''ജോസഫും ട്രാന്‍സും കണ്ട് പലര്‍ക്കും ജീവഹാനിയും ചികിത്സാ ബുദ്ധിമുട്ടുകളുമുണ്ടായി''- നടപടി വേണമെന്ന് ഐഎംഎ

തിരുവനന്തപുരം: അടുത്ത കാലത്ത് പുറത്തിറങ്ങിയ പല സിനിമകളിലും ചികിത്സ സംബന്ധിച്ച് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന ആരോപണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ശാസ്ത്രീയമായ അടിത്തറയില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത് മൂലം പലര്‍ക്കും ജീവഹാനിയും ചികിത്സാ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ടെന്ന് ഐഎംഎ ആരോപിച്ചു. അതിനാല്‍ സിനിമകള്‍ സര്‍ട്ടിഫൈ ചെയ്യുന്നതിന് മുമ്പ് ചികിത്സ സംബന്ധിച്ച് സിനിമയിലുള്ള രംഗങ്ങളില്‍ മെഡിക്കല്‍ ഉപദേശക സമിതിയുടെ അഭിപ്രായം തേടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇതിനായി മെഡിക്കല്‍ ഉപദേശക സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും ചലച്ചിത്ര വകുപ്പ് മന്ത്രിയ്ക്കും ഐഎംഎ കത്ത് നല്കി.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇറങ്ങിയ ജോസഫ് എന്ന സിനിമയിലെ തെറ്റിദ്ധാരണാജനകമായ രംഗം കാരണം നിരവധി പേര് അവയവദാനത്തില്‍ നിന്നും പിന്നാക്കം പോയി. ഇത് കാരണം നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായെന്നും ഐഎംഎ വിശദീകരിക്കുന്നു.
ഇപ്പോള്‍ റിലീസ് ചെയ്ത ട്രാന്‍സ് എന്ന ചിത്രത്തില്‍ മാനസികരോഗ ചികിത്സയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും ഐഎംഎ ആരോപിക്കുന്നു. ഈ ചികിത്സാ രംഗത്ത് ലോക വ്യാപകമായി ഉപയോഗിക്കുന്ന ചില മരുന്നുകളെക്കുറിച്ച് വളരെ വിചിത്രവും തെറ്റിദ്ധാരണാ ജനകവുമായ സന്ദേശങ്ങളാണ് സിനിമ നല്‍കുന്നത്. അത് കാരണം പല മാനസിക രോഗികളും ചികിത്സ നിര്‍ത്തുന്ന സാഹചര്യം ഉണ്ടായി. അതിനാല്‍ ഇത്തരം രംഗങ്ങള്‍ സിനിമയില്‍ നിന്നൊഴിവാക്കാന്‍ സെന്‍സര്‍ബോര്‍ഡ് നടപടിയെടുക്കണമെന്നും ഇവ ഉള്‍പ്പെടുന്ന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശം തേടുകയെന്നത് കര്‍ശനമാക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപി കുമാറും ആവശ്യപ്പെട്ടു.