• 05 Dec 2020
  • 08: 39 PM
Latest News arrow

ലോക ഇലവനെതിരേയുള്ള ഏഷ്യൻ ഇലവനിൽ കോലിയടക്കം ആറ് ഇന്ത്യക്കാർ

ധാക്ക: ഐ.സി.സി ലോക ഇലവനെതിരേ മാര്‍ച്ച് 18, 21 തിയ്യതികളില്‍ നടക്കാനിരിക്കുന്ന പ്രദര്‍ശന ടി20 പരമ്പരയ്ക്കുള്ള ഏഷ്യന്‍ ഇലവനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രഖ്യാപിച്ചു. ആറു ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം കളിക്കാരുള്ളതും ഇന്ത്യയില്‍ നിന്നു തന്നെയാണ്. നായകന്‍ വിരാട് കോലി, ഓപ്പണര്‍ ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ഏഷ്യൻ ഇലവനിലെ ഇന്ത്യന്‍ താരങ്ങള്‍.

തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ താരങ്ങൾ ഏഷ്യന്‍ ഇലവനു വേണ്ടി ഇറങ്ങുന്ന കാര്യത്തിൽ അധികം വൈകാതെ  ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. മാര്‍ച്ച് 18, 21 തിയ്യതികളില്‍ ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഷേറെ ബംഗ്ലാ സ്‌റ്റേഡിയത്തിലാണ് ഏഷ്യന്‍ ഇലവനും ഐ.സി.സി ലോക ഇലവനും തമ്മില്‍ രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയിൽ ഏറ്റുമുട്ടുന്നത്.

ഇന്ത്യ കഴിഞ്ഞാല്‍ ഏഷ്യന്‍ ഇലവനില്‍ കൂടുതല്‍ കളിക്കാരുള്ളത് ആതിഥേയര്‍ കൂടിയായ ബംഗ്ലാദേശില്‍ നിന്നാണ്. അവരുടെ നാലു താരങ്ങള്‍ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ നിന്നു രണ്ടും നേപ്പാളില്‍ നിന്നു ഒരു താരവും ഏഷ്യന്‍ ഇലവനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഏഷ്യന്‍ ഇലവന്‍ ടീം: ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, റിഷഭ് പന്ത്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് (ഇന്ത്യ), തമീം ഇഖ്ബാല്‍, ലിറ്റണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), തിസാര പെരേര, ലസിത് മലിങ്ക (ശ്രീലങ്ക), റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍ (അഫ്ഗാനിസ്ഥാന്‍), സന്ദീപ് ലാമിച്ചാനെ (നേപ്പാള്‍).