• 18 Aug 2022
  • 12: 20 PM
Latest News arrow

വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ മാത്രം പ്രവേശനം; വിചിത്ര ഉത്തരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല

മലപ്പുറം: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കിയിട്ട് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന വിചിത്രമായ സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വ്വകലാശാല. തങ്ങള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നല്‍കണം. സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എയ്ഡഡ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും പുതിയ സര്‍ക്കുലര്‍ ബാധമാണ്.  2020-21 അധ്യയന വര്‍ഷം മുതല്‍ ഈ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കേണ്ടതെന്നും ആവശ്യപ്പെടുന്നു. ഫെബ്രുവരി 27നാണ് വിചിത്രമായ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.  

ലഹരി വിരുദ്ധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ലഹരി വിരുദ്ധ സമിതി യോഗം ചേര്‍ന്ന് ഈ തീരുമാനം എടുത്തത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഇത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ എല്ലാ കോളേജുകളിലെയും പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇമെയില്‍ ചെയ്യുകയായിരുന്നു.  

'ലഹരി വസ്തുക്കളുടെ ഉപഭോഗമോ, വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും അത്തരം പ്രവൃത്തികള്‍ക്കുള്ള ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും' പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലമാണ് യൂണിവേഴ്‌സിറ്റി/അഫിലിയേറ്റഡ് കോളേജ് അഡ്മിഷന്‍ വേളയില്‍ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വാങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ ഉത്തരവ് എല്ലാ വകുപ്പ് മേധാവികളും അഫിലിയേറ്റഡ് കോളേജ് പ്രിന്‍സിപ്പല്‍മാരും കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെടുന്നു. സര്‍ക്കുലര്‍ വിവാദമായതോടെ രക്ഷിതാക്കളെ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ ഉത്തരവ് ബാധകമാകൂ എന്ന് സര്‍വ്വകലാശാല അറിയിച്ചിട്ടുണ്ട്.