• 08 Apr 2020
  • 11: 49 AM
Latest News arrow

നാടകത്തില്‍ കഥാപാത്രത്തെ വസ്ത്രമില്ലാതെ അവതരിപ്പിച്ചു; സംവിധായകന് കാരണം കാണിക്കല്‍ നോട്ടീസ്

നാടകത്തില്‍ കഥാപാത്രത്തെ വസ്ത്രമില്ലാതെ അവതരിപ്പിച്ചതിന് സംവിധായകന്‍ സുവീരന് നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സഖറിയയുടെ 'ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'ഭാസ്‌കരപ്പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകത്തിനെതിരെയാണ് എന്‍എസ്ഡിയുടെ നടപടി.

പുതുച്ചേരിയില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിച്ച രാജ്യാന്തര തിയേറ്റര്‍ ഫെസ്റ്റിവലില്‍ കഴിഞ്ഞ പന്ത്രണ്ടാം തിയതി നാടകം അവതരിപ്പിച്ചിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ അടച്ചിട്ട മുറിയില്‍ അവതരിപ്പിച്ച നാടകത്തിലെ നഗ്നതയ്‌ക്കെതിരെയാണ് എന്‍എസ്ഡി ഇപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം നാടായ വടകരയിലും പിന്നീട് നിരവധി തട്ടുകളിലും കളിച്ച നാടകത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ നാടകം രാജ്യാന്തര തിയേറ്റര്‍ ഫെസ്റ്റിവലില്‍ അവതരിപ്പിച്ചതോടെയാണ് നാടകത്തിലെ തൊമ്മി എന്ന കഥാപാത്രത്തിന്റെ വസ്ത്രമില്ലായ്മ ചര്‍ച്ചയാകുന്നത്.

നാടകത്തിന്റെ അനുഭവം വര്‍ധിപ്പിക്കാന്‍ നഗ്നതയ്ക്കാകുന്നുണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് സംവിധായകന്‍ സുവീരന്റെ നിലപാട്. എന്തിനാണ് അടച്ചിട്ട മുറിയില്‍ അവതരിപ്പിച്ച നാടകത്തിലെ നഗ്നതയ്‌ക്കെതിരെ വിശദീകരണം ചോദിക്കുന്നതെന്നും സുവീരന്‍ ആരായുന്നു. നാടകത്തിലെ നഗ്നതാ പ്രദര്‍ശനം തെറ്റാണോയെന്നും നാടകവും സെന്‍സര്‍ഷിപ്പിന് വിധേയമാക്കണോയെന്നും ഈ കാലാകാരന്‍ ചോദിക്കുന്നു. അങ്ങിനെയെങ്കില്‍ കലയെ പൊതു ഇടത്തിലേക്ക് കൊണ്ടുവരരുതെന്നും സുവീരന്‍ പറയുന്നു. നാടകം അവതരിപ്പിച്ചതിനുള്ള പണവും എന്‍എസ്ഡി തടഞ്ഞുവെച്ചിരിക്കുകയാണ്.