• 10 Aug 2020
  • 01: 10 AM
Latest News arrow

ഫ്‌ളാറ്റുകളിലെ പൈപ്പിലൂടെ ഒഴുകിയെത്തിയത് മദ്യം! കുടിയന്‍മാര്‍ക്ക് ഉന്‍മാദവും മറ്റുള്ളവര്‍ക്ക് ഉപദ്രവവുമായ സംഭവം ചാലക്കുടിയില്‍

രാവിലെ പൈപ്പ് തുറക്കുമ്പോള്‍ മദ്യം ചീറ്റിയൊഴുകി വന്നാല്‍ എന്തായിരിക്കും കുടിയന്‍മാരുടെ മനോനില. ഏത് പൈപ്പ് തുറന്നാലും വെള്ളം കലര്‍ത്തി നേര്‍പ്പിച്ച മദ്യം ഒഴുകിവരുന്നു. ഇത് ഭാവനയില്ല. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്. തൃശൂരിലെ ചാലക്കുടിയിലാണ് കുടിയന്‍മാര്‍ക്ക് ഉന്‍മാദവും മറ്റുള്ളവര്‍ക്ക് ഉപദ്രവവുമായ സംഭവം നടന്നത്. ഇവിടുത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സോളമന്‍സ് എവന്യൂ ഫഌറ്റിലെ ആളുകളാണ് ഈ അസാധാരണ സംഭവത്തിന് സാക്ഷികളായത്. 

രാവിലെ പതിവ് പോലെ ഫഌറ്റിന്റെ ടാങ്കിലേക്ക് വെള്ളം അടിച്ചു. അതിന് ശേഷം പൈപ്പ് തുറന്നപ്പോഴാകട്ടെ മദ്യം കലര്‍ന്ന വെള്ളം. രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതോടെ പാചകം പോലും ചെയ്യാനാകാതെ താമസക്കാരെല്ലാം ബുദ്ധിമുട്ടിലായി. ടാങ്കിലെ വെള്ളത്തിലെങ്ങനെ മദ്യം കലര്‍ന്നു എന്നായി പിന്നീട് അന്വേഷണം.

അപ്പോഴാണ് പണി തന്നത് ആരാണെന്ന് വ്യക്തമാകുന്നത്. എക്‌സൈസുകാരാണ് ഫഌറ്റിലെ താമസക്കാരെ വെട്ടിലാക്കിയത്. ഫഌറ്റിനോട് ചേര്‍ന്ന് ഒരു ബാറുണ്ടായിരുന്നു, രചന ബാര്‍. ഈ ബാറില്‍ നിന്നും ആറ് വര്‍ഷം മുമ്പ് നിയമം ലംഘിച്ച് സൂക്ഷിച്ചിരുന്ന ആറായിരം ലിറ്റര്‍ മദ്യം എക്‌സൈസ്  പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കേസിന്റെ നിയമനടപടിയെല്ലാം കഴിഞ്ഞതോടെ മദ്യം നശിപ്പിക്കേണ്ട ചുമതല എക്‌സൈസിന് വന്നുചേര്‍ന്നു. പക്ഷേ എങ്ങിനെ ആറായിരം ലിറ്റര്‍ മദ്യം നശിപ്പിക്കും? തലപുകഞ്ഞ് ആലോചിച്ച എക്‌സൈസിന് അവസാനം ഒരു മാര്‍ഗം തെളിഞ്ഞ് വന്നു. ബാറില്‍ നിന്ന് പിടിച്ചെടുത്തതല്ലേ, ബാറുകാരുടെ സ്ഥലത്ത് തന്നെ നശിപ്പിക്കാം.

അങ്ങിനെ ബാര്‍ വളപ്പില്‍ എക്‌സൈസ് വലിയൊരു കുഴി കുഴിച്ചു. ആറായിരം ലിറ്റര്‍ മദ്യവും കുപ്പി തുറന്ന് ഓരോന്നായി കുഴിയിലേക്ക് ഒഴിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തുടങ്ങിയ ഈ യത്‌നം രാത്രി ഏഴ് മണിയ്ക്കാണ് തീര്‍ന്നത്.

എന്നാല്‍ ബാറിനടുത്തെ കിണറും ഈ കിണറില്‍ നിന്ന് വെള്ളമെടുക്കുന്ന ഫഌറ്റിലെ പതിനെട്ട് കുടുംബങ്ങളെയും എക്‌സൈസ് വകുപ്പ് കണ്ടില്ല. കുഴിയില്‍ വീണ മദ്യം മുഴുവന്‍ ഒലിച്ച് കിണറിലേക്കെത്തി. ആറായിരം ലിറ്റര്‍ മദ്യവും വെള്ളത്തില്‍ കലര്‍ന്നു. ഈ നേര്‍പ്പിച്ച മദ്യം മോട്ടോര്‍ അടിച്ചതോടെ പമ്പിലൂടെ ടാങ്കിലേക്കുമെത്തി.

ഇതാണ് സംഗതിയെന്ന് അറിഞ്ഞ ഫഌറ്റിലെ താമസക്കാരെല്ലാം കൂടി എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പണി പാളിയെന്ന് മനസ്സിലായ അവര്‍ പാഞ്ഞെത്തി. പ്രശ്‌നമുണ്ടാക്കരുതെന്നും എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്നും കിണര്‍ വൃത്തിയാക്കിത്തരാമെന്ന് പോലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിണര്‍ വൃത്തിയായി കിട്ടുന്നതുവരെ കുടിവെള്ളം എത്തിച്ചുതരാമെന്ന് വരെ അവര്‍ താമസക്കാരോട് പറഞ്ഞു. എന്നാല്‍ ജനവാസ മേഖലയില്‍ മദ്യം കുഴിച്ചു മൂടാന്‍ തീരുമാനിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് താമസക്കാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ചാലക്കുടി നഗരസഭ സെക്രട്ടറിയ്ക്കും ആരോഗ്യ വിഭാഗത്തിനും ഫഌറ്റിലെ താമസക്കാര്‍ പരാതി നല്‍കിയിരിക്കുകയാണ്.

Editors Choice