• 07 Aug 2020
  • 03: 56 AM
Latest News arrow

ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപ; ബിഐഎസ് നിയമം കർശനമാക്കും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിൽക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിർണ്ണയിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച ഫയലിൽ ഒപ്പുവച്ചു. വിലനിയന്ത്രണം ഉടൻ നിലവിൽ വരുമെന്ന്  മന്ത്രി പി.തിലോത്തമൻ പറഞ്ഞു. വില നിർണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിർദേശിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം വിൽക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരും.

20  രൂപയ്ക്ക് കടകളിൽ  വിൽക്കുന്ന കുപ്പിവെള്ളം, അവർക്ക് ലഭിക്കുന്നത് നികുതി ഉൾപ്പെടെ 8 രൂപയ്ക്കാണ്. ബിഐഎസ്  വ്യവസ്ഥകൾ അനുസരിച്ചു സംസ്ഥാനത്ത് 220 പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, 200 അനധികൃത കമ്പനികളും പ്രവർത്തിക്കുന്നുണ്ട്.

നിയമപ്രകാരം ഒരു കുപ്പിവെള്ള നിർമ്മാണ യൂണിറ്റ് തു‌ടങ്ങാൻ 12 ലൈസൻസ് നേടണം. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് സോഡ നിർമാണത്തിനുള്ള ലൈസൻസ് നേടിയശേഷം അതിന്റെ മറവിലാണ്  ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കുന്നത്. ബിഐഎസ് നിയമം കർശനമാക്കുന്നതോടെ അനധികൃത കമ്പനികൾ പൂട്ടിപ്പോകുമെന്നാണ് ഭക്ഷ്യവകുപ്പ് കണക്കുകൂട്ടുന്നത്.

2018 മേയ് 10 നാണു കുപ്പിവെള്ളത്തിന്റ വില നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ വൻകിട കമ്പനികൾ നിർമാണച്ചെലവു ചൂണ്ടിക്കാട്ടി ഇതിനെ എതിർത്തു. കുറഞ്ഞ വില 15 രൂപയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതു നിയമപ്രശ്‌നമായപ്പോഴാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് സർക്കാർ വില നിർണയിച്ചത്.

Editors Choice