• 08 Apr 2020
  • 11: 29 AM
Latest News arrow

നിരാശ, കണ്ണുനീര്‍: കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടമായി; ഓസിസ് ചാമ്പ്യന്മാര്‍

മെല്‍ബണ്‍: ഇന്ത്യയ്ക്ക് കന്നി വനിതാ ട്വന്റി 20 ലോകകപ്പ് നഷ്ടമായി. ഫൈനലില്‍ കളംനിറഞ്ഞാടിയ ഓസ്‌ട്രേലിയ 85 റണ്‍സിന് ഇന്ത്യയെ തകര്‍ത്തു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ അഞ്ചാം ട്വന്റി 20 ലോകകപ്പില്‍ മുത്തമിട്ടു. 

ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യയുടെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായതോടെ ടീമിന്റെ വേരിളകി. പിന്നീട് തുടരെ തുടരെ ഇന്ത്യയ്ക്ക് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. താനിയ ഭാട്ടിയയ്ക്ക് പരിക്കേറ്റ് മടങ്ങേണ്ടി വന്നതും തിരിച്ചടിയായി. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (33), റിച്ച ഘോഷ് (18), വേദ കൃഷ്ണമൂര്‍ത്തി (19) എന്നിവരാണ് മറ്റുള്ളവരെക്കാള്‍ സ്‌കോര്‍ ചെയ്ത താരങ്ങള്‍. ഓസ്‌ട്രേലിയയ്ക്കായി മേഗന്‍ ഷുട്ട് നാല് വിക്കറ്റും ജെസ്സ് ജൊനാസ്സന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസിസ് അലീസ ഹീലിയുടെയും ബെത്ത് മൂണിയുടെയും ബാറ്റിങ് മികവിലാണ് മുന്നേറിയത്. ഹീലി 39 പന്തില്‍ നിന്നും അഞ്ച് സിക്‌സും ഏഴ് ഫോറുമടക്കം 75 റണ്‍സെടുത്ത് പുറത്തായി.  മൂണിയാകട്ടെ 54 പന്തില്‍ നിന്നും 10 ഫോറുകളുള്‍പ്പെടെ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് ഓസീസ് താരങ്ങള്‍ അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.