• 22 Sep 2023
  • 03: 35 AM
Latest News arrow

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: തമ്മിലടിച്ച 5 താരങ്ങൾക്ക് 'പണി' കിട്ടി; ഐസിസിയുടെ വിലക്ക്

പോച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക)∙ അണ്ടർ 19 ലോകകപ്പ് ഫൈനലിനുശേഷം ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും താരങ്ങൾ തമ്മിൽ കളത്തിലുണ്ടായ സംഘർഷത്തിൽ  ഇന്റർനാഷണൽ  ക്രിക്കറ്റ് കൗണ്‍സിൽ (ഐസിസി) നടപടി എടുത്തു. സംഭവത്തിൽ രണ്ട് ഇന്ത്യൻ താരങ്ങളും മൂന്ന് ബംഗ്ലാദേശ് താരങ്ങളും കുറ്റക്കാരാണെന്ന് ഐസിസി കണ്ടെത്തി. ഇന്ത്യൻ താരങ്ങളായ ആകാശ് സിങ്, രവി ബിഷ്ണോയി എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ താരങ്ങൾ. തൗഹീദ് ഹൃദോയ്, ഷമിം ഹുസൈൻ, റാക്കിബുൽ ഹസൻ എന്നിവരാണ് ഐസിസി നടപടിക്കു വിധേയരായ ബംഗ്ലാദേശ് താരങ്ങൾ.  ഇവർക്ക് നാലു മുതൽ 10 വരെ മത്സരങ്ങളിൽനിന്ന് വിലക്കു ലഭിക്കും.

ഇന്ത്യൻ താരം ആകാശ് സിങ്ങിന് എട്ട് സസ്പെൻഷൻ പോയിന്റാണ് ഐസിസി ചുമത്തിയത്. ഇത് ആറ് ഡീമെറിറ്റ് പോയിന്റിന് തുല്യമാണ്. ആകാശ് സിങ്ങിന് ഇന്ത്യ എ, സീനിയർ ടീമുകൾക്കു വേണ്ടി കളിക്കുന്ന  എട്ട് മത്സരങ്ങൾ നഷ്ടമാകും. ഇന്ത്യൻ താരം രവി ബിഷ്ണോയിക്ക് അഞ്ച് മത്സരങ്ങൾ നഷ്ടമാകും. ബംഗ്ലാദേശ് താരങ്ങളായ തൗഹീദ് ഹൃദോയിക്ക് 10 മത്സരങ്ങളിൽനിന്നാണ് വിലക്ക്. ഷമിം ഹുസൈന് എട്ടു മത്സരങ്ങളിൽനിന്നും റാക്കിബുൽ ഹസന് നാലു മത്സരങ്ങളിൽനിന്നും വിലക്കു ലഭിക്കും.

മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘർഷത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് അഞ്ചു പേർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്.മാച്ച് റഫറി ചുമത്തിയ കുറ്റം അഞ്ചു താരങ്ങളും അംഗീകരിച്ചതായി ഐസിസി അറിയിച്ചു.

ഐസിസിയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്  ഫൈനലിനു ശേഷം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടുകയായിരുന്നു. 

റാക്കിബുള്‍ ഹസന്‍ വിജയറണ്‍ നേടിയ ശേഷം ബംഗ്ലാദേശ് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും മൈതാനത്തേക്ക് ഓടിയെത്തിയിരുന്നു. ഇതിനിടെ ഒരു ബംഗ്ലാ താരം ഇന്ത്യന്‍ താരത്തോട് മോശം വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പരസ്പരം പോരടിച്ച താരങ്ങളെ അമ്പയര്‍മാരും സ്റ്റാഫും ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

വളരെ വൃത്തികെട്ട രീതിയിലാണ് ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് പെരുമാറിയതെന്ന് മത്സരത്തിനു ശേഷം മാദ്ധ്യമങ്ങളെ കാണവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് പറഞ്ഞിരുന്നു. 

''ചില കളികള്‍ നിങ്ങള്‍ ജയിക്കും ചിലത് തോല്‍ക്കും. ഇതെല്ലാം ഈ കളിയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ബംഗ്ലാദേശ് താരങ്ങളുടെ പ്രതികരണം വൃത്തികെട്ടതായിരുന്നു. അത്തരത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു''- ഗാര്‍ഗ് പറഞ്ഞു.

അതേസമയം, എതിരാളികളോട് ആദരവ് കാണിക്കണമെന്നാണ്  സംഭവത്തെ കുറിച്ച് പ്രതികരിച്ച ബംഗ്ലാദേശ് ക്യാപ്റ്റന്‍ അക്ബര്‍ അലി പറഞ്ഞത്.

''ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. നിങ്ങള്‍ ഏത് സ്ഥാനത്തായാലും ഏത് രീതിയിലായാലും എതിരാളികളെ ബഹുമാനിക്കണം. കളിയോടും ആ ബഹുമാനമുണ്ടായിരിക്കണം''- അക്ബര്‍ അലി പറഞ്ഞു.

ഞായറാഴ്ച നടന്ന ഫൈനലില്‍ ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ്ങിനിടെ മഴപെയ്തതിനാല്‍  ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം നടന്ന മത്സരത്തിൽ  ബംഗ്ലാദേശ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ മൂന്നു വിക്കറ്റിന് പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ ലോകകിരീടമാണിത്.

47.2 ഓവറില്‍ ഇന്ത്യ 177 റണ്‍സിന് പുറത്തായിരുന്നു. ബംഗ്ലാദേശിന്റെ മറുപടി ബാറ്റിങ്ങിനിടെ മഴപെയ്തതിനാല്‍ വിജയലക്ഷ്യം 46 ഓവറില്‍ 170 ആയി പുനര്‍നിശ്ചയിക്കുകയായിരുന്നു. 42.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം കണ്ടു.

ഇതിനു പിന്നാലെയായിരുന്നു മൈതാനത്തെ ഏറ്റുമുട്ടൽ.