• 05 Dec 2020
  • 08: 10 PM
Latest News arrow

ന്യൂസിലാൻഡിനോട് ടെസ്റ്റ് പരമ്പരയും കൈവിട്ട് ഇന്ത്യ; തോറ്റിട്ടും പോയിന്റ് നിലയിൽ മുന്നിൽ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാൻഡുമായുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. മൂന്നാം ദിനം ഇന്ത്യ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് നേടി. ഈ ജയത്തോടെ ടെസ്റ്റ് പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കി. ഐ.സി.സി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇന്ത്യ ഒരു പരമ്പര തോല്‍ക്കുന്നത്.

ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റും 49 റൺസുമടിച്ച കൈൽ ജാമിസനാണ് പ്ലെയർ ഓഫ് ദ മാച്ച്. ന്യൂസിലാൻഡിന്റെ പേസർ ടിം സോത്തി  പ്ലെയർ ഓഫ് ദ സീരീസ് ആയി.

മൂന്നാം ദിനം അർധ സെഞ്ച്വറി പൂർത്തിയാക്കിയ ടോം ലാതമും (52) ടോം ബ്ലണ്ടലുമാണ് (55) ആതിഥേയരുടെ ജയം എളുപ്പമാക്കിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസ് കുറിച്ചു.

ടോം ലാതമിനെ ഉമേഷ് യാദവും ടോം ബ്ലണ്ടലിനെ ജസ്പ്രീത് ബുംറയും തിരിച്ചയച്ചപ്പോഴേക്കും ഇന്ത്യ മത്സരം കൈവിട്ടിരുന്നു.

രണ്ടാം ഇന്നിങ്സിൽ ബുംറയ്ക്ക് രണ്ടു വിക്കറ്റുണ്ട്. കെയ്ൻ വില്യംസണിനെയും (എട്ടു പന്തിൽ അഞ്ച്) ബുംറ മടക്കി.

ഈ ജയത്തോടെ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് പട്ടികയിലും കിവികൾ കുതിച്ചുചാട്ടം നടത്തി. 180 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ന്യൂസിലാൻഡ്. എന്നാൽ 360 പോയിന്റുമായി ഇന്ത്യ തന്നെയാണ്  ഒന്നാം സ്ഥാനത്ത്. 296 പോയന്റോടെ ഓസ്‌ട്രേലിയയാണ് രണ്ടാമത്. ഇംഗ്ലണ്ട് 146 പോയിന്റ് നേടി നാലാം സ്ഥാനത്തും പാക്കിസ്ഥാൻ 140 പോയിന്റ് നേടി അഞ്ചാം സ്ഥാനത്തുമാണ്.

പോയന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് പ്രഥമ ടെസ്റ്റ്  ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കുക. 2021 ജൂലായ് പത്ത് മുതല്‍ പതിനാല് വരെ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ഫൈനല്‍.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയ്ക്ക് പരമ്പരകള്‍ ബാക്കിയുള്ളത്. ഇതില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ എവേ പരമ്പരയും ഇംഗ്ലണ്ടിനെതിരേ ഹോം പരമ്പരയുമാണ്.