'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' തിയേറ്ററുകളിലേക്ക്; വൻ ഹിറ്റായി ട്രെയിലർ

മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലൊരുക്കിയ 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' എന്ന ചലച്ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്. അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഹിന്ദിയില്‍ അക്ഷയ് കുമാറും തമിഴില്‍ സൂര്യയും കന്നഡയില്‍ യഷും തെലുങ്കില്‍ ചിരഞ്ജീവിയും രാംചരണുമാണ് ഒരുമിച്ച് റിലീസ് ചെയ്തത്.
സൂപ്പര്‍താരങ്ങളായ അക്ഷയ് കുമാര്‍, സൂര്യ, രാംചരണ്‍, യഷ്, രക്ഷിത് ഷെട്ടി, മഹേഷ് ബാബു, നാഗാര്‍ജുന, ചിരഞ്ജീവി, ശില്‍പ്പ ഷെട്ടി തുടങ്ങിയവരെല്ലാം ട്രെയിലർ പങ്കുവെച്ചിട്ടുണ്ട്. എറ്റവുമൊടുവിലായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്രെയിലര്‍ കണ്ടതിന് പിന്നാലെ മോഹന്‍ലാലിനോടുളള ആരാധന വര്‍ധിക്കുന്നു എന്ന് അമിതാഭ് ബച്ചന് ട്വീറ്റ് ചെയ്തു.
പറങ്കികള്‍ക്കെതിരെയുള്ള കുഞ്ഞാലി മരക്കാരുടെ യുദ്ധവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഞ്ജു വാര്യരാണ് നായിക. അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിര സിനിമയില്‍ അഭിനയിക്കുന്നു.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 100 കോടി രൂപ ബഡ്ജറ്റിലാണ് സിനിമ എടുത്തിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും സിജെ റോയിയും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാര്‍ച്ച് 26-നാണ് 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം' തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.