നിലക്കടലയിലും മീറ്റ് ബോൾസിലും ബിസ്ക്കറ്റിലും ഒളിപ്പിച്ച് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി! അന്തം വിട്ട് സി.ഐ.എസ്.എഫ്

ന്യൂദല്‍ഹി: വിമാനത്താവളങ്ങളിൽ പിടിക്കപ്പെടാതിരിക്കാൻ പുതിയ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ് കള്ളക്കടത്തുകാർ. ഏറ്റവും ഒടുവിലായി ദല്‍ഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അന്തം വിട്ടത് വിദേശ കറന്‍സി കടത്തിനായി സ്വീകരിച്ച പുതിയമാര്‍ഗ്ഗം കണ്ടാണ്. സംശയകരമായ പെരുമാറ്റത്തെ തുടര്‍ന്ന് ഒരു യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് ഇന്നേവരെ കാണാത്തരീതിയില്‍ വിദേശ കറന്‍സികള്‍ ഒളിപ്പിച്ചത് കണ്ടെത്തിയത്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലാണ് മുറാദ് അലി (25) എന്ന യുവാവ് വിമാനമിറങ്ങിയത്. ഇതിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചു. മുറാദിന്റെ ബാഗും മറ്റും പരിശോധിച്ചപ്പോള്‍ ആദ്യമൊന്നും കണ്ടെത്താനായില്ല. എന്നാല്‍ കൂടുതൽ പരിശോധനയിൽ ബാഗിനുള്ളിലെ ഭക്ഷ്യവസ്തുക്കളിൽ ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി ഒളിപ്പിച്ചുവെച്ചത് കണ്ടെത്തി.
ബാഗിനുള്ളിലുണ്ടായിരുന്ന നിലക്കടലക്കുള്ളിലും മീറ്റ് ബോള്‍സിനുള്ളിലും ബിസ്കറ്റ് പാക്കറ്റിനുള്ളിലുമാണ് മുറാദ് വിദേശ കറന്‍സികള്‍ ഒളിപ്പിച്ചിരുന്നത്. ഏകദേശം 45 ലക്ഷത്തോളം രൂപയുടെ വിദേശകറന്‍സിയാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കളില്‍നിന്ന് കറന്‍സി പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സി.ഐ.എസ്.എഫ്. ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചു.