• 03 Feb 2023
  • 10: 30 PM
Latest News arrow

മറ്റൊരു രാക്ഷസനുമായി ഫൊറന്‍സിക്

തെന്നിന്ത്യന്‍ സിനിമ ലോകത്ത് മനോരോഗികള്‍ നടത്തുന്ന തുടര്‍ കൊലപാതകങ്ങള്‍ മുന്‍ നിര്‍ത്തി കഥ പറയുന്ന സിനിമകള്‍ അടിയ്ക്കടി ഇറങ്ങി കൊണ്ടിരിക്കുകയാണ്. രാക്ഷസന്റെ വിജയം അത്തരം സിനിമകള്‍ എടുക്കാന്‍ സിനിമ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സിനിമകള്‍ എടുക്കരുത് എന്ന് ആരും പറയില്ല. പക്ഷേ എല്ലാവരും ഒരേ രീതിയില്‍ കഥ പറഞ്ഞു പോയാലോ...  കാണുന്ന പ്രേക്ഷകര്‍ക്ക് ഉണ്ടാകുന്ന വികാരങ്ങളും ഒരേ രീതിയില്‍ പൊയ്‌പോകും. ഒരു സിനിമ തന്നെ മൂന്ന് പ്രാവശ്യം കാണുമ്പോള്‍ ഉണ്ടാകുന്ന മനോവികാരങ്ങള്‍ ആണ്, രാക്ഷസനും ശേഷം അഞ്ചാം പാതിരയും ഇപ്പോള്‍ ഫോറെന്‍സിക്കും കണ്ടപ്പോള്‍ തോന്നിയത്. 

ശാസ്ത്രീയമായ രീതിയില്‍ കുറ്റാന്വേഷണം നടത്തുന്നത് ചിത്രത്തിന് പുതുമ നല്‍കുന്നുമുണ്ട്. ഒപ്പം കൊലപാതകത്തില്‍ ഹരം കണ്ടെത്തുന്ന ഒരു മനോരോഗിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു എന്നതിലും ഫൊറന്‍സിക് വേറിട്ട് നില്‍ക്കുന്നു.

കൊലപാതകത്തില്‍ ഹരം കണ്ടെത്തുന്ന ഒരു മനോരോഗി എങ്ങനെ ഒരു വ്യക്തിയില്‍ ഉയിര്‍ക്കൊള്ളുന്നു എന്നതില്‍ തുടങ്ങി അയാളില്‍ ആ രോഗാവസ്ഥ എങ്ങിനെ മൂര്‍ച്ഛിക്കുന്നു, പിന്നെ സുഖപ്പെടുന്നു, അനുയോജ്യമായ സാഹചര്യത്തില്‍ വീണ്ടും ഉത്തേജിക്കുന്നു എന്നിങ്ങനെ ഒരു മനോരോഗിയുടെ പരിവര്‍ത്തനത്തെ അടയാളപ്പെടുത്താന്‍ ഫൊറന്‍സിക് എന്ന സിനിമ ശ്രമിച്ചിട്ടുണ്ട്. സൈക്കോ എന്ന് നാം വിളിക്കുന്ന മനോരോഗാവസ്ഥയിലേക്ക് ഒരാള്‍ എത്തിപ്പെടുന്നതിനു മുന്‍പ് അത് കണ്ടെത്തി ചികിത്സിക്കാവുന്നതിനെ കുറിച്ചുള്ള ചിന്തകളും ചിത്രം നല്‍കുന്നു.

സിനിമയുടെ കഥയുടെ രത്‌നച്ചുരുക്കം ഇങ്ങിനെ.. നഗരത്തിലെ ഒരു ഡാന്‍സ് സ്‌കൂളില്‍ പഠിക്കുന്ന എട്ട് വയസ്സുകാരിയെ പെടുന്നനെ കാണാതാവുന്നു. പിറ്റേ ദിവസം മരിച്ച നിലയില്‍ കണ്ടെത്തുന്നു. ഉന്നത ബന്ധമുള്ള കുട്ടിയുടെ കൊലപാതകം അന്വേഷിക്കാന്‍ ഡിസിപി ഋതിക സേവ്യര്‍ തന്നെ രംഗത്തിറങ്ങുന്നു. സമാന രീതിയില്‍ മറ്റൊരു കുട്ടി നേരത്തെ കൊല്ലപ്പെട്ടതായി അറിവുള്ള ഡിസിപി ഋതിക ഒരു സീരിയല്‍ കില്ലറെ ഈ കൊലയ്ക്ക് പിന്നില്‍ സംശയിക്കുന്നു. കേസില്‍ സഹായിക്കാന്‍ ഫോറന്‍സികില്‍ നിന്നും മെഡിക്കോ ലീഗല്‍ അഡ്വസര്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരനും അന്വേഷണ സംഘത്തോടൊപ്പം ചേരുന്നു.  അന്വേഷണം നടക്കുന്നതിനിടയില്‍ തന്നെ മൂന്ന് പെണ്‍കുട്ടികള്‍ കൂടി തട്ടി കൊണ്ടു പോയി കൊല്ലപ്പെടുന്നു. തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കൊലപാതകിയെ കണ്ടെത്തുന്നു. അയാളുടെ പൂര്‍വ്വകാലത്തെക്കുറിച്ചുള്ള ഒരു കഥയും നല്‍കുന്നു. 

ഒരേ വാര്‍പ്പില്‍ ചേരുവകളുടെ കൂട്ടിയിളക്കലുകളില്‍ അല്‍പ്പം വ്യത്യാസം വരുത്തി എടുത്ത ഒരു സീരിയല്‍ കില്ലിംഗിന്റെ കഥയാണ് ഫോറെന്‍സിക്കും കാണിച്ചു തരുന്നതെന്ന് ഇത്രയും പറഞ്ഞപ്പോള്‍ തന്നെ വ്യക്തമായിക്കാണും. ക്ലീഷേ കഥയായിരുന്നിട്ട് കൂടി ആദ്യാവസാനം ഉദ്വേഗഭരിതമായി ഈ സിനിമ കാണുവാന്‍ സാധിക്കുമെന്നതാണ് ഫൊറന്‍സികിനെക്കുറിച്ച് പറയാനുള്ള നല്ല കാര്യം. 

ഒന്നുകില്‍ മാനസിക രോഗം അല്ലെങ്കില്‍ പ്രതികാരം ആണ് തുടര്‍ കൊലപാതകങ്ങള്‍ നടത്തുന്ന കുറ്റവാളിയുടെ പ്രേരകഘടകമെങ്കില്‍ ഈ ചിത്രം രണ്ട് സംഗതികളെയും ഉള്‍പ്പെടുത്തി എന്നതുകൊണ്ട് വ്യത്യസ്ത അവകാശപ്പെടാവുന്നതാണ്. കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്ന സ്ഥിരം പാറ്റേണും ഫോറന്‍സിക് പിന്തുടര്‍ന്നിട്ടില്ല. എന്നാല്‍ ഒരു ആണ്‍കുട്ടി പോലും മുന്‍ സിനിമകളിലേതുപോലെ ഫൊറന്‍സികിലും കൊല്ലപ്പെടുന്നില്ലെന്നത് ക്ലീഷേയിലേക്കുള്ള തിരിച്ചുപോക്കായി. അന്വേഷണ ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തിലേക്കും കുടുംബ ജീവിതത്തിലേക്കും കേസിനെ കയറ്റി വിടുന്ന സ്ഥിരം പാറ്റേണ്‍ ഇവിടെയും പ്രയോഗിച്ചിട്ടുണ്ട്. 

ചിത്രത്തില്‍ ഒരു കുട്ടിയുടെ കഥാപാത്ര പരിചരണത്തില്‍ തുടക്കത്തില്‍ വ്യക്തത കുറവ് അനുഭവപ്പെട്ടു.  ഈ പെണ്‍കുട്ടിയെ ആദ്യം കാണുന്ന സ്ഥലത്ത് അവള്‍ എന്തുകൊണ്ട് വന്നു എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം കിട്ടിയില്ല.  ആ കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയുടെ മുഖ ഭാവങ്ങളും അഭിനയവും നന്നായിരുന്നു. 
 
ത്രില്‍ അടിപ്പിക്കുക എന്നതായിരുന്നു ചിത്രത്തിന്റെ ഉദ്ദേശ്യമെങ്കില്‍ സിനിമയുടെ അവസാനം വരെ പ്രേക്ഷകരെ ആ അവസ്ഥയിലേക്ക് കൊണ്ടുവന്നു പിടിച്ചിരുത്താന്‍ ഫൊറന്‍സികിന് സാധിച്ചിട്ടുണ്ട്. അതിന് സഹായിച്ചത് ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം തന്നെയാണ്. ചിലയിടങ്ങളില്‍ കാതടപ്പിക്കുന്ന രീതിയിലേക്ക് പോയെങ്കിലും. കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ കാണിക്കുന്ന രംഗങ്ങളില്‍ ചേര്‍ത്തിരിക്കുന്ന പശ്ചാത്തല സംഗീതം വല്ലാത്ത ഫീലിങ്ങാണ് നല്‍കുന്നത്.  നല്ല മേക്കിങ് തന്നെയാണ് ചിത്രത്തെ പിടിച്ചു നിര്‍ത്തുന്നത്. കുറ്റവാളിയെക്കുറിച്ചു അവസാനം വരെയും പിടി തരാതെയും പലരിലേക്കും സംശയ മുന നീട്ടിയും ആകാംക്ഷ ഉണര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഇടവേളയെടുക്കാന്‍ ചിത്രം വന്ന് നിന്ന സീന്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സിലെ രംഗങ്ങള്‍ നല്ലതായി തോന്നി. ഇവയുടെ ക്രെഡിറ്റ് എഴുത്തും സംവിധാനവും നിര്‍വഹിച്ച അനസ് ഖാനും അഖില്‍ പോളിനും അവകാശപ്പെടാം. കഥയുടെ ആസ്വാദനത്തിനു തടസ്സം ഉണ്ടാക്കാത്ത ഛായാഗ്രഹണവും എഡിറ്റിങ്ങുമായിരുന്നു ചിത്രത്തിന്റേത്.  ക്ലൈമാക്‌സ് രംഗത്തില്‍ ഈ രണ്ട് ഘടകങ്ങളുടെയും മികവ് കൃത്യമായി പ്രകടമായി.

ശാസ്ത്രീയമായ പരിശോധനകളിലൂടെ ഫോറന്‍സിക് വിഭാഗം കേസ് തെളിയിക്കുന്ന വിധം ശരിക്കും രസകരമായിരുന്നു.  ഈ ചിത്രം സമ്മാനിക്കുന്ന ഫോറന്‍സിക് പരിശോധന വിവരങ്ങള്‍ പ്രയോജനകരമാണ്. സാധാരണ സിനിമകള്‍ കുറ്റവാളികള്‍ക്ക് പ്രായത്തിന്റെ ആനുകൂല്യത്തില്‍ നല്‍കുന്ന മയപ്പെടുത്തല്‍ ഈ സിനിമ സ്വീകരിച്ചിട്ടില്ലെന്നത് പ്രശംസാര്‍ഹമാണ്. 

ശക്തമായ മനോവികാരങ്ങള്‍ പ്രകടിപ്പിക്കേണ്ട അഭിനയ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.  അതിനാല്‍ തന്നെ സാധാരണ മട്ടിലുള്ള അഭിനയമാണ് മുഖ്യ അഭിനേതാക്കളായ ടോവിനോ തോമസ്, മംമ്ത മോഹന്‍ദാസ്,  ശ്രീകാന്ത് മുരളി, സൈജു കുറുപ്പ്, തുടങ്ങിയവര്‍ കാഴ്ച വെച്ചത്.  രഞ്ജി പണിക്കരുടെ കഥാപാത്രവും ഭാവാഭിനയങ്ങളും കുറച്ചു വ്യത്യസ്തമായി തോന്നി. 

ടൊവിനോ തോമസ് ഒരു അഭിമുഖത്തില്‍ പറഞ്ഞപോലെ സീറ്റിന്റെ തുമ്പത്ത് പ്രേക്ഷരെ ഇരുത്തുമെന്ന അവകാശവാദം അത്ര കണ്ട് ശരിയല്ലെങ്കിലും ആദ്യാവസാനം പ്രേക്ഷക മനസ്സിനെ ഉദ്വേഗഭരിതമാക്കാന്‍ ഫൊറന്‍സികിന് സാധിച്ചിട്ടുണ്ട്.