• 02 Jun 2020
  • 05: 43 PM
Latest News arrow

'വരനെ ആവശ്യമുണ്ട്'; കുടുംബ ബന്ധങ്ങളുടെ നിയമങ്ങളെ മറികടക്കുന്ന ചിത്രം

ചില കഥാപാത്രങ്ങള്‍ അവരുമായി ബന്ധപ്പെട്ട മറ്റു ചില കഥാപാത്രങ്ങള്‍ അവരുടെയെല്ലാം ജീവിതത്തിലെ നിരവധിയാര്‍ന്ന കൊച്ചു കൊച്ചു സംഭവങ്ങള്‍... ഇവയെല്ലാം ഒരു നൂലില്‍ കോര്‍ത്തിണക്കിയതുപോലെ അവതരിപ്പിക്കുന്നതാണ് അനൂപ് സത്യന്‍ എഴുതി, സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം. കുടുംബ ബന്ധങ്ങള്‍ക്ക് സമൂഹം നല്‍കിയിരിക്കുന്ന നിര്‍വചനങ്ങളെ മറികടക്കാനുള്ള ഒരു ശ്രമം ചിത്രം നടത്തുന്നു. 

ഒരു അമ്മയും മകളും മദ്രാസിലെ ഒരു ഫഌറ്റില്‍ താമസിക്കുന്നു. പ്രേമിക്കാനോ ഒളിച്ചോടാനോ നില്‍ക്കാതെ അറേഞ്ചഡ് മാര്യേജിലൂടെ മാത്രമേ കല്യാണം കഴിക്കൂവെന്ന് തീരുമാനമെടുത്ത് താന്‍ ഡീസന്റാണെന്ന് പറയുകയും അതേസമയം സുഹൃത്തുക്കളുടെ പ്രണയവിവാഹത്തിനും ഒളിച്ചോട്ടത്തിനും മുന്‍കൈയ്യെടുത്ത് ഒപ്പം നില്‍ക്കുകയും ചെയ്യുന്ന നിക്കി എന്ന് വിളിക്കുന്ന നിഖിത. സ്‌കൂള്‍ മുതല്‍ കോളേജ് വരെയുള്ള കാലഘട്ടത്തില്‍ ഓരോ ആളുകളെയും മാറിമാറി പ്രണയിച്ച്, അവസാനം പ്രണയിച്ചയാളെ വിവാഹം കഴിച്ച്, എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ വിവാഹമോചനം നേടിയ അല്‍പ്പം കൂടുതല്‍ റൊമാന്റിക്കായ എന്നാല്‍ നല്ല ബോള്‍ഡ് ആയ, ഫ്രഞ്ച് പഠിപ്പിക്കുന്ന, നൃത്തം അറിയാവുന്ന നിഖിതയുടെ അമ്മ നീന. ഇവര്‍ താമസിക്കുന്ന ഫഌറ്റിലേക്ക് ഫ്രോഡ് എന്ന് വിളിക്കുന്ന ചെറുപ്പക്കാരനും അയാളുടെ അനിയനും അവരുടെ ആകാശവാണി എന്ന് വിളിക്കപ്പെടുന്ന അമ്മച്ചിയുമെത്തുന്നു. മറ്റൊരു ഫഌറ്റില്‍ മേജര്‍ ഉണ്ണികൃഷ്ണനും താമസിക്കുന്നു. പിന്നെ അവിടെയുള്ള വേറൊരു കുടുംബം. അങ്ങിനെ ആ ഫഌറ്റില്‍ താമസിക്കുന്ന വിവിധ ആളുകളും അവരുടെ വിശേഷങ്ങളുമൊക്കെയാണ് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം പറയുന്നത്.

കുടുംബത്തിന്, കുടുംബ ബന്ധങ്ങള്‍ക്ക്, സമൂഹത്തില്‍ വേരുറച്ച ചിന്തകള്‍ക്ക് അപ്പുറമുള്ള അര്‍ത്ഥതലങ്ങള്‍ നല്‍കാന്‍ സിനിമ തയ്യാറായിട്ടുണ്ട്. സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മനുഷ്യരുടെ സ്വതന്ത്ര ജീവിതത്തെ തളച്ചിടുന്നതാണെന്നത് ഒരു വസ്തുതയാണ്. ഇതാണ് കുടുംബം, ഇങ്ങിനെയാണ് കുടുംബങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് സമൂഹം പൊതുവായി നിശ്ചയിച്ചുവെച്ചിരിക്കുകയാണല്ലോ. അതില്‍ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമം സിനിമ നടത്തുന്നുണ്ട്. അമ്മ വേലിചാടിയാല്‍ മകള്‍ മതില്‍ ചാടുമെന്ന പഴമൊഴി ഒരു ടാബൂ ആകുന്ന അവസ്ഥ, മക്കള്‍ ടീനേജിലാണെങ്കില്‍ പിന്നെ മറ്റൊരു കുട്ടിയുണ്ടാകുന്നത് നാണക്കേടാകുന്നത്, വിവാഹപ്രായമായ മക്കളുള്ള എന്നാല്‍ പങ്കാളിയില്ലാത്ത അപ്പനോ അമ്മയോ പ്രണയിക്കുന്നത് മോശമാകുന്നത്, അറേഞ്ച്ഡ് മാര്യേജാണ് ഡീസന്റ് എന്ന് കരുതുന്നത്... തുടങ്ങിയ കാഴ്ചപ്പാടുകളെയെല്ലാം ചിത്രം മറികടക്കുന്നുണ്ട്.  

കൊച്ചു കൊച്ചു തമാശകളും കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈകാരിക നിമിഷങ്ങളും വിവിധങ്ങളായ ജീവിത സന്ദര്‍ഭങ്ങളുമെല്ലാം രസച്ചരട് മുറിയാതെ കണ്ടിരിക്കാന്‍ പാകത്തിലാണ് ഒരുക്കിയിട്ടുള്ളത്. ജോണി ആന്റണി അവതരിപ്പിച്ച ഡോ. ബോസ് എന്ന കഥാപാത്രവും കുറേയേറെ സുരേഷ് ഗോപിയുടെ മേജര്‍ ഉണ്ണികൃഷ്ണനുമാണ് തമാശകള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. പിന്നെ എല്ലാ കഥാപാത്രങ്ങള്‍ക്കും അത് വേലക്കാരിയാണെങ്കില്‍പ്പോലും അല്‍പ്പം പ്രാധാന്യം നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ഐശ്വര്യ ലക്ഷ്മിയോടും അഹാന കൃഷ്ണകുമാറിനോടും കിടപിടിക്കുന്ന അഭിനയമാണ് കല്യാണി പ്രിയദര്‍ശന്‍ കാഴ്ച വെച്ചിരിക്കുന്നത്. ഇരുവരുടെയും അഭിനയശൈലിയോട് സാമ്യമുള്ളതാണ് കല്യാണിയുടെയും അഭിനയം. കഥാപാത്രത്തിന് അനുസരിച്ചുള്ള അഭിനയം സുരേഷ് ഗോപിയും ശോഭനയും കാഴ്ചവെച്ചിട്ടുണ്ട്. പ്രത്യേകതയെന്തെങ്കിലും ഉള്ളതായി തോന്നിയില്ല. 

അതേസമയം രംഗങ്ങളുടെ ബാഹുല്യം ചിത്രത്തിന്റെ ഒരു പോരായ്മയായി തോന്നി. നല്ല എഡിറ്റിങ് നടത്തി, ഇല്ലേലും കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്ന രംഗങ്ങളെല്ലാം ഒഴിവാക്കാമായിരുന്നു. അതുപോലെ പാട്ടുകളും വെറുതെ അങ്ങ് കയറ്റിവിട്ടതുപോലെ തോന്നി. അപ്പോള്‍ പാട്ടിനായ് മാത്രം പല രംഗങ്ങളുമെടുക്കേണ്ടി വന്നു. അതായത് വല്ലാതെ വികസിപ്പിച്ചുകളഞ്ഞു എന്നു പറയാം. കാച്ചിക്കുറുക്കിയ കഥയല്ല ചിത്രത്തിനുള്ളത്. കൃത്യമായ ഒരു പാറ്റേണുമില്ല. അതിനാല്‍ വലിച്ചുനീട്ടിയ തിരക്കഥയെന്ന പോരായ്മ മാറ്റി നിര്‍ത്തി, കുറേ മനുഷ്യരുടെ ജീവിത സന്ദര്‍ഭങ്ങളെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു എന്ന ധാരണയില്‍ 'വരനെ ആവശ്യമുണ്ട്' എന്ന സിനിമ കാണാന്‍ കയറിയാല്‍ നിരാശപ്പെടേണ്ടി വരില്ല. 

Editors Choice