• 01 Oct 2023
  • 08: 21 AM
Latest News arrow

വനിതാ ടി20 ലോകകപ്പ്: ആവേശമത്സരത്തിൽ കിവികളെ പറത്തി ഇന്ത്യ സെമിയിൽ

മെല്‍ബണ്‍: വനിതകളുടെ ടി20 ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് വിജയത്തോടെ ഇന്ത്യ സെമി ഫൈനലിലെത്തി. സെമിയിലേക്കു യോഗ്യത നേടിയ ആദ്യ ടീമും ഇന്ത്യയാണ്. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ ബൗളര്‍മാരുടെ കരുത്തിൽ  നാലു റണ്‍സിന് തോൽപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ എട്ട് വിക്കറ്റിന് 133 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ 133 റണ്‍സ് പിന്തുടര്‍ന്ന കിവീസിന് 130 റണ്‍സെടുക്കാനേ ആയുള്ളൂ.

സ്‌കോര്‍:

ഇന്ത്യ: 133-8 (20)

ന്യൂസിലന്‍ഡ്: 130/6 (20)

അവസാനത്തെ രണ്ടോവറില്‍ 34 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പൂനം യാദവെറിഞ്ഞ 19ാം ഓവറില്‍ നാലു ബൗണ്ടറികളടക്കം 18 റണ്‍സ് അവര്‍ വാരിക്കൂട്ടി. ഇതോടെ അവസാന ഓവറില്‍ ജയത്തിനായി വേണ്ടത് 16 റണ്‍സ്. എന്നാല്‍ അവസാന ഓവര്‍ ത്രില്ലറിൽ 11 റണ്‍സേ കിവീസിന് നേടാനായുള്ളൂ. ശിഖ പാണ്ഡെയുടെ ബൗളിങ്ങാണ് ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്.

19 പന്തില്‍ നിന്നും ആറു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത്  പുറത്താവാതെ നിന്ന അമേലിയ കേറിന്റെ ഇന്നിങ്‌സാണ്  കിവികൾ  ജയിക്കുമെന്ന അവസ്ഥയിലെത്തിച്ചത്.  ടീമിന്റെ ടോപ്‌സ്‌കോററും അമലിയ തന്നെയായിരുന്നു. കെയ്റ്റി മാര്‍ട്ടിന്‍ 25-ഉം മേഡി ഗ്രീന്‍ 24-ഉം റണ്‍സെടുത്ത് പുറത്തായി.

തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും ഓപ്പണര്‍ ഷഫാലി വര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക്  തുണയായത്.  34 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും നേടിയ ഷഫാലി 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി.  ഷഫാലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

താനിയ ഭാട്ടിയ (23), രാധ യാദവ് (14), സ്മൃതി മന്ദാന (11), ജെമിമ റോഡ്രിഗസ് (10) , ശിഖ പാണ്ഡെ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

ന്യൂസിലാന്‍ഡിനായി റോസ്‌മേരി മെയ്‌റും അമേലിയ കേറും രണ്ടു വിക്കറ്റ് വീതമെടുത്തു.

പ്ലെയിങ് ഇലവന്‍:-

ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വര്‍മ, താനിയ ഭാട്ടിയ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, രാധ യാദവ്, പൂനം യാദവ്, രാജേശ്വരി ഗെയ്ക്‌വാദ്‌.

ന്യൂസിലാന്‍ഡ്: സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), റേച്ചല്‍ പ്രീസ്റ്റ്, സൂസി ബേറ്റ്‌സ്, മാഡി ഗ്രീന്‍, കേയ്റ്റി മാര്‍ട്ടിന്‍, അമേലിയ കേര്‍, ഹെയ്‌ലി ജെന്‍സണ്‍, അന്ന പ്രെസ്റ്റണ്‍, ലെയ് കാസ്‌പെറക്ക്, ലിയ തഹുഹു, റോസ്‌മേരി മെയര്‍.