• 07 Aug 2020
  • 03: 45 AM
Latest News arrow

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കൊള്ളയടിച്ചു. കാസര്‍കോട് സ്വദേശികളെയാണ് മര്‍ദ്ദിച്ചവശരാക്കി കൊള്ളയടിച്ചത്. അക്രമികള്‍ യാത്രക്കാരുടെ വസ്ത്രങ്ങള്‍ അഴിച്ച് ദേഹപരിശോധന നടത്തിയെന്നും പരാതിയുണ്ട്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുന്നത്.

കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുക്കാനാണ് തട്ടിക്കൊണ്ടുപോകുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഇന്ന് കാസര്‍കോട് സ്വദേശികളെ കൊള്ളയടിച്ചെടുത്ത സ്വര്‍ണം കള്ളക്കടത്ത് സ്വര്‍ണമാണോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

കഴിഞ്ഞ ദിവസം മംഗളൂരു സ്വദേശി അബ്ദുള്‍ നാസര്‍ ഷംസാദിനെയും തട്ടിക്കൊണ്ടുപോയിരുന്നു. ഷാര്‍ജയില്‍ നിന്നും പുലര്‍ച്ചെ വിമാനമിറങ്ങിയ അബ്ദുള്‍ നാസര്‍ ഷംസാദിനെ കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് തട്ടിക്കൊണ്ടുപോയത്. ജീപ്പിലും ബൈക്കിലുമായി പിന്തുടര്‍ന്നെത്തിയ സംഘം തലേക്കര എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞ് ഷംസാദിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കടത്തിക്കൊണ്ടു വന്ന സ്വര്‍ണം എവിടെ എന്ന് ചോദിച്ച ഷംസാദിനെ അക്രമികള്‍ മര്‍ദ്ദിച്ചു. സ്വര്‍ണ കള്ളക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഷംസാദിനെ അവര്‍ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണമില്ലെന്ന് മനസ്സിലായതോടെ അക്രമികള്‍ ഷംസാദിനെ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സമീപം വഴിയില്‍ ഉപേക്ഷിച്ചു. 

 

Editors Choice