''ഞാന്‍ വൈറസല്ല, മനുഷ്യനാണ്... മുന്‍വിധികള്‍ മാറ്റൂ''; കൊറോണ ഭീതിയെത്തുടര്‍ന്നുള്ള വംശീയ വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥി

ഫ്ളോറന്‍സ്: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ഏഷ്യാക്കാര്‍ വിവേചനം നേരിടുന്ന സാഹചര്യത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ചൈനീസ് യുവാവ്. ഇറ്റലിയില്‍ താമസിക്കുന്ന ചൈനക്കാരനായ മസ്സിമിലിയാനോ മാര്ട്ടിഗ്ലി ജിയാങ്ങാണ് വിവേചനത്തിനെതിരെ രംഗത്തെത്തിയത്. ''ഞാന്‍ വൈറസല്ല. ഞാന്‍ മനുഷ്യനാണ്. മുന്‍വിധികള്‍ മാറ്റൂ'' എന്നെഴുതിയ പ്ലക്കാര്‍ഡും കയ്യിലേന്തി കണ്ണ് കെട്ടി, വായ മാസ്കുകൊണ്ട് മറച്ച്, നഗരത്തിലെ തിരക്കേറിയ വീഥിയില്‍ നിന്നുകൊണ്ടാണ് ജിയാങ് പ്രതിഷേധിച്ചത്. ജിയാങ്ങിനെ കണ്ട് പലരും മാസ്ക് മാറ്റിയും കണ്ണുകെട്ടിയ തുണിയഴിച്ചും അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. മറ്റു ചിലര്‍ വെറുതെ കടന്നുപോയി.
ചൈനയിലെ വെന്സോയില് നിന്നെത്തിയ ജിയാങ്ങും കുടുംബവും വര്‍ഷങ്ങളായി ഇറ്റലിയിലാണ് താമസം. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ചൈനീസ് വംശജര്‍ക്കെതിരെ പലയിടങ്ങളിലും വംശീയ വേര്‍തിരിവ് നടക്കുന്നുണ്ട്. ഇറ്റലിയിലെ സ്കൂളുകളില്‍ ഏഷ്യന്‍ കുട്ടികള്‍ വിവേചനം നേരിടുന്നതായി പരാതി ശക്തമാണ്. ചൈനീസ്-ജാപ്പനീസ് റെസ്റ്റോറന്റുകള്‍ ആളുകള്‍ ബഹിഷ്കരിക്കുന്ന സ്ഥിതിയുമുണ്ട്. ഇത്തരത്തിലുള്ള വംശീയ വിവേചനങ്ങള്‍ ഏഷ്യക്കാരും ചൈനക്കാരും നേരിടുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണവുമായി ജിയാങ് രംഗത്തെത്തിയത്.