• 18 Aug 2022
  • 02: 50 PM
Latest News arrow

'കൊവിഡ്19': രോഗം പടരുന്നത് നിയന്ത്രിക്കാൻ ഹസ്തദാനം ഒഴിവാക്കി ഇന്ത്യക്കാരുടെ കൂപ്പുകൈ സ്വീകരിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

ജെറുസലേം: 'കൊവിഡ്19' പടരുന്നത് നിയന്ത്രിക്കാൻ ആളുകളെ സ്വീകരിക്കുമ്പോൾ ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടു. ഹസ്തദാനത്തിന് പകരം ഇന്ത്യക്കാർ ചെയ്യുന്നതുപോലെ കൂപ്പുകൈകളോടെ ആളുകളെ സ്വീകരിക്കണമെന്നാണ് നെതന്യാഹു അഭിപ്രായപ്പെട്ടത്.

ഹസ്തദാനം നല്‍കാതിരിക്കാന്‍ എപ്പോഴും  ശ്രദ്ധിക്കണമെന്നും കൈകള്‍ കൂപ്പി 'നമസ്‌തേ' എന്നോ ജൂതന്മാർ പരസ്പരം അഭിവാദ്യം ചെയ്യുന്നതുപോലെ 'ശാലോം' എന്നോ പറയാമെന്നും അദ്ദേഹം ഉപദേശിച്ചു.   'കൊവിഡ്19' ലോകമാകെ പടരുന്ന സാഹചര്യത്തില്‍ നടത്തിയ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇന്ത്യക്കാരെപ്പോലെ കൈകൾ കൂപ്പി പരസ്പരം അഭിവാദ്യം ചെയ്യാന്‍ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് നെതന്യാഹു വ്യക്തമാക്കി. 15 പേർക്കാണ് ഇസ്രയേലില്‍ 'കൊവിഡ്19'  ബാധിച്ചിട്ടുള്ളതായി തെളിഞ്ഞിട്ടുള്ളത്. 7,000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇസ്രായേലില്‍ 5,000 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക്‌  വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.