ഫെബ്രുവരി ഒന്നിന് ശേഷം കൊവിഡ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്ക് ഇന്ത്യയില്‍ വിലക്ക്; വിദേശ യാത്രാക്കപ്പലുകള്‍ക്കും നിയന്ത്രണം

ന്യൂഡല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങള്‍ ഫെബ്രുവരി ഒന്നിന് ശേഷം സന്ദര്‍ശിച്ചവര്‍ ഇന്ത്യയില്‍ പ്രവേശിക്കരുതെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ മുന്നറിയിപ്പ്. കൊവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിദേശികള്‍ക്കാണ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലുള്ള വിദേശികള്‍ വിസയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അടുത്തുള്ള എഫ്ആര്എഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ അറിയിച്ചു.
കൊവിഡ് 19 പടരുന്നത് തടയാന്‍ വിദേശ യാത്രാക്കപ്പലുകള്‍ക്കും ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന് പ്രകാരം ജനുവരി ഒന്നിന് മുമ്പ് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ചോദിച്ച കപ്പലുകളെ മാത്രമേ തുറമുഖങ്ങലിലേക്ക് അടുപ്പിക്കാന്‍ അനുവദിക്കൂ. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ കയറിയ യാത്രക്കാര്‍ ആരെങ്കിലും കപ്പലുകളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യയിലെ ഒരു തുറമുഖങ്ങളിലും മാര്‍ച്ച് 31 വരെ പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല.
കപ്പലുകളിലെ യാത്രക്കാര്‍ക്കും അതിലെ ജീവനക്കാര്‍ക്കും തെര്‍മല്‍ സ്കാനിങ് സൗകര്യമുള്ള തുറമുഖങ്ങളില്‍ക്കൂടി മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടാകൂ. യാത്രക്കാരിലോ ജീവനക്കാരിലോ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആര്‍ക്കും തുറമുഖത്ത് ഇറങ്ങാന്‍ അനുവാദമുണ്ടാകില്ല. എല്ലാ യാത്രക്കാരെയും കപ്പലില്‍ തന്നെ ക്വാറന്റൈന് ചെയ്യും.
കപ്പലിലെ ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ തുറമുഖത്ത് സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. കപ്പലിനോട് ഇന്ത്യയില്‍ നിന്ന് പോകാനും ആവശ്യപ്പെടും.