• 04 Oct 2023
  • 07: 33 PM
Latest News arrow

"സ്ത്രീകളുടെ കഴിവിനേയും നേട്ടങ്ങളേയും സംശയിക്കരുത്" - സൈന്യത്തിൽ വനിതകളെ സ്ഥിരം കമ്മിഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീംകോടതി

ന്യൂദൽഹി: ഇന്ത്യൻ സൈന്യത്തിൽ വനിതകളെ സ്ഥിരം കമ്മിഷൻഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിലുള്ള 2010-ലെ ദൽഹി ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സേനകളില്‍ സ്ത്രീകള്‍ 14 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കുന്നതാണ് നിലവിലെ രീതി. വനിതാ ഉദ്യോഗസ്ഥരെ യുദ്ധമേഖലയിലല്ലാതെ എല്ലാ തന്ത്രപ്രധാന മേഖലകളിലും നിയമിക്കാമെന്നാണ് സുപ്രീം കോടതി ഉത്തരവ്. വിധി മൂന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

സൈന്യത്തിൽ വനിതകളുടെ സാന്നിധ്യം വിപ്ലവകരമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, സ്ത്രീകളുടെ കഴിവിനേയും നേട്ടങ്ങളെയും സംശയിക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും നിരീക്ഷിച്ചു. സ്ത്രീകളുടെ ശാരീരികമായ ഘടനയും അവരുടെ അവകാശങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. സ്ത്രീകൾ പുരുഷന്മാരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണമെന്നും ചിന്താഗതികൾ മാറണമെന്നും പരമോന്നത കോടതി പറഞ്ഞു.

വനിതാ ഓഫീസർമാരെ സേനയിലെ കമാൻഡിങ് ഓഫിസർമാരായിട്ട് സ്വീകരിക്കാൻ പ്രധാനമായും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നെത്തിയ സേനാംഗങ്ങൾ മാനസികമായി തയ്യാറായിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ പറഞ്ഞത്. സ്ത്രീകളുടെ ശാരീരിക അവസ്ഥകൾ കാരണം അവർക്ക് സൈന്യത്തിലെ സ്ഥിരം ജോലികൾ നിർവഹിക്കാൻ പരിമിതികളുണ്ടെന്നും സർക്കാർ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.

എന്നാൽ കേന്ദ്ര സർക്കാറിന്റെ ഹർജി, ലിംഗ അസമത്വവും പ്രാചീന ചിന്താഗതികൾ ഉയർത്തിപിടിക്കുന്നതാണെന്നുമാണ് ജസ്ററിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചത്. അനുച്ഛേദം 14 നൽകുന്ന തുല്യത എന്നത് അവസരങ്ങളുടെ തുല്യത കൂടിയാണെന്നും കോടതി ഓർമിപ്പിച്ചു.