• 27 May 2020
  • 07: 08 AM
Latest News arrow

അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു; 29 വര്‍ഷത്തിനിടയിലെ വൻ വിലയിടിവ്

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞു. അസംസ്‌കൃത ക്രൂഡ് വില 31.5ശതമാനം (14.25 ഡോളര്‍) ഇടിഞ്ഞ് ബാരലിന് 31.02 ഡോളര്‍ എന്ന നിലവാരത്തിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില 11.28 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള പോരിനിടയിൽ സൗദി എണ്ണവിലയിൽ വന്‍ കുറവ് വരുത്തിയതാണ് ആഗോള വിപണിയില്‍ വിലയിടിയാന്‍ കാരണം. വില പിടിച്ചു നിര്‍ത്താന്‍ ഒരുമിച്ച് നില്‍ക്കണമെന്ന ഒപെക് രാജ്യങ്ങളുടെ അഭ്യര്‍ഥന റഷ്യ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് റഷ്യയെ പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി വില കുത്തനെ കുറച്ചത്.

1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്. 1991-ലെ ഗള്‍ഫ് യുദ്ധകാലത്താണ് ഇത്രയും തകര്‍ച്ച എണ്ണ വിപണിയില്‍ ഇതിന് മുമ്പുണ്ടായത്.

കൊറോണ വൈറസ് പടര്‍ന്നത് മൂലം വിപണിയില്‍ എണ്ണയുടെ ആവശ്യം തീരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നായിരുന്നു ഒപെക് രാജ്യങ്ങളുടെ ആവശ്യം. എന്നാൽ റഷ്യ ഇത് നിരസിക്കുകയായിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഒപെക് കൂട്ടായ്മയിലെ പ്രധാനിയായ  സൗദി. എന്നാല്‍ ഒപെകില്‍ അംഗങ്ങളല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. ലോകത്ത് കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം റഷ്യയാണ്.

ഇന്ത്യന്‍ വിപണിയിലും എണ്ണ വില കുറഞ്ഞു. ഇന്ത്യയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കുറയുന്നത്.

കൊച്ചിയില്‍ പെട്രോളിന് 72.73 രൂപയാണ്. ഡീസല്‍ ലിറ്ററിന് 66.92 രൂപയാണ് വില. രണ്ടാഴ്ചക്കിടെ പെട്രോളിനും ഡീസലിനും ഒന്നര രൂപയുടെ കുറവ് വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 74 രൂപയും ഡീസലിന് 68 രൂപയുമാണ് വില. കോഴിക്കോട് 73, 67 എന്ന നിരക്കിലാണ് വില്‍ക്കുന്നത്. വില കുറയുന്നതോടെ ഇന്ത്യയില്‍ അവശ്യ സാധനങ്ങള്‍ക്കും വില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

Editors Choice