• 19 Sep 2020
  • 05: 25 AM
Latest News arrow

''മരക്കാറിന്റെ തലപ്പാവില്‍ ഗണപതി, മരക്കാര്‍ക്ക് പ്രണയമില്ല''; പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം കോടതി കയറുന്നു

തിരുവനന്തപുരം: പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം നിയമക്കുരുക്കില്‍. കോഴിക്കോട് കൊയിലാണ്ടിയിലെ കുഞ്ഞാലി മരയ്ക്കാറിന്റെ കുടുംബാംഗങ്ങളാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ലീഗല്‍ നോട്ടീസ് സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും സഹനിര്‍മ്മാതാക്കളായ കോണ്‍ഫിഡന്റ് ഗ്രൂപ്പിനും മാക്‌സ് ലാബിനും മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിനും അയച്ചിട്ടുണ്ട്. സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് ഇവര്‍ പരാതി നല്‍കി. 

കുഞ്ഞാലിമരയ്ക്കാരുടെ തായ്‌വഴിയില്‍പ്പെട്ട മുഫീദ അറഫാത്ത് മരക്കാരാണ് ചിത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കുഞ്ഞാലി മരയ്ക്കാരുടെ നാലാമന്റെ ജീവിത കഥ വളച്ചൊടിച്ചെന്നാണ് മുഫീദയുടെ ആരോപണം. കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രത്തെയും ചിത്രം വളച്ചൊടിച്ചിട്ടുണ്ടെന്നും മുഫീദ ആരോപിക്കുന്നു. 

മുഫീദയുടെ ആരോപണങ്ങള്‍....

തന്റെ ഭര്‍തൃപിതാവ് കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് ഗവേഷണം നടത്തി അദ്ദേഹത്തിന്റെ കഥ ' അറിയപ്പെടാത്ത കുഞ്ഞാലി മരയ്ക്കാര്‍' എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ കഥയാണ് സിനിമ പറയുന്നത്. പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെയുള്ള പതിനാറാം നൂറ്റാണ്ടിലെ ത്രസിപ്പിക്കുന്ന സമുദ്രയുദ്ധത്തിന്റെ കഥ കൂടിയാണ് കുഞ്ഞാലി മരയ്ക്കാരുടേത്. 

കുഞ്ഞാലി മരയ്ക്കാരെയും നാല്‍പ്പത് പേരെയും പോര്‍ച്ചുഗീസുകാര്‍ പിടികൂടി ഗോവയില്‍ കൊണ്ടുപോയി തല വെട്ടിമാറ്റി. ഈ തല കണ്ണൂരില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിച്ചു. സിനിമയില്‍ പക്ഷേ ഈ ചരിത്രത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. 

കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്റെ പെങ്ങളുടെ മകനാണ് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍. ഇദ്ദേഹം വിവാഹിതനായിരുന്നില്ല, പ്രണയവുമുണ്ടായിരുന്നില്ല. എന്നാല്‍ സിനിമയില്‍ അദ്ദേഹത്തിന് പ്രണയമുള്ളതായി കാണിക്കുന്നു. ഇത് ചരിത്രത്തെ വളച്ചൊടിക്കലാണ്. 

സിനിമയില്‍ കുഞ്ഞാലി മരയ്ക്കാര്‍ ധരിക്കുന്ന തലപ്പാവില്‍ ഗണപതിയുടെ ചിഹ്നമുണ്ട്. യഥാസ്ഥിക മുസല്‍മാനായ കുഞ്ഞാലി മരയ്ക്കാര്‍ ഹിന്ദു ദൈവമായ ഗണപതിയുടെ രൂപം ഒരിക്കലും ധരിക്കില്ല. മതപരിവര്‍ത്തനത്തിന് തയ്യാറല്ല എന്ന് തീരുമാനിച്ചതുകൊണ്ടാണ് കുഞ്ഞാലി മരയ്ക്കാരെയും യോദ്ധാക്കളെയും പോര്‍ച്ചുഗീസുകാര്‍ വധിച്ചത്. ഒരു യഥാര്‍ത്ഥ മുസ്ലീം ഈ രീതിയിലുള്ള ഒരു ചിഹ്നവും അണിയില്ല.

ചരിത്രത്തെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്ന 'മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം' എന്ന സിനിമ അതേ രീതിയില്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് മരയ്ക്കാര്‍ കുടുംബത്തിലെ അറഫാത്തും ആവശ്യപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാരെ സംബന്ധിച്ച് ചരിത്ര പുസ്തകങ്ങളുണ്ട്. എഴുപതോളം പുസ്തകങ്ങള്‍ വാങ്ങി റഫര്‍ ചെയ്തിട്ടാണ് ഹൈക്കോടതി അഭിഭാഷകനായ നൂറുദ്ദീന്‍ മുസലിയാര്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചത്. എന്നാല്‍ ഈ പുസ്തകങ്ങളൊന്നും ആധാരമാക്കിയല്ല സിനിമ ഇറക്കുന്നത്. ചരിത്രം തിരുത്തി സിനിമ വരുമ്പോള്‍ അതാകും ആളുകളുടെ മനസ്സില്‍ പതിയുക. ഇതാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ശരിയായ ചരിത്രമുള്ള സിനിമ ഇറങ്ങട്ടെയെന്നും അറാഫാത്ത് മരയ്ക്കാര്‍ പറയുന്നു.