• 27 Feb 2020
  • 12: 25 AM
Latest News arrow

എസ്എപി ക്യാമ്പിലെ വെടിയുണ്ടകള്‍ നഷ്ടപ്പെട്ടു: മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി, അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടപ്പെട്ട കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഗണ്‍മാന്‍ സനില്‍കുമാര്‍. വെടിയുണ്ടകള്‍ കാണാതാകുന്ന സമയത്ത് ഇയാള്‍ എസ്എപി ക്യാമ്പിലെ ഹവില്‍ദാറായിരുന്നു. 

1996 മുതല്‍ 2018 വരെയുള്ള കാലഘട്ടങ്ങളില്‍ എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാന്‍ഡന്റ് സേവ്യറുടെ പരാതിയില്‍ 2019 ഏപ്രില്‍ മൂന്നിനാണ് പേരൂര്‍ക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ക്യാമ്പിലെ വെടിക്കോപ്പുകളുടെ ചുമതലയുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതി ചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ അടക്കമുള്ളവര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് കേസ്. ജോലിയിലെ വീഴ്ച മൂലം സര്‍ക്കാരിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

പൊലീസ് ഏറ്റെടുത്ത കേസ് തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാല്‍ പത്ത് മാസമായിട്ടും കേസന്വേഷണം എവിടെയുമെത്തിയില്ല. വെടിയുണ്ടകളുടെ കൈമാറ്റം കൃത്യമായി ഉറപ്പ് വരുത്തേണ്ട ക്യാമ്പിലെ ഉന്നത ഉദ്യേഗസ്ഥരെ തൊടാതെ രജിസ്റ്റര്‍ സൂക്ഷിക്കേണ്ട പൊലീസുകാരെ മാത്രം പ്രതിയാക്കിയിരിക്കുകയാണ്.