• 18 Aug 2022
  • 12: 18 PM
Latest News arrow

കരുണ സംഗീത നിശ: പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കരുണ സംഗീത നിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. ജില്ലാ കളക്ടര്‍ക്കാണ് സന്ദീപ് വാര്യര്‍ പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് കളക്ടര്‍ ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു.

നിലവില്‍ പോലീസ് പ്രാഥമിക അന്വേഷണമാണ് നടത്തുക. പരിപാടിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞാല്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചത്.

പരിപാടി വിവാദമായതിനെത്തുടർന്ന് എല്ലാം സത്യസന്ധമായാണ് ചെയ്തതെന്നും നിയമപരമായി ആവശ്യപ്പെട്ടാല്‍ കണക്കുകള്‍ പുറത്തുവിടാമെന്നും കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷൻ ഭാരവാഹിയായ  ബിജിബാല്‍ പറഞ്ഞിരുന്നു. രക്ഷാധികാരി എന്ന നിലയില്‍ കളക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നും ബിജിബാല്‍ പറഞ്ഞിരുന്നു.

താന്‍ കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്ന് അറിയിച്ച് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് കഴിഞ്ഞദിവസം  രംഗത്തെത്തിയിരുന്നു. തന്റെ പേര് അനുമതിയില്ലാതെ രക്ഷാധികാരിയെന്ന നിലയില്‍ ഉപയോഗിക്കരുതെന്ന് കൊച്ചി മ്യൂസിക്ക്  ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ ബിജിബാലിന് കളക്ടര്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു.  ഇനി ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും എസ് സുഹാസ് മുന്നറിയിപ്പ് നല്‍കി.

സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയായിരുന്നു വിവാദം. വിവാദമുണ്ടായതോടെ ടിക്കറ്റ് വരുമാനമെന്ന്പറഞ്ഞ് ആറര ലക്ഷം രൂപ കൈമാറിയെങ്കിലും വിവാദം അടങ്ങിയില്ല. തുടര്‍ന്ന് കൊച്ചി മ്യൂസിക്ക്  ഫൗണ്ടേഷന്‍ അംഗമായ സംവിധായകന്‍ ആഷിക് അബു മറുപടിയുമായി രംഗത്തെത്തി.

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനല്ല സംഗീത നിശ നടത്തിയെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു. പരിപാടിയുടെ ചെലവുകളെല്ലാം ഫൗണ്ടേഷനാണ് വഹിച്ചതെന്നും ഇതിന് സര്‍ക്കാരിന്റെ ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്‌നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ആഷിക് അബു പറയുന്നത്. കലാകാരന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച്, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററാണ് സ്‌റ്റേഡിയം സൗജന്യമായി അനുവദിച്ചത്. ഇതില്‍ തട്ടിപ്പില്ല. ടിക്കറ്റിന് കിട്ടുന്ന വരുമാനം സംഭാവന ചെയ്യാന്‍ ഫൗണ്ടേഷന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആഷിക് അബു പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാദം തെറ്റാണെന്ന തെളിവ് പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിബാല്‍ നല്‍കിയ കത്താണ് പുറത്തുവന്നത്.

കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഒരുദിവസത്തെ വാടക ഒന്നര ലക്ഷം രൂപയാണ്. കരുണ സംഗീത നിശയ്ക്കും റിഹേഴ്‌സലിനുമായി കഴിഞ്ഞ ഒക്ടോബര്‍ 29  മുതല്‍ സ്‌റ്റേഡിയം സൗജന്യമായി വിട്ടുനല്‍കണമെന്നായിരുന്നു സംഘാടകരുടെ ആവശ്യം. ഈ വിഷയം സ്‌പോര്‍ട്‌സ് സെന്റര്‍ യോഗത്തില്‍ ചര്‍ച്ചയായിരുന്നപ്പോള്‍ തന്നെ അംഗമായ വി.ആര്‍.നായര്‍ എതിര്‍പ്പറിയിച്ചിരുന്നു. തന്റെ വിയോജനക്കുറിപ്പോടെയാണ് അന്ന് തീരുമാനം കൈകൊണ്ടതെന്നും വി.ആര്‍.നായര്‍ വ്യക്തമാക്കി.

ഇതിനിടെ, ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണം എന്നാവശ്യപ്പെട്ട് കടവന്ത്രയിലെ റീജ്യണൽ സ്പോർട്സ് സെന്‍റർ അധികൃതര്‍, കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന് അയച്ച കത്ത് പുറത്തായി.

മേള കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് വ്യക്തമായതോടെയാണ് ജനുവരി മൂന്നിന് അടിയന്തിരമായി ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാല്‍ ഒരു മറുപടി പോലും ഫൗണ്ടേഷൻ നൽകിയില്ല.

അതേസമയം, ആരോപണങ്ങള്‍ ശരിവച്ച് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അംഗം വി.ഗോപകുമാര്‍ രംഗത്തെത്തി. 6 ലക്ഷമേ പിരിഞ്ഞുകിട്ടിയിട്ടുള്ളൂ എന്നത് ശുദ്ധനുണയാണെന്ന് ഗോപകുമാര്‍ പറയുന്നു.

"സത്യം അറിഞ്ഞേ തീരൂ. സര്‍ക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടര്‍ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്. ആഷിക് അബുവിന്റെയും, റീമയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ ഈ പരിപാടിയ്ക്ക് ആറ് ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണയാണ്. എഴുപത് ലക്ഷത്തിനു മുകളിലെങ്കിലും കിട്ടിയിരിക്കണം.

റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വേദിയും, പങ്കെടുത്ത താരങ്ങളും എല്ലാം സൗജന്യം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് തുക 500 രൂപ.. കൂടിയത് 5,000വും. 5,000ത്തിന്റെ 500 ടിക്കറ്റുകള്‍ ഉണ്ടായിരുന്നു. ടിക്കറ്റ് ഇനത്തില്‍ തന്നെ കുറഞ്ഞത് 70 ലക്ഷത്തിനു മുകളില്‍ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകും. ഈ പരിപാടിക്ക് നല്ല രീതിയില്‍ സ്പോൺസര്‍ഷിപ്പും, അതുപോലെ ഇവന്റ് പാര്‍ട്ണര്‍മാരും ഉണ്ടായിരുന്നു. 23 ലക്ഷം ഇവര്‍ക്ക് ചിലവ് വന്നു എന്നും, പരിപാടി വന്‍ വിജയമായിരുന്നു എന്നും  ഇവര്‍തന്നെ പറയുന്ന ഈ പരിപാടിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടിയിട്ടുണ്ട്. 23 ലക്ഷം ചിലവാക്കി, താരനിബിഢമായ, കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പോലെ ഉള്ള വേദിയില്‍ നിറഞ്ഞ സദസ്സില്‍ നടത്തിയ ഈ പരിപാടിയില്‍ 6 ലക്ഷത്തോളം രൂപയെ പിരിഞ്ഞു കിട്ടിയുള്ളൂ എന്ന് ആരെയാണ് സംഘാടകര്‍ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്."- ഗോപകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.