• 01 Oct 2023
  • 07: 06 AM
Latest News arrow

'കമ്പള' രാജാവ് ശ്രീനിവാസ ഗൗഡ വേഗരാജാവാകുമോ?

ബംഗളൂരു: ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുകള്‍ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്ന 'കമ്പള' എന്ന കായികവിനോദത്തിൽ ഞെട്ടിക്കുന്ന വേഗതയിൽ ജയിച്ച് കായികലോകത്തിന്റെ ശ്രദ്ധ നേടിയ കർണാടക സ്വദേശി ശ്രീനിവാസ ഗൗഡ സായ് ട്രയൽസിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്‌ച ട്രയൽസിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ ശ്രീനിവാസ ഗൗഡ തിങ്കളാഴ്ച നിലപാട് മാറ്റുകയായിരുന്നു.

കമ്പള ഓട്ട മല്‍സരത്തില്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരഞ്ഞെടുക്കപ്പെട്ടത്. ശ്രീനിവാസ 'കമ്പള'യിൽ പങ്കെടുക്കുന്ന ചിത്രവും കുറിപ്പും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീനിവാസ 142 മീറ്റര്‍ കമ്പള ഓട്ടം 13.42 സെക്കന്‍റിലാണ് പൂര്‍ത്തിയാക്കിയത്. 140 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയ വേഗം കണക്കുകൂട്ടിയാല്‍ നൂറു മീറ്റർ ദൂരം 9.55 സെക്കന്‍റില്‍ ശ്രീനിവാസ് പൂര്‍ത്തിയാക്കുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. 

ഓട്ടത്തിൽ ലോകചാമ്പ്യനായ ഉസൈന്‍ ബോള്‍ട്ടിന്‍റെ നൂറ് മീറ്റർ റെക്കോര്‍ഡിനേക്കാള്‍ 0.03 സെക്കന്‍റ് മുന്നിലാണ് നിര്‍മാണത്തൊഴിലാളിയായ 28 വയസ്സുള്ള ശ്രീനിവാസ ഗൗഡ ഓടിയെത്തിയത് എന്നായിരുന്നു  സമൂഹമാദ്ധ്യമങ്ങളുടെ കണ്ടെത്തൽ.  

ഇത് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ശ്രീനിവാസ ഗൗഡയെ സായ് സെലക്ഷന് ക്ഷണിക്കുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കുകയായിരുന്നു. തുടർന്ന്, തിങ്കളാഴ്ച ബംഗളൂരുവില്‍ വച്ച്  ട്രയല്‍സ് നടത്താനായിരുന്നു തീരുമാനം. ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിന്‍ ടിക്കറ്റും നല്‍കിയിരുന്നു. എന്നാൽ താൻ  ട്രയൽസിനില്ലെന്ന് ഞായറാഴ്ച ശ്രീനിവാസ ഗൗഡ പറയുകയായിരുന്നു. പക്ഷേ തിങ്കളാഴ്ച ശ്രീനിവാസ ഗൗഡ നിലപാടിൽ മാറ്റം വരുത്തി. 

"മാർച്ച് ആദ്യവാരം വരെ 'കമ്പള' മത്സരങ്ങളുടെ തിരക്കിലാണ്. അത് കഴിഞ്ഞ് ട്രയൽസിൽ പങ്കെടുക്കാമെന്ന് കരുതുന്നു. സായ് അധികൃതരുമായി വീണ്ടും സംസാരിക്കും. ചെളിയിൽ ഓടുന്നത് പോലെ എനിക്ക് ട്രാക്കിൽ ഓടാൻ കഴിയുമെന്ന്  തോന്നുന്നില്ല. അത് പോലെ ട്രാക്കിൽ ഓടുന്ന ഉസൈൻ ബോൾട്ടിന് ചെളിയിൽ ഓടാനും കഴിയുമെന്ന് തോന്നുന്നില്ല."- ശ്രീനിവാസ ഗൗഡ പറഞ്ഞു.