അമേരിക്കയും താലിബാനും തമ്മിൽ അഫ്ഗാൻ സമാധാനക്കരാർ ഇന്ന് ഒപ്പിടും; ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ ഇന്ത്യയെ ക്ഷണിച്ച് ഖത്തർ

ദോഹ: അമേരിക്കയും അഫ്ഗാനിസ്ഥാനിലെ താലിബാനും തമ്മില്‍ ഇന്ന് (ശനിയാഴ്ച) സമാധാന കരാര്‍ ഒപ്പിടും. ഏഷ്യയിലെ പ്രധാന രാജ്യം എന്ന നിലയില്‍ ഇന്ത്യയെയും ഖത്തര്‍ ഭരണകൂടം കരാര്‍ ഒപ്പിടുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ സമാധാന കരാറില്‍ ഖത്തറും ഇന്ത്യയും സുപ്രധാന പങ്കാണ് വഹിക്കുന്നത്. താലിബാനുമായി സമാധാന കരാറിലെത്തി അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറാനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറണമെന്നത് താലിബാന്റെ ഏറെ കാലമായുള്ള ആവശ്യമാണ്.
അഫ്ഗാനിസ്ഥാനിലും ഖത്തറിലുമായി നേരത്തെ നടന്നുവന്ന ചര്‍ച്ചകളെത്തുടർന്നാണ് താലിബാനും അമേരിക്കയും തമ്മില്‍ ശനിയാഴ്ച വൈകീട്ട് കരാര്‍ ഒപ്പിടുന്നതിലേക്കെത്തിയത്. ഇന്ത്യയെ ഖത്തര്‍ ഭരണകൂടമാണ് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്‍ പി കുമരന് ചടങ്ങില്‍ പങ്കെടുക്കും. 30-ഓളം രാജ്യങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.
അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ നേരത്തെ തന്നെ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അഫ്ഗാന് ഭരണകൂടവുമായിട്ടാണ് ഇന്ത്യ ഇതുവരെ ചര്‍ച്ച നടത്തിയിട്ടുള്ളത്. താലിബാനുമായി ഇന്ത്യ ഔദ്യോഗികമായി വേദി പങ്കിടുന്നത് ഇത് ആദ്യമായിട്ടാണ് .അഫ്ഗാനിലെ സമാധാനം ഇന്ത്യയുടെ വിദേശ വ്യാപാരത്തിന് വളരെ പ്രധാനമാണ്.
2018 നവംബറിൽ മോസ്കോയില്‍ സമാധാന ചര്‍ച്ച നടന്നിരുന്നു. അന്ന് രണ്ട് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനൗദ്യോഗികമായി ഇന്ത്യ യോഗത്തിലേക്ക് അയച്ചു. ഇന്ത്യയോട് താലിബാന് നേതാക്കള്‍ക്ക് എതിര്‍പ്പില്ല. മോസ്കോയില്‍ നടന്ന ചര്‍ച്ചയില്‍ റഷ്യയ്ക്കും ഇന്ത്യയ്ക്കും പുറമെ പാക്കിസ്ഥാൻ, ചൈന, അഫ്ഗാന് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും താലിബാന് നേതാക്കള്‍ക്കൊപ്പം പങ്കെടുത്തിരുന്നു.
അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റം അഫ്ഗാനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കാൻ കൂടിയാണ് ഇപ്പോഴത്തെ കരാര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് താലിബാനുമായി സമാധാന കരാറിലെത്താന്‍ ആവശ്യപ്പെട്ടത്. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഒരുപക്ഷേ താലിബാനുമായുള്ള കരാര്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിച്ചേക്കും. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആകും അമേരിക്കയെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പിടുക.
2001-ല്‍ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രവും സൈനിക കേന്ദ്രമായ പെന്റഗണും ആക്രമിച്ചതിന് ശേഷമാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന് അധിനിവേശം തുടങ്ങിയത്. ആക്രമണത്തിന് പിന്നില്‍ അൽ-ക്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഒസാമ ബിന്ലാദിന് അഭയം നല്‍കിയത് അഫ്ഗാനിലെ താലിബാന് ഭരണകൂടമായിരുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്ക് സൈന്യത്തെ അയച്ചത്. എന്നാൽ അമേരിക്ക ബിന്‍ലാദനെ പിടികൂടി വധിച്ചത് പാക്കിസ്ഥാനിൽ നിന്നായിരുന്നു.
18 വര്‍ഷത്തെ അഫ്ഗാന് അധിനിവേശത്തിനിടെ അമേരിക്കക്ക് നഷ്ടമായത് 2400 സൈനികരെയാണ്. അസംഖ്യം അമേരിക്കന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് താലിബാന്‍കാരും കൊല്ലപ്പെട്ടു. കൂടാതെ നിരവധി സാധാരണക്കാരയ അഫ്ഗാനികള്‍ക്കും ജീവന് നഷ്ടമായി. യുദ്ധത്തിന്റെ ആദ്യനാളുകളിൽ തന്നെ താലിബാൻ ഭരണം അഫ്ഗാനില്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചു. എന്നാല്‍ അവരെ പൂര്‍ണമായി ഇല്ലാതാക്കാനായില്ല. അമേരിക്കന്‍ സൈനികര്‍ക്കെതിരെ ഇപ്പോഴും താലിബാന് ആക്രമണം നടത്തുന്നുണ്ട്.
കരാര്‍ ഒപ്പിടുന്നതോടെ അമേരിക്ക സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കും.13,000ത്തോളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിലുള്ളത്. "അൽ-ക്വയ്ദ പോലുള്ള സംഘടനകളെ സഹായിക്കരുത്, അഫ്ഗാന് ഭരണകൂടവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തണം..." തുടങ്ങിയവയാണ് അമേരിക്ക താലിബാനോട് ആവശ്യപ്പെടുന്നത്.
താലിബാന് വിദേശത്ത് ഓഫീസുള്ള ഏകരാജ്യമാണ് ഖത്തര്‍. അഫ്ഗാനിസ്ഥാൻ താലിബാന് ഭരണത്തിലായിരുന്ന കാലത്ത് അനുവദിച്ച ഓഫീസാണിത്.