• 08 Apr 2020
  • 11: 44 AM
Latest News arrow

ആദ്യം ഗ്രാൻഡ് സ്ലാം...ലോക ഒന്നാം നമ്പർ ...പിന്നെ പരിക്ക്...വിവാദം...വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് റാണി മരിയ ഷറപ്പോവ

ന്യൂയോര്‍ക്ക്: ആരാധകരെ നിരാശരാക്കി റഷ്യന്‍ ഇതിഹാസമായ ടെന്നീസ് റാണി, മരിയ ഷറപ്പോവ വിരമിക്കൽ പ്രഖ്യാപിച്ചു. 32-ആം വയസ്സിലാണ് ഷറപ്പോവയുടെ വിരമിക്കല്‍ പ്രഖ്യാപനം.

വോഗ്, വാനിറ്റി ഫെയര്‍ മാസികകള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ടെന്നീസില്‍ നിന്നും വിരമിക്കുന്ന കാര്യം ഷറപ്പോവ വെളിപ്പെടുത്തിയത്.

തുടരെയുള്ള പരിക്കുകളാണ് ടെന്നീസില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. തോളിനേറ്റ പരിക്കു കാരണം കഴിഞ്ഞ വര്‍ഷം ടെന്നീസിൽ സജീവമായിരുന്നില്ല ഷറപ്പോവ. കഴിഞ്ഞ വര്‍ഷം പങ്കെടുത്ത യുഎസ് ഓപ്പണിലും അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും  ആദ്യ റൗണ്ടുകളില്‍ തന്നെ ഷറപ്പോവ പുറത്തായിരുന്നു.

നിലവില്‍ ലോക റാങ്കിങ്ങില്‍ 373-ആം സ്ഥാനത്താണ് ഷറപ്പോവയുള്ളത്.

അഞ്ചു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍  ഷറപ്പോവയുടെ  കരിയറിലുണ്ട്. 36 ഡബ്ല്യുടിഎ കിരീടങ്ങള്‍ നേടിയ ഷറപ്പോവ 1994 മുതല്‍ അമേരിക്കയിലാണ് സ്ഥിരതാമസം.

2004 -ലാണ് ടെന്നീസ് ലോകത്തെ അമ്പരപ്പിച്ച് 17 ആം വയസ്സില്‍ വിംബിള്‍ഡണ്‍ കിരീടം ചൂടി  ഷറപ്പോവ ആഗോളശ്രദ്ധ പിടിച്ചുപറ്റിയത്. 2005 ഓഗസ്റ്റ് 22-ന്  ഷറപ്പോവ ആദ്യമായി ലോക ഒന്നാം നമ്പര്‍ താരമായി.   തൊട്ടടുത്ത വര്‍ഷം യുഎസ് ഓപ്പണ്‍ കിരീടവും സുന്ദരിയായ ഈ ആറടി രണ്ടിഞ്ച് നീളക്കാരി ചൂടി. കരിയറില്‍ അഞ്ചു തവണ ലോക ഒന്നാം നമ്പര്‍ പദവി ഷറപ്പോവ സ്വന്തമാക്കി. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വനിതാ സിംഗിള്‍സ് വിഭാഗത്തിൽ വെള്ളി മെഡല്‍ കരസ്ഥമാക്കിയതും പ്രധാന നേട്ടമാണ്.

കരിയര്‍ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ ഏക റഷ്യന്‍ വനിതയാണ് ഷറപ്പോവ . ലോക ടെന്നീസില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടിയ പത്തു വനിതകളില്‍ ഒരാളെന്ന ബഹുമതിയും ഷറപ്പോവയ്ക്ക് സ്വന്തം. 2012 -ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ജയിച്ചതിന് പിന്നാലെയായിരുന്നു ടെന്നീസില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം തികയ്ക്കുന്ന പത്താമത്തെ വനിതയായി മാറിയത്. 2014 -ൽ ഷറപ്പോവ രണ്ടാമത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി.

എന്നാൽ 2016-ല്‍ ഉത്തേജകമരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ടത് ഷറപ്പോവയുടെ കരിയറിലെ കരിനിഴലായി. നിരോധിത പട്ടികയില്‍പ്പെട്ട മെലഡോണിയത്തിന്റെ അംശം ശരീര സാമ്പിളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷറപ്പോവയെ രണ്ടു വര്‍ഷത്തേക്ക് ലോക ടെന്നീസ് സംഘടന വിലക്കിയിരുന്നു.