• 18 Aug 2022
  • 01: 39 PM
Latest News arrow

ജാമിയ സംഘർഷം: പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ന്യൂദൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ പൊലീസ് വിദ്യാർത്ഥികളെ ലാത്തി ഉപയോഗിച്ച് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. 2019 ഡിസംബര്‍ 15-ന് ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ നടന്ന പൊലീസ്  ലാത്തിചാർജ്ജിന്റെ സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി ട്വിറ്ററിലൂടെ  പുറത്ത് വിട്ടത്.

ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ ലൈബ്രറി മുറിയിലേക്ക് മുഖം മറച്ച്‌ കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെ വായിച്ച്‌ കൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

എംഎ-എംഫില്‍ വിഭാഗം പ്രവർത്തിക്കുന്ന  കെട്ടിടത്തിന്റെ ആദ്യത്തെ നിലയിലുള്ള വായനാ മുറിയിൽ  ഡിസംബര്‍ 15ന് വൈകിട്ട് 6.8ന്  പൊലീസ് കയറി അടിക്കുന്നത് സിസിടിവി വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ നിയമത്തിന് എതിരായി ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ദില്ലി പീസ് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് സര്‍വ്വകലാശാല ക്യാമ്പസ്സിനുള്ളിൽ കടന്ന് പൊലീസ് അതിക്രമം നടത്തിയത്. പൊലീസ് അതിക്രമത്തില്‍ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്യുകയായിരുന്നു.

എന്നാൽ,  വിദ്യാര്‍ത്ഥികളെ ആക്രമിച്ചു എന്ന ആരോപണം ദില്ലി പോലീസ് തള്ളിക്കളഞ്ഞു. ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് നേരത്തെ കൈമാറിയതാണെന്ന് ദില്ലി പോലീസ് പ്രതികരിച്ചു. വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും  പോലീസ് വ്യക്തമാക്കി.