• 10 Apr 2020
  • 06: 37 PM
Latest News arrow

''ഡല്‍ഹിയില്‍ സംഘര്‍ഷം നടക്കുന്നത് പൊലീസിന്റെ കണ്‍മുമ്പില്‍''- രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രൂക്ഷമായ സംഘര്‍ഷം തുടരുകയും 20 ലധികം പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ യാതൊന്നും ചെയ്യാതെ നോക്കുകുത്തികളായി നിന്ന പൊലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൊലീസിന് പ്രഫഷണലിസം ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു. പൊലീസ് സേന പ്രഫഷനല്‍ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി പറഞ്ഞു. 

പൊലീസിന്റെ കണ്‍മുമ്പിലാണ് ഡല്‍ഹിയില്‍ സംഘര്‍ഷം അരങ്ങേറുന്നത്. എന്നാല്‍ സംഘര്‍ഷം ചെറുക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ല. പൊലീസില്‍ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത സോളിസിറ്റര്‍ ജനറലിനെ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. മറിച്ച് സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. 

അതേസമയം ഡല്‍ഹി കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഷഹീന്‍ ബാഗ് സമരത്തിന്റെ ഭാഗമായ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട ഹര്‍ജി മാത്രം പരിഗണിച്ച കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 23ലേക്ക് മാറ്റി. 
ഡല്‍ഹി സംഘര്‍ഷം ദൗര്‍ഭാഗ്യകരമാണെങ്കിലും അത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.