• 10 Apr 2020
  • 05: 04 PM
Latest News arrow

''ഫീസടച്ചില്ലെങ്കില്‍ വെയിലത്ത് നിര്‍ത്തും''- സിബിഎസ്ഇ അംഗീകാരമില്ലാത്ത അരൂജ സ്‌കൂളിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍

കൊച്ചി: തോപ്പുംപടിയിലെ സിബിഎസ്ഇ അംഗീകാരം ഇല്ലാത്ത അരൂജ സ്‌കൂളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രക്ഷിതാക്കള്‍. ഫീസ് നല്‍കാന്‍ വൈകിയാല്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തുമായിരുന്നുവെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. അംഗീകാരമില്ലെന്ന കാര്യം ഇവര്‍ മറച്ചുവെച്ചു. എന്നാല്‍ വഴിയ്ക്ക് വെച്ച് തടഞ്ഞു നിര്‍ത്തിപ്പോലും തങ്ങളോട് ഫീസ് ആവശ്യപ്പെടുമായിരുന്നു. പലപ്പോഴും കുട്ടികളെ മാനസികമായി പീഡിപ്പിക്കുമായിരുന്നെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ മൂലംകുഴി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്‌കൂളിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതോടെ തെറ്റ് സമ്മതിച്ച സ്‌കൂള്‍ മാനേജ്‌മെന്റ് അടുത്ത വര്‍ഷം കുട്ടികളെ പരീക്ഷയെഴുതിപ്പിക്കാമെന്ന് അറിയിച്ചു. സ്‌കൂളിന്റെ ഭാഗത്ത് തെറ്റ് പറ്റിയെന്നും സാധാരണ സ്‌കൂളുകള്‍ ചെയ്യാറുള്ളതാണ് തങ്ങളും ചെയ്തതെന്നും ഉടമകൡലൊരാളായ മാഗി അരൂജ പ്രതികരിച്ചു.

സിബിഎസ്ഇ അംഗീകാരം ഇല്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ അംഗീകാരമുള്ള വേറെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രജിസ്‌ട്രേഷന് അപേക്ഷിച്ച് പരീക്ഷയെഴുതിയ്ക്കുകയാണ് പതിവ്. അരൂജാസ് സ്‌കൂള്‍ ഇത്തവണ സ്‌കൂളിന്റെ കണ്‍സന്റ് നല്‍കി സിബിഎസിക്ക് അപേക്ഷ നല്‍കിയെങ്കിലും വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താന്‍ അനുമതി ലഭിച്ചില്ല. ഇത്തരത്തില്‍ അപേക്ഷ നല്‍കിയ എട്ട് സ്‌കൂളുകളില്‍ രണ്ടെണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. തുടര്‍ന്ന് കോടതിയെ സമീപിച്ചെങ്കിലും കേസില്‍ വാദം കേള്‍ക്കുന്നത് കോടതി 26ലേക്ക് മാറ്റി. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകാത്ത സാഹചര്യമുണ്ടായത്. വിദ്യാര്‍ത്ഥികളുടെ അടുത്ത വര്‍ഷത്തെ പഠന ചെലവ് തങ്ങള്‍ വഹിച്ചുകൊള്ളാമെന്നാണ് ഇപ്പോള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്. 

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളെ ഇരുത്തണമെങ്കില്‍ ഒമ്പതാം ക്ലാസ് മുതല്‍ ഇവരുടെ പേര് രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഇവിടെ അവസാന നിമിഷം മാത്രമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താനുള്ള ശ്രമം സ്‌കൂള്‍ മാനേജ്‌മെന്റ് നടത്തിയത്. വിദ്യാര്‍ത്ഥികളുടെ പേര് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുമ്പ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണ് ഇവര്‍ രക്ഷിതാക്കളെ വിളിച്ച് പരീക്ഷ ഹാള്‍ ടിക്കറ്റ് ലഭിച്ചില്ലെന്ന് അറിയിച്ചത്. ഇതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരായി. ഇവര്‍ ഇപ്പോള്‍ സ്‌കൂളിന് മുമ്പില്‍ പ്രതിഷേധിക്കുകയാണ്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ഈ വീഴ്ച മൂലം 29 കുട്ടികള്‍ക്കാണ് പത്താം ക്ലാസ് പരീക്ഷയെഴുതാനാകാത്ത സ്ഥിതിയുണ്ടായിരിക്കുന്നത്.