• 01 Jun 2023
  • 04: 56 PM
Latest News arrow

കേന്ദ്ര സാഹിത്യ അക്കാദമിയുടെ തമിഴ് പരിഭാഷാ പുരസ്‌കാരം കെവി ജയശ്രീയ്ക്ക്; മലയാളത്തിന്‌ അഭിമാനം

കേന്ദ്ര സാഹിത്യ അക്കാദമിയുടെ തമിഴ് പരിഭാഷയ്ക്കുള്ള ഇത്തവണത്തെ പുരസ്‌കാരം കേരളത്തിലെ പാലക്കാട് വേരുകളുള്ള തിരുവണ്ണാമലക്കാരിയായ അധ്യാപികയ്ക്ക്. മനോജ് കുറൂരിന്റെ നിലം പൂത്തുമലര്‍ന്ന നാള്‍ എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് കെവി ജയശ്രീയ്ക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സംഘകാല തമിഴ്‌നാടന്‍ ചരിത്രത്തിലൂടെ കഥ പറയുന്ന പുസ്തകമാണ് നിലം പൂത്തുമലര്‍ന്ന നാള്‍.  

2016ലാണ് കൃതിയുടെ തമിഴ് പതിപ്പിറങ്ങിയത്. 2001 മുതല്‍ വിവര്‍ത്തന രംഗത്ത് സജീവമായ ജയശ്രീ നിരവധി മലയാളം കൃതികള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സക്കറിയയുടെ കൃതികളാണ് കൂടുതലും മൊഴിമാറ്റിയിട്ടുള്ളത്. പാലക്കാട് നിന്ന് കുടിയേറിയ ദമ്പതികളുടെ മകളാണ് ജയശ്രീ. ഭര്‍ത്താവ് ഉത്തരകുമാര്‍ തമിഴിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ്.