• 10 Apr 2020
  • 06: 24 PM
Latest News arrow

സെനഗലിൽ അറസ്റ്റിലായ അധോലോക നായകൻ രവി പൂജാരിയെ ബംഗളൂരുവിൽ എത്തിച്ചു; നൂറ്ററുപതിലധികം കേസുകൾ; എസിഎംഎം കോടതിയിൽ ഹാജരാക്കും

ബംഗളൂരു: സെനഗലിൽ അറസ്റ്റിലായ അധോലോക നായകൻ രവി പൂജാരിയെ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര  വിമാനത്താവളത്തിൽ എത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ 1.15-ഓടെയാണ് രവി പൂജാരിയെയും കൊണ്ട് സെനഗലിൽ നിന്നും  എഡിജിപി അമർ കുമാർ പാണ്ഡെ, ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ എന്നിവരടങ്ങിയ നാലംഗ സംഘം എത്തിയത്. ഉടൻ കനത്ത സുരക്ഷാസന്നാഹത്തോടെ വിമാനത്താവളത്തിൽ നിന്നും രവി പൂജാരിയെ മാറ്റി. എന്നാൽ എവിടേക്കാണ് കൊണ്ടു പോയതെന്ന് വ്യക്തമല്ല.

കഴിഞ്ഞ വർഷം ഒരു തട്ടിപ്പ് കേസിൽ പ്രതിയായി സെനഗലിൽ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരി സെനഗൽ പോലീസിന്റെ പിടിയിലായത്. തന്നെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനെതിരെ രവി പൂജാരി സമർപ്പിച്ച ഹർജി ബുധനാഴ്ച സെനഗൽ സുപ്രീംകോടതി തള്ളിയിരുന്നു.

പടിഞ്ഞാറൻ ആഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് ബുര്‍ക്കിന ഫാസോയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി കഴിഞ്ഞ എട്ട് വർഷമായി പടിഞ്ഞാറൻ ആഫ്രിക്കയിലെ തന്നെ സെനഗലിൽ  കഴിഞ്ഞിരുന്നത്.

ബംഗളൂരുവിൽ എത്തിച്ച രവി പൂജാരിയെ നഗരത്തിലെ ആദ്യത്തെ അഡീഷണൽ സിറ്റി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതിയിൽ  ഹാജരാക്കുമെന്നാണ് അറിയുന്നത്. കർണാടകയിൽ നിരവധി കേസുകളാണ് രവി പൂജാരിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കർണാടക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊള്ളയും കൊലപാതകവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പൂജാരിയെ 15 വർഷത്തിലേറെയായി പോലീസ് തിരയുകയായിരുന്നു. കർണാടകയിൽ മാത്രം തൊണ്ണൂറോളം കേസുകളുണ്ട് രവി പൂജാരിയുടെ പേരിൽ. ഇതിൽ 25 കേസുകൾ മഹാരാഷ്ട്ര കൺ‌ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന് വിധേയമാണ്. ഗുജറാത്തിൽ എഴുപതോളം കേസുകളും ഉണ്ട്.

കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പ് കേസിലും രവി പൂജാരി മുഖ്യപ്രതിയാണ്. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്റെ ഭാഗമായാണ് വെടിവെപ്പ് നടന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2018 ഡിസംബർ 15-നാണ് ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ 'നെയിൽ ആർടിസ്ട്രി' ബ്യൂട്ടി പാർലറിന് നേർക്ക് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമായിരുന്നു വെടിയുതിർത്തത്. ഇരുപത്തഞ്ച് കോടി ആവശ്യപ്പെട്ട് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ലീന മരിയ പോൾ പരാതിപ്പെട്ടിരുന്നു.