• 23 Sep 2023
  • 03: 13 AM
Latest News arrow

ആദ്യ ഏകദിനം ന്യൂസിലാൻഡിന്; റോസ് ടെയ്‌ലർ 'മാന്‍ ഓഫ് ദ മാച്ച്'

ഹാമില്‍റ്റണ്‍: ഇന്ത്യയ്‌ക്കെതിരേ ആതിഥേയർ ആദ്യ ജയം സ്വന്തമാക്കി. ഇതിനു മുമ്പ് നടന്ന ടി20 പരമ്പര 5-0 ന് പരാജയപ്പെട്ട ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചു. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 48.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വെറ്ററന്‍ താരം റോസ് ടെയ്‌ലറുടെ സെഞ്ചുറിയാണ് കിവികളുടെ ജയം അനായാസമാക്കിയത്. 84 പന്തുകള്‍ നേരിട്ട ടെയ്‌ലര്‍ നാലു സിക്‌സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെ 109 റണ്‍സുമായി പുറത്താകാതെ നിന്നു. ടെയ്‌ലറുടെ 21-ാം ഏകദിന സെഞ്ചുറിയാണിത്.

ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍ ചേസ് എന്ന റെക്കോര്‍ഡാണ് ന്യൂസിലാന്‍ഡ് ഈ കളിയില്‍ തങ്ങളുടെ പേരില്‍ കുറിച്ചത്.

ടി20ക്കു പിന്നാലെ ഏകദിനത്തിലും ആധിപത്യം തുടരാനിറങ്ങിയ ടീം ഇന്ത്യക്കു അപ്രതീക്ഷിത അടിയാണ് ന്യൂസിലാന്‍ഡ് നല്‍കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0ന്റെ ലീഡ് സ്വന്തമാക്കി.

റോസ് ടെയ്‌ലറാണ് 'മാന്‍ ഓഫ് ദ മാച്ച്'. ഈ ഏകദിനത്തില്‍ ഇരുടീമുകള്‍ക്കും വേണ്ടി നാലാമതായി ഇറങ്ങിയ താരങ്ങള്‍ സെഞ്ച്വറി നേടിയെന്നത് മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യക്കായി ശ്രേയസ് അയ്യര്‍ സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ കിവികള്‍ക്കായി നാലാമനായി എത്തിയ ടെയ്‌ലറും മൂന്നക്കം പിന്നിട്ടു.

മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം ക്യാപ്റ്റന്‍ വിരാട് കോലിക്കു ആശങ്കയുണ്ടാക്കും. 24 വൈഡുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഈ കളിയില്‍ ന്യൂസിലാന്‍ഡിനു ദാനം ചെയ്തത്. ഇതില്‍ 13ലും സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ വകയായിരുന്നു. മുഹമ്മദ് ഷമി ഏഴു വൈഡുകളെറിഞ്ഞു. ഏകദിനത്തില്‍ ഇന്ത്യ ഏറ്റവുമധികം വൈഡുകള്‍ വിട്ടുകൊടുത്ത അഞ്ചാമത്തെ മല്‍സരം കൂടിയാണിത്.