• 27 May 2020
  • 07: 04 AM
Latest News arrow

കുളിക്കാനിറക്കിയ ആന തിരിച്ചുകയറിയില്ല; തിടമ്പേറ്റാന്‍ ഉത്സവക്കമ്മറ്റിക്കാര്‍ കണ്ടെത്തിയ മാര്‍ഗം കണ്ട് പൊട്ടിച്ചിരിച്ച് ജനം

തൃശൂര്‍: പീച്ചി തുണ്ടത്ത് ദുര്‍ഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം, ഒരു ആനയുടെ 'ഉത്തരവാദിത്വമില്ലായ്മ' മൂലം കാണികള്‍ക്ക് ചിരി പടര്‍ത്തുന്ന അനുഭവമായി. പുണര്‍തം ഉത്സവത്തിനോട് അനുബന്ധിച്ച് തിടമ്പേറ്റാന്‍ നിശ്ചയിച്ച ആനകളില്‍ ഒന്നായ ചോപ്പീസ് കുട്ടിശങ്കരനാണ് പാപ്പാനടക്കമുള്ളവര്‍ക്ക് നല്ല പണി കൊടുത്തത്. 

ഉത്സവത്തിന് കൊണ്ടുപോകുന്നതിന് മുന്നോടിയായി കുളിപ്പിക്കാന്‍ പൊടിപ്പാറയിലെ ഇടതുകര കനാലില്‍ കുട്ടിശങ്കരനെ ഇറക്കിയപ്പോഴാണ് സംഭവം. വെയിലിലും ചൂടിലും അസ്വസ്ഥതപ്പെട്ട് നില്‍ക്കുകയായിരുന്ന കുട്ടിശങ്കരന് ഈ കുളി അനുഗ്രഹമായിരുന്നു. അതിനാല്‍ വെള്ളത്തിലിറങ്ങിയ ആന തിരിച്ചുകയറാന്‍ കൂട്ടാക്കിയില്ല. വെള്ളത്തിന്റെ കുളിരില്‍ സുഖിച്ചു രസിച്ച് കിടന്ന കുട്ടിശങ്കരനെ തിരിച്ചു കയറ്റാന്‍ പാപ്പാന്‍ ആവുന്നത്ര ശ്രമിച്ചു. പക്ഷേ ആനയുണ്ടോ അനങ്ങുന്നു. കയര്‍ ബന്ധിച്ച് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമവും വിഫലമായി. 

ഇതോടെ ഉത്സവത്തിന് തിടമ്പേറ്റാന്‍ മറ്റു വഴികള്‍ കാണാതെ വന്ന ഉത്സവക്കമ്മിറ്റിക്കാര്‍ ഒമിനി വാനെ ആനയായി സങ്കല്‍പ്പിച്ചു. നെറ്റിപ്പട്ടം ചാര്‍ത്തി മറ്റാനകളോടൊപ്പം ഒമിനി വാനും ഭഗവതിയുടെ തിടമ്പേറ്റി ഗാംഭീര്യത്തോടെ നിന്നു. ആ കാഴ്ച കണ്ടവരെല്ലാം പൊട്ടിച്ചിരിച്ചുകൊണ്ടാണ് മടങ്ങിയത്.

എന്തായാലും രാവിലെ ഒമ്പത് മണിക്ക് കുളിക്കാനിറക്കിയ കുട്ടിശങ്കരന്‍ ഒരു മണിയോടെ കരയ്ക്ക് കയറി. പക്ഷേ ആനയുടെ ഉത്തരവാദിത്വക്കുറവിന് വനംവകുപ്പ് നല്ല ശിക്ഷ കൊടുത്തിട്ടുണ്ട്. ആനയെ ഇനി ഉത്സവത്തിന് എഴുന്നള്ളിക്കാന്‍ പാടില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. 

Editors Choice