കാരന് കുറേ മാസങ്ങള്‍ക്ക് ശേഷം വീണ്ടും പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്, അയാള്‍ക്ക് ഇനി അധികം ആയുസ്സില്ലെന്നാണ്. സ്വന്തം അനുഭവവും അച്ചന് വിവരിക്കുന്നു. ''ധ്യാനകേന്ദ്രത്തിലെ അരമണിക്കൂര്‍ വിയര്‍ത്തുകുളിച്ചുള്ള സ്തുതിപ്പിന് ശേഷം കുളിര് വന്നവരൊക്കെ കൈ പൊക്കാന്‍ പറഞ്ഞു. അപ്പോള്‍ പറയുവാ, പരിശുദ്ധാത്മാവ് വന്നതാണെന്ന്. എന്റെ അറിവില്‍ മാമോദീസായിലൂടെയാ ആദ്യമായി പരിശുദ്ധാത്മാവിന്റെ നിറവുണ്ടാകുന്നത്. പക്ഷേ ധ്യാനഗുരു പറയുവാ ഇപ്പോഴാ പരിശുദ്ധാത്മാവ് വന്നതെന്ന്. അപ്പോള്‍ അന്ന് വന്ന പുള്ളി ഇറങ്ങിപ്പോയോ...'' അച്ചന് ചോദിക്കുന്നു. ''ധ്യാനം കഴിഞ്ഞപ്പോള്‍ ഞാന്‍ ധ്യാനഗുരുവിനോട് പറഞ്ഞു, എന്റെ പൊന്നച്ചാ ഈ അനുഭവം എനിക്ക് ബാസ്കറ്റ് ബോള്‍ കളിച്ചപ്പോഴും ഉണ്ടായിട്ടുണ്ടെന്ന്.''
ബഹളങ്ങളിലും ആരവങ്ങളിലും ഒച്ചപ്പാടുകളിലും ദൈവത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് സഭയിലെ പുരോഹിതന്മാരും ദൈവജനവുമെന്ന് അന്തോണിയച്ചന് ആരോപിക്കുന്നു. ''കര്‍ത്താവീശോമിശിഹാ താന്‍ പരസ്യ ജീവിതം നയിച്ച ഒരിടത്തും ഇതുപോലൊരു പ്രവര്‍ത്തി ചെയ്തതായി കണ്ടിട്ടില്ല.
ബൈബിളില്‍ മരിച്ചുപോയ ലാസറിനെ കര്‍ത്താവീശോമിശിഹാ ഉയര്പ്പിക്കുന്നുണ്ട്. അവിടുന്ന് ആ സിമിത്തേരിയുടെ മുമ്പില്‍ വന്നിട്ട് ആ കല്ലൊക്കെ ഒന്ന് എടുത്ത് മാറ്റെടാ ഉവ്വേ, ലാസറേ ഇങ്ങ് പുറത്തേയ്ക്ക് വാടാ ഉവ്വേ എന്ന് ഉറക്കെയങ്ങ് പറഞ്ഞു. അവന് ഇറങ്ങി വന്നു. അവിടെ ആളെക്കൂട്ടി ബഹളം വെച്ചതായൊന്നും പറയുന്നില്ല. എല്ലാവരും വന്നേ, കണ്ണുകളടച്ചേ, ദൈവത്തെ സ്തുതിച്ചേ, ഇപ്പൊത്തന്നെ ലാസര്‍ പുറത്തുവരും എന്നൊന്നും പറഞ്ഞില്ല. പുള്ളിക്കാരന് 50,000 ഹേര്‍ട്സിന്റെ മൈക്ക് സെറ്റൊന്നും കൊണ്ടുവന്ന് വെച്ച് ബഹളം വെച്ചതായും പറയുന്നില്ല. പിന്നെ എവിടെ നിന്ന് വന്നു ഈ ചിന്താഗതികള്‍.. പിന്നെ ബഹളം വെച്ച് ഒച്ചവെച്ച് നാവ് കുഴഞ്ഞുപോയപ്പോള് ഭാഷാവരം കിട്ടിയെന്ന്.''
''ഇതൊരു തരത്തിലുള്ള സൈക്കോളജിക്കല്‍ സാറ്റിസ്ഫാക്ഷന് അല്ലെങ്കില്‍ ശാരീരിക സുഖം തേടുകയാണ്. 'പുലിമുരുകന്' സിനിമ മ്യൂട്ട് ചെയ്ത് ഒന്ന് കണ്ട് നോക്കൂ.. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഫീലും തോന്നില്ല. പിന്നെ ശബ്ദം വെച്ചും കണ്ടു നോക്കുക. അപ്പോള്‍ സ്പെഷ്യല്‍ ഇഫക്ടാണ്. എന്തോ വലിയ സംഭവം നടക്കുന്നത് പോലെ തോന്നും. ഇതാണ് ശബ്ദത്തിന്റെ പ്രത്യേകത. ഇതുകൊണ്ടാണ് നമ്മള് നമ്മളറിയാതെ ഈ ബഹളത്തിന്റെയും ഒച്ചപ്പാടിന്റെയും ചാടിമറിയലിന്റെയും കയ്യടിക്കുന്നതിന്റെയുമൊക്കെ പിന്നാലെ പായുന്നത്.''
'' ഈ തുള്ളിച്ചാട്ടമൊക്കെ നോര്‍ത്ത് ഇന്ത്യയില്‍ പോയാല്‍ വിജയിക്കില്ല. അവരൊക്കെ ഏതൊരു ചടങ്ങിനും ഡാന്‍സ് കളിക്കുന്നവരാ. ഇവിടുത്തെ അമ്മച്ചിമാര്‍ക്കും അച്ചായന്മാര്ക്കും തുള്ളിച്ചാടാന്‍ കിട്ടുന്ന അവസരം ആകെപ്പാടെ വല്ല ധ്യാനത്തിനും പോകുമ്പോഴാ... അപ്പോള്‍ അവര്‍ക്ക് അതൊക്കെ വലിയ സംഭവമായിട്ട് തോന്നും. ഇച്ചിരി തുള്ളിച്ചാടിക്കഴിഞ്ഞിട്ട് ഒന്നിരിക്കുമ്പോള്‍ അവര്‍ക്ക് തോന്നും, ഹാ ഒരു സുഖം, നടുവേദനയൊക്കെ മാറിയിരിക്കുന്നു. ഒരു മാസം കഴിയുമ്പോള്‍ വീണ്ടും നടുവേദന, പിന്നെ മിണ്ടാന്‍ പറ്റുമോ സാക്ഷ്യം പറഞ്ഞുപോയില്ലേ...''
'' കുറേ രക്ഷകരായിട്ടുള്ള ധ്യാനഗുരുക്കന്മാരുണ്ട്. അവരുടെ അടുത്തേയ്ക്ക് ആളുകള്‍ ഓടിക്കൂടുകയാ... അവരിപ്പോള്‍ ഏതാണ്ട് സെലിബ്രിറ്റികളെപ്പോലെയായിട്ടുണ്ട്. ഇടവകാ ധ്യാനം എന്നാ പേര്, എന്നാല്‍ ഇടവകയില്‍ മാത്രമല്ലേ, ഫൊറോനയിലുള്ള എല്ലാ ഇടവകളിലും കൊണ്ടുപോയി അവരുടെ ഫ്ളക്സ് വെയ്ക്കും. അവര്‍ വന്നാലേ അത്ഭുതം നടക്കുകയുള്ളൂ. ചൊക്കടാ അച്ചന്മാരെ വിളിച്ചിട്ടൊന്നും കാര്യമില്ല. അട്ടപ്പാടിയില്‍ നിന്നും കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഇപ്പോ തിരുവനന്തപുരത്ത് നിന്നും ഒരാളിറങ്ങിയിട്ടുണ്ട്... അവരൊക്കെ വന്നാലേ അത്ഭുതം നടക്കുകയുള്ളൂ. കര്‍ത്താവിന്റെ പിന്നാലെ ജനക്കൂട്ടം വന്നപ്പോള്‍ അവന് അവിടെ നിന്നും ഓടി മാറിയെന്നാ ബൈബിളില്‍ പറയുന്നത്. ധ്യാനഗുരുക്കന്മാര് ധ്യാനിപ്പിക്കാനായിട്ട് വരുന്നത് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ സിനിമയില്‍ എന്‍ട്രി നടത്തുന്നത് പോലെയായാ.. വലിയ കാതടപ്പിക്കുന്ന മ്യൂസിക്കിന്റെയൊക്കെ അകമ്പടിയോടെ.. കര്‍ത്താവീശോമിശിഹാ ഉയര്‍ത്തപ്പോള്‍ ആരെങ്കിലും ഇതുപോലെ മ്യൂസിക്ക് ഇട്ടുകൊടുത്തായിരുന്നോ...?
നിങ്ങള്‍ അറിയാതെ നിങ്ങളെ അവര്‍ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്യുകയാണെന്ന് അന്തോണി അച്ചന് ഓര്‍മ്മിപ്പിക്കുന്നു. '' നിങ്ങളുടെ പരാജയങ്ങളെയും വിഷമങ്ങളെയും ചൂഷണം ചെയ്യുമ്പോള്‍ അവരുടെ കീശയില്‍ പൈസ കേറുകയാണ്. ആള് കൂടുന്നതനുസരിച്ച് പൈസ കൂടുകയാണ്. നിങ്ങള്‍ വഞ്ചിതരാകരുത്, ഇശോമിശിഹാ ഇമ്മാതിരി എന്തെങ്കിലും ചെയ്തതായിട്ട് സുവിശേഷത്തില്‍ പറയുന്നില്ല.''
'' ഏതെങ്കിലും ഒരു പള്ളിയില്‍ പെരുന്നാള്‍ വന്നാല്‍ ലോക്കല്‍ ചാനലുകള്‍ വെയ്ക്കാന്‍ പറ്റില്ല. മുഴുവന്‍ സമയവും അതില്‍ എഴുതി കാണിച്ചുകൊണ്ടിരിക്കുവാ... ഇപ്പോള്‍ ഇന്നയാള് കുര്‍ബാന ചൊല്ലിക്കൊണ്ടിരിക്കുന്നു. ഇന്ന് ഇത്രയധികം ആളുകള്‍ വന്നിട്ടുണ്ട്. നാളത്തെ കുര്‍ബാന ചൊല്ലുന്നത് ഇന്നയാളാണ്. ഇതെല്ലാം പറഞ്ഞ് ആകര്‍ഷിക്കുകയാണ്. മാതാവിന്റെ പള്ളിയില്‍ സെബസ്ത്യാനോസ് പുണ്യാളന് കാശുവാരുകയാ. ഭയങ്കര മാര്‍ക്കറ്റിങ്... കര്‍ത്താവീശോമിശിഹായെ വിറ്റ് കാശാക്കുന്നവരായി നമ്മള് അധ:പതിച്ചു.''
'' നമ്മളെപ്പറ്റി പറയും... '' പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു സമൂഹമായി ക്രിസ്ത്യാനികള്‍ മാറിയിരിക്കുന്നു. അവര്‍ക്ക് ഐക്യമില്ല'' എന്ന്. എന്തിന്റെ ഐക്യത്തിന്റെ കാര്യമാണ് പറയുന്നത്. നാട്ടുകാര്‍ നമ്മളെപ്പറ്റി മോശം പറയുമ്പോഴാണോ നമ്മള് ഐക്യത്തില്‍ നില്‍ക്കണമെന്ന് പറയുന്നത്. ആളുകള്‍ മോശം പറയട്ടേന്നേ... ആളുകള്‍ തെറി വിളിക്കട്ടേന്നേ... പണ്ട് ആദിമസഭയിലെ അംഗങ്ങള്‍ ഗുഹയില്‍ പ്രാര്‍ത്ഥനാക്കൂട്ടായ്മ നടത്തിയപ്പോള്‍ അവര്‍ അവിടെ കുഞ്ഞുങ്ങളെ കൊന്നുതിന്നുകയാണെന്നും അവിഹിത വേഴ്ച നടത്തുകയാണെന്നുമാ ആളുകള്‍ ആരോപിച്ചേ.. അച്ചന്മാരെയും സിസ്റ്റര്‍മാരെയും ആരെങ്കിലും കുറ്റം പറഞ്ഞാല്‍, പാപികളാണെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ സംഘടിക്കാന്‍ ഇറങ്ങിത്തിരിക്കുവാ... സഭ പാപികളുടേതാ... യേശുക്രിസ്തു തന്റെ പരസ്യജീവിതത്തില് മുഴുവന്‍ പാപികളുടെയും വേശ്യകളുടെയും ചുങ്കക്കാരുടെയും ഒപ്പമായിരുന്നു.''
'' ഡാവിഞ്ചിയുടെ പടത്തില്‍ യേശുവിനെ മോശമാക്കി കാണിച്ചുവെന്ന് പറഞ്ഞ് ബഹളം.. അയാള്‍ ഏതോ മോഡലിനെ വെച്ചുവെന്ന്. കര്‍ത്താവീശോമിശിഹാ ഇങ്ങിനെയാണെന്ന് നിങ്ങളോടാരാ പറഞ്ഞേ, എല്ലാവരുടെയും വീട്ടില്‍ ഈ പടമുണ്ട്. ഈ പടത്തിലാണ് ഇവരുടെ ആശ്രയം. ഈ പടത്തിലുള്ളതാ ഈശോയെന്നാ വിചാരം.''
'' നാവില്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ വലിയ അനുഭവമാണത്രെ, ദിവ്യകാരുണ്യം എഴുന്നെള്ളിച്ച് വെച്ച് അതില്‍ നോക്കിയിരിക്കുമ്പോള്‍ നമ്മുടെ ആളുകള്‍ക്ക് കിട്ടുന്നതെന്ന്... സ്വയം പ്രകാശിക്കുന്ന തീക്കട്ടയായ ദിവ്യകാരണ്യത്തിന്റെ പിറകില്‍ സ്പെഷ്യല്‍ ഇഫക്ടസ് കിട്ടാന്‍ ലൈറ്റ് ഒക്കെ തെളിച്ച് വെച്ചിരിക്കുകയാ.. ശാലോം ടിവിയില്‍ അരുളിക്കാ എഴുന്നെള്ളിച്ചുവെച്ചതിന്റെ ദൃശ്യം കാണിച്ചപ്പോള്‍ ഒരമ്മച്ചി ഓടിച്ചെന്ന് തൊട്ടിട്ട്.... എന്റെ ഈശോയേന്ന്... ഇതൊക്കെ എന്നാ വിശ്വാസമാ... എല്‍കെജി പഠിക്കുന്ന കുട്ടിയെപ്പോലെയാകരുത് വലുതാകുമ്പോഴും''
'' ഇപ്പോഴിതാ കൃപാസനം എന്ന് പറഞ്ഞ് വന്നിരിക്കുന്നു. ഉടമ്പടിയെടുക്കുവാ.. എന്റെ പൊന്ന് സഹോദരങ്ങളേ നിങ്ങള്‍ ഉടമ്പടി എടുത്തത് മാമോദീസായിലാ.. ഇനി അതിന്റെ മുകളില്‍ കയറി എന്ത് ഉടമ്പടിയുടെ കാര്യമാ നിങ്ങള്‍ ഈ പറയുന്നത്. അത് കഴിഞ്ഞ് ആ പത്രവും കൂടി കക്ഷത്തില്‍ വെച്ചുകൊണ്ട് വന്നാ മതി, ഭയങ്കര അത്ഭുതങ്ങളാ...''
'' കൗണ്‍സിലിങ്ങിന്റെ പേരിലും ആളുകളെ ചൂഷണം ചെയ്യുകയാണ്. ചൂല് കണ്ടു, കട്ടന്‍കാപ്പി കണ്ടു, ഫാന്‍ കണ്ടു... ലേസര്‍ സ്ക്രീനിലെ പോലെ എല്ലാം അവരുടെ മുമ്പില്‍ തെളിഞ്ഞുവരികയാ... കൊച്ചുപിള്ളേരോട് ചോദിക്കുന്ന ചോദ്യമാ കൂട്ടുകാരുണ്ടോന്ന്... പെണ്ണുങ്ങളുമായിട്ടുള്ള ബന്ധം എടുത്ത് ചോദിക്കും.. ഉണ്ടെന്നുങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു..ഉടനെ ശരീരം നശിപ്പിച്ചിരിക്കുന്നു, മ്ലേച്ഛമാക്കിയിരിക്കുന്നു എന്നൊക്കെയായിരിക്കും പറയുക. പിന്നെ ആ കൊച്ചന് ജീവിതകാലം മുഴുവന്‍ വട്ടനായി നടക്കും. ഏതെങ്കിലും പെണ്ണ് കയില് പിടിച്ചാല്‍,, അയ്യോ വീണ്ടും ശരീരം മുഴുവന്‍ നശിച്ചു. ഒരപ്പന് മകളെ തൊടാന്‍ പറ്റാത്ത സ്ഥിതി... അപ്പന് തലോടിയാല്‍ കൊച്ചിന്റെ മനസ്സില്‍ മറ്റേ ചിന്ത വരുന്ന രീതിയില്‍ അവരുടെ മനസ്സിനെ മാറ്റിയെടുത്തു..''
'' ആഴ്ചയിലാഴ്ചയില് കെട്ടുകണക്കിന് പ്രാര്‍ത്ഥനാ പുസ്തകങ്ങളാ ഓരോ ധ്യാന കേന്ദ്രത്തില്‍ നിന്നും ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അതിലൊന്നാ ഗര്‍ഭമുണ്ടാകാനുള്ള പ്രാര്‍ത്ഥന. അതു പ്രാര്‍ത്ഥിച്ച് ഗര്ഭമുണ്ടാകുമെങ്കില് പിന്നെ അമ്മച്ചിമാരും അപ്പച്ഛന്മാരുമൊക്കെ ഇത്ര കഷ്ടപ്പെടണമായിരുന്നോ..''
'' പിന്നെ വിശുദ്ധന്മാരെ മുഴുവന്‍ ദൈവമാക്കി വെയ്ക്കുകയാണ്. മറ്റ് മതങ്ങള്‍ക്കൊക്കെ മുപ്പത്തിമുക്കോടി ദൈവമുണ്ടല്ലോ.. ആ ഗ്യാപ്പ് നമ്മളും ഫില്ല് ചെയ്യുകയാണ്. സഭയിന്ന് അന്ധവിശ്വാസത്തിലേക്ക് പോയിരിക്കുവാ, വൈദികരുള്‍പ്പെടെ അതിന് കൂട്ടുനില്ക്കുവാ...''
വീട് സന്ദര്‍ശനത്തിന് ചെല്ലുന്ന അച്ഛന്മാര് ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ സുഖിപ്പിക്കുന്ന പ്രാര്‍ത്ഥനയാണെന്നും വീടുകളുടെ വലിപ്പം കണ്ടും കാറുകളുടെ എണ്ണം കണ്ടുമാണ് അച്ഛന്മാര് ദൈവാനുഗ്രം നിശ്ചയിക്കുന്നതെന്നും വരെ അന്തോണിയച്ഛന് കുറ്റപ്പെടുത്തുന്നു. എന്തായാലും അച്ചന്റെ പ്രസംഗത്തിനെതിരെ രണ്ട് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഒരു വിഭാഗം അച്ചനെതിരെ സൈബര്‍ അറ്റാക്ക് വരെ നടത്തുമ്പോള്‍ സത്യം തുറന്നു പറയാന്‍ ഒരച്ചനെങ്കിലും തയ്യാറായല്ലോ എന്ന് ആശ്വസിക്കുകയാണ് മറ്റൊരു വിഭാഗം.