• 18 Aug 2022
  • 02: 23 PM
Latest News arrow

സ്വാഗത പ്രസംഗത്തിന് തടയിട്ട പിണറായിക്ക് കീജേയ്...

മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനം. തിരുവനന്തപുരത്ത് മലയാളം മിഷന്റെ  ചടങ്ങില്‍ സ്വാഗത പ്രസംഗം നീണ്ടു പോകാനിടയുണ്ടെന്ന് തോന്നിയപ്പോള്‍ ഇടക്ക് കയറി തടഞ്ഞതിന്. പിണറായിയല്ലാതെ മറ്റേതെങ്കിലും  ഒരു മന്ത്രിയോ നേതാവോ ഈ ചങ്കൂറ്റം കാണിക്കുമെന്ന് തോന്നുന്നില്ല. പല സുപ്രധാന ചടങ്ങുകളിലും സദസുകളിലും സമയമോ സന്ദര്‍ഭമോ നോക്കാതെ സ്വാഗതഭാഷി കാടുകയറുന്നത് കണ്ടിട്ടും കേട്ടിട്ടുമുള്ളവര്‍ക്ക് പിണറായിയുടെ നടപടി തികച്ചും ഉചിതമായെന്നേ തോന്നൂ. ആരെങ്കിലും ഒരാള്‍ ഈ  സ്വാഗതത്തിന്റെ പേരില്‍ അധിക പ്രസംഗംനടത്തുന്ന പൂച്ചകള്‍ക്ക് മണികെട്ടേണ്ടേ...

സ്വാഗതം പറയുന്ന വ്യക്തി പലപ്പോഴും  ലഭിച്ച അവസരം തന്റെ വാഗ്‌വിലാസ പ്രകടനത്തിനാണ് ഉപയോഗിക്കാറ്. ആകാശത്തും ഭൂമിയിലുമുള്ള സര്‍വ്വ വിഷയങ്ങളും പ്രതിപാദിച്ച് അവസാനം വേദിയിലുള്ള സര്‍വ്വരേയും പേരെടുത്ത് വിളിച്ച് അവരുടെ ജീവചരിത്രം തന്നെ വിശദീകരിക്കും. ചിലരാവട്ടെ  അദ്ധ്യക്ഷന്റെ റോളും നിര്‍വ്വഹിച്ചെന്നിരിക്കും. ഇത്തരം വാചാടോപക്കാര്‍ക്ക് പിണറായിയുടെ നടപടി  ഒരു മുന്നറിയിപ്പാവുമെങ്കില്‍ നന്നായി. സ്വാഗത പ്രാസംഗികര്‍ തന്നെ തങ്ങളുടെ ഊഴത്തിന് ശേഷം ചടങ്ങിന്റെ  ആങ്കര്‍മാരായും വേദിയില്‍ വിലസും. സ്റ്റേജില്‍ ഇരിക്കുന്നവരുടെ വീണ്ടുമൊരു വിശേഷണ വാചകമടിക്ക് കൂടി ശ്രോതാക്കള്‍ ചെവി കൊടുക്കണം.

മന്ത്രിമാരൊക്കെ ദിവസം പല പരിപാടികളില്‍ പങ്കെടുക്കേണ്ടവരാകയാല്‍ പലപ്പോഴും സമയത്തിന് എത്താന്‍   പ്രയാസമനുഭവിക്കുന്നവരാണ്.  ഒരു ചടങ്ങ് വൈകിയാല്‍ അത് മറ്റു ചടങ്ങുകളേയും അലോസരപ്പെടുത്തും.  ഇത്തരം സന്ദര്‍ഭങ്ങളില്‍ പല ചടങ്ങുകളിലും ഉദ്ഘാടകനാകേണ്ട മന്ത്രിക്ക് സ്വാഗതവും അദ്ധ്യക്ഷപ്രസംഗവും റിപ്പോര്‍ട്ട് വായനയുമൊക്കെ നീണ്ടു പോയാലുണ്ടാകാവുന്ന പൊല്ലാപ്പ് ഊഹിക്കാവുന്നതേയുള്ളൂ. അത്‌കൊണ്ട് സ്വാഗതക്കാര്‍ കഴിയുന്നതും കുറഞ്ഞ വാചകങ്ങളില്‍ തങ്ങളുടെ ചുമതല നിര്‍വ്വഹിക്കാന്‍ തയ്യാറാവുമെങ്കില്‍ പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും  ആശ്വാസമാവുമെന്ന് തീര്‍ച്ച.

പൊതുവെ വിശിഷ്ടാതിഥികള്‍ സമയനിഷ്ഠ പാലിക്കാന്‍ ശ്രമിക്കാത്തവരാണെന്നാണ് പറയുക. തിരുവന്തപുരത്തെ ചടങ്ങില്‍ മുഖ്യമന്ത്രി എത്തിയത് ഒരു മണിക്കൂര്‍ വൈകിയാണെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ മുഖ്യമന്ത്രി സംഘാടകർക്ക് സമയം കൊടുത്തത് മൂന്നു മണിക്ക് തന്നെയായിരുന്നു. ആ സമയത്തു തന്നെ അദ്ദേഹമെത്തി. അതേസമയം, സംഘാടകർ പ്രചരിപ്പിച്ചത് മുഖ്യമന്ത്രിയുടെ പരിപാടി 2 മണിക്കാണ് എന്നായിരുന്നു. അതനുസരിച്ച് ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട  മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രവാസി മലയാളികളും നേരത്തെ എത്തുകയായിരുന്നു.

സമയനിഷ്ഠയുടെ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ പൊതുവേ ശ്രദ്ധയില്ലാത്തവരാണ്. സമയത്തിന് എത്താനാവുമെന്ന് ഉറപ്പില്ലെങ്കില്‍ പരിപാടി ഏല്‍ക്കാതിരിക്കുകയോ  ഒട്ടേറെ പരിപാടികള്‍ പല സ്ഥലങ്ങളില്‍ ഏല്‍ക്കുകയോ ചെയ്യാതിരിക്കുകയാവും ബുദ്ധി.  കൃത്യനിഷ്ഠയുടെ കാര്യത്തില്‍ യശഃശ്ശരീരനായ മാതൃഭൂമി പത്രാധപര്‍ കെപി. കേശവ മോനോന്‍ കാണിക്കാറുള്ള കണിശത  മാതൃകാപരമാണ്. ഏത് പരിപാടി ഏറ്റാലും അഞ്ചു മിനുട്ട് മുമ്പേ അദ്ദേഹം  വേദിക്ക് മുമ്പിലെത്തും. നിശ്ചയിച്ച സമയത്തില്‍ കൂടുതല്‍ കാത്തിരുന്നിട്ടും ചടങ്ങ് തുടങ്ങുന്നില്ലെന്ന് തോന്നിയപ്പോള്‍ തിരിച്ചു പോയ ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു.

കോഴിക്കോട് ടൗണ്‍ഹാളില്‍ വൈകീട്ട് അഞ്ചു മണിക്കായിരുന്നു ചടങ്ങ്. കേശവമേനോന്‍ സഹചാരി  ശ്രീനിവാസന്റ് കൈപിടി്ച്ച്  നേരത്തെ എത്തി. സംഘാടകര്‍ എതിരേറ്റ്  മുഖ്യാതിഥിയെ സദസിന്റെ മുന്‍ നിരയില്‍ കൊണ്ടു പോയി ഇരുത്തി. സദസ്യർ വന്നു കൊണ്ടിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

സമയം അഞ്ചായെന്ന് ഉള്‍ക്കണ്ണു കൊണ്ട് മനസിലാക്കിയിട്ടാവണം ശ്രീനിവാസനെ വിളിച്ചു ... "ശ്രീനിവാസാ സമയം എത്രയായി " എന്ന് അന്വേഷിച്ചു. "പരിപാടി തുടങ്ങാറായോ..." എന്നായിരുന്നു അടുത്ത ചോദ്യം. ചുറ്റും നോക്കിയപ്പോള്‍ അതിന്റെ സൂചനയില്ലെന്ന് ശ്രീനിവാസന് മനസിലായി. ശ്രീനിവാസന്‍ അന്തിച്ചു നിന്നു. "അഞ്ചേ അഞ്ചായാല്‍ പറയണം കേട്ടോ..." എന്ന്  കേശവ മേനോന്‍. സംഘാടകരെ അടുത്തൊന്നും കാണുന്നില്ല. കേശമേനോന്റെ മനസറിയാവുന്ന ശ്രീനിവാസന്‍ സമയം 5.05 ആയപ്പോള്‍  ചെവിയില്‍ ഓര്‍മ്മിപ്പിച്ചു. കേശവ മേനോന്‍ ഇരുന്നേടത്ത് നിന്ന് എഴുന്നേറ്റ്  ശ്രീനിവാസനോട് പറഞ്ഞു. "വാ പോകാം..."മേനോന്‍ വരാന്തയില്‍ ഇറങ്ങിയപ്പോള്‍ സംഘാടകരില്‍ ആരോ ഓടി വന്നു "സാറെ പോകരുത്, ഇപ്പം  തുടങ്ങും" എന്നറിയിച്ചു. കേശവമേനോന്റെ നിസ്സംഗമായ മറുപടി ഇങ്ങിനെ...  "ഞാന്‍  താങ്കള്‍ പറഞ്ഞ സമയത്തിന് മുമ്പേ എത്തി. അഞ്ചു മിനിട്ടു കൂടി കാത്തിരുന്നു. തുടങ്ങാനുള്ള നീക്കമൊന്നും കാണുന്നില്ല.  ഞാന്‍ പോകുന്നു..." അദ്ദേഹം അക്ഷോഭ്യനായി മുറ്റത്തിറങ്ങി കാറില്‍ കയറി സ്ഥലം വിട്ടു. അതാണ് കേശവമോനോന്റെ സമയനിഷ്ഠ!

സമയനിഷ്ഠയുടെ കാര്യത്തില്‍ ഇപ്പോളത്തെ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍   കുറച്ചൊക്കെ ജാഗ്രത പാലിക്കുന്നുവെന്നത് എടുത്തു പറയാതെ വയ്യ. ചില പരിപാടികളില്‍ പറഞ്ഞ സമയത്തിന് എത്തി, തുടങ്ങാന്‍ വൈകുമെന്ന് കണ്ടപ്പോള്‍  സംഘാടകരോട് തുടങ്ങുന്ന സമയം ചോദിച്ച് തിരിച്ചു പോയി വീണ്ടും വരുന്നത്   രവീന്ദ്രന് പുത്തരിയല്ല.