• 08 Apr 2020
  • 11: 03 AM
Latest News arrow

പഠിക്കാന്‍ കൊതിയോടെ കാത്തിരിക്കുന്ന ആ കുരുന്നുകള്‍ക്ക് വേണ്ടി കാടുകയറുകയാണ് എരിയുന്ന വയറും മനസ്സുമായി ഏകാധ്യാപകര്‍

സംസ്ഥാനത്തെ ആദിവാസി മേഖലകളിലുള്ള വിദ്യാര്‍ത്ഥികളെ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തുന്ന അധ്യാപകര്‍ നിത്യവൃത്തിയ്ക്കായി കഷ്ടപ്പെടുന്നു. ഇവിടങ്ങളിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിച്ചിട്ട് അഞ്ച് മാസമായി. ഇത് ട്രൈബല്‍ വകുപ്പിന് കീഴിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഫണ്ടില്ലാത്തതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് ട്രൈബല്‍ വകുപ്പ് പറയുന്നത്. അധ്യാപകരുടെ ശമ്പളത്തിന് പുറമെ സ്‌കൂളുകള്‍ക്കുള്ള ഫണ്ടും യഥാസമയം ലഭിക്കാത്തതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനവും താളം തെറ്റിയിരിക്കുകയാണ്. 

അഞ്ച് പൈസ കയ്യിലില്ലാതെയാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഈ അധ്യാപകര്‍ കണ്ണീരോടെ പറയുന്നു. ആത്മഹത്യയാണ് പലരുടെയും മുമ്പിലുള്ള വഴി. പരസ്പരം ആശ്വസിപ്പിക്കാന്‍ വിളിക്കുന്നവര്‍ പോലും ഉള്ളു നൊന്ത് കരയുകയാണ്. പ്രായാധിക്യം തങ്ങളെ മറ്റൊരു ജോലിക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ''കൂലിപ്പണിയ്ക്ക് പോകാമെന്ന് വെച്ചാല്‍ ആ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സ് വരുന്നില്ല. ഞങ്ങളെ മാത്രം പ്രതീക്ഷിച്ചിരിക്കുന്നവരാണ് അവര്‍. ഞങ്ങള്‍ വിട്ടിട്ട് പോന്നാല്‍ പിന്നെ അവര്‍ക്ക് ഒരക്ഷരം പറഞ്ഞുകൊടുക്കാന്‍ ആരുമുണ്ടാകില്ല. ആ കുഞ്ഞുങ്ങളുടെ ജീവിതം അതോടെ ഇരുട്ടിലാകും. അത് ആലോചിക്കുമ്പോള്‍ ഇപ്പോഴും സ്‌കൂളിലേക്ക് പോവുകയാണ്.'' തിരുവനന്തപുരം അഗസ്ത്യമലയിലെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക ഉഷാ കുമാരി പറയുന്നു.

340 അധ്യാപകര്‍ സംസ്ഥാനത്തുള്ള ഏകാധ്യാപക വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. കാടിന്റെ ഓരം പറ്റി ജീവിക്കുന്നവരുടെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളവരുടെയും കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1996 ലാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ തുടങ്ങുന്നത്. ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികളെ ഒന്നിച്ചിരുത്തിയാണ് ഈ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്. ഡിപിഇപി പദ്ധതിയുടെ ഭാഗമായാണ് ഇവ തുടങ്ങിയത്. പിന്നീട് എസ്എസ്എ ഈ പദ്ധതി ഏറ്റെടുത്തു. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതോടെ ഇവയെ പൊതു വിദ്യാഭ്യസ വകുപ്പിന് കീഴില്‍ എല്‍പി സ്‌കൂളുകളാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍ നടത്തി വരുന്നത്. കേന്ദ്ര ഫണ്ട് നിലച്ചത് മുതല്‍ അധ്യാപകര്‍ക്ക് മാസംതോറും ഓണറേറിയം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. 

കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശമ്പളം 18,500 രൂപയായും ആയമാരുടെ പ്രതിമാസ വേതനം 6500 രൂപയായും പാചക തൊഴിലാളികളുടേത് 500 രൂപയായും ഉയര്‍ത്തിയിരുന്നു. ഏറെ നാളത്തെ ആവശ്യത്തിനൊടുവിലുണ്ടായ ഈ ചെറിയ നേട്ടം അവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ആ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 

ഇപ്പോള്‍ പണിയെടുത്തതിനുള്ള കൂലിയ്ക്കായി ഓരോ ദിവസവും ഓഫീസുകള്‍ കയറിയിറങ്ങുകയാണ് അധ്യാപകര്‍. ''ഞങ്ങളുടെ ശമ്പളക്കാര്യം അവര്‍ക്ക് ചെറിയ കാര്യമായിരിക്കും. പക്ഷേ ഞങ്ങള്‍ക്കിത് ജീവിതമാണ്. ഇത് അത്ര വലിയ തുകയൊന്നുമല്ല. എല്ലാ ദിവസം കാട്ടിനുള്ളില്‍ മല കയറി എത്തുന്ന ഞങ്ങളുടെ ജോലി ഭാരം വളരെ വലുതാണ്. ഹെഡ് ടീച്ചര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള എല്ലാ ജോലികളും ഞങ്ങള്‍ തന്നെ ചെയ്യണം. സ്‌കൂളിന്റെ നടത്തിപ്പ്, കുട്ടികള്‍ക്കുള്ള ഭക്ഷണം, അവരുടെ മറ്റ് കാര്യങ്ങള്‍ എല്ലാം ചെയ്യുന്നതിനോടൊപ്പമാണ് അവരെ പഠിപ്പിക്കുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണം വാങ്ങി തലയില്‍ ചുമടെടുത്താണ് സ്‌കൂളില്‍ എത്തിക്കാറ്. ഈ ചുമട് ഞങ്ങള്‍ നാട്ടിലിറങ്ങി എടുത്താല്‍ ജീവിക്കാനുള്ളതിലും ഏറെ കാശ് കിട്ടിയേനെ. അത്രമാത്രം കഷ്ടപ്പെടുന്നുണ്ട്. ജോലിയേക്കാള്‍ ഇതൊരു സാമൂഹിക സേവനമായിട്ട് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. പക്ഷേ ശമ്പളം കിട്ടിയില്ലെങ്കില്‍ ഞങ്ങളെങ്ങിനെ ജീവിക്കും.'' മറ്റൊരു അധ്യാപിക പറയുന്നു.

സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് പോരാതെ വരുന്നതോടെ സ്വന്തം കയ്യില്‍ നിന്ന് തുക കണ്ടെത്തി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കേണ്ട അവസ്ഥയിലാണ് ഓരോ അധ്യാപകരും. പ്രഭാത ഭക്ഷണവും ചോറും രണ്ട് കൂട്ടം കറിയും ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണവും ആഴ്ചയില്‍ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും ഉള്‍പ്പെടെയുള്ള ഭക്ഷണം നല്‍കാന്‍ ഒരു കുട്ടിയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് എട്ട് രൂപയാണ്. സര്‍ക്കാരാണ് അരി നല്‍കുന്നത്. ബാക്കിയുള്ള സാധനങ്ങളും വിറകോ പാചകവാതകം വാങ്ങാനുമോയുള്ള തുകയും അധ്യാപകര്‍ സ്വയം കണ്ടേത്ത അവസ്ഥയാണ്. ഇവര്‍ക്ക് കിട്ടുന്ന ഓണറേറിയത്തില്‍ നിന്നാണ് അതിനുള്ള തുക കണ്ടെത്തിയിരുന്നത്. ഓണറേറിയം ഇല്ലാതായതോടെ കുട്ടികള്‍ക്കുള്ള ഭക്ഷണവും അവതാളത്തിലായെന്ന് അധ്യാപകര്‍ പറയുന്നു.