''അമ്മ പാടിയ പാട്ട് ഏത് സിനിമയിലാണെന്ന് അറിയുമോ....? എന്റെ... എന്റെയാണോ....'' നഞ്ചമ്മ സിംപിളാണ്, പാട്ട് പവര്‍ഫുള്ളും

പാലക്കാട്: അട്ടപ്പാടിയിലെ നക്കുപതി പിറവ് ഊരില്‍ ആടുകളെ മേയിച്ച് നടന്നിരുന്ന നഞ്ചമ്മയ്ക്ക് (നഞ്ചി ചേച്ചി) ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല, സംവിധായകന് സച്ചിയുടെ പുതിയ ചിത്രമായ അയ്യപ്പനും കോശിയിലും രണ്ട് പാട്ടുകള്‍ പാടിയ നിമിഷം. ഈയാഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ജേയ്ക്ക്സ് ബിജോയ് സംവിധാനം ചെയ്ത് നഞ്ചമ്മ പാടിയ രണ്ട് പാട്ടുകളില്‍ ഒന്ന് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ നാല് ലക്ഷത്തിലധികം ആളുകളാണ് പാട്ട് കണ്ടത്.
''ആദ്യമായിട്ടാണ് ഞാന്‍ ഒരു സിനിമയില്‍ പാടുന്നത്. സിനിമയില്‍ പാടണമെന്നൊക്കെ ആശിച്ചിരുന്നു. ചെന്നൈയില്‍ പോയാണ് പാട്ട് പാടിയത്. സിനിമ കാണാന്‍ വലിയ ഇഷ്ടമാണ്. വെളുപ്പിനെ നാല് മണിയ്ക്ക് എഴുന്നേറ്റ് ചോറൊക്കെ വെച്ച് അഞ്ച്, ആറ് മണിയോടെ അടുത്തുള്ള കൊട്ടയിലെത്തി സിനിമ കാണും. '' നഞ്ചമ്മ പറയുന്നു.
ഗോത്ര നൃത്തങ്ങളും പരമ്പരാഗത പാട്ടുകളും അവതരിപ്പിച്ചിരുന്ന അട്ടപ്പാടിയിലെ ആസാദ് കലാസംഘത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി നഞ്ചമ്മ പാടുന്നുണ്ട്. 2009ല്‍ നഞ്ചമ്മയ്ക്ക് ഫോക്ലോര് അക്കാദമി അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളിലെ പരിപാടികളില്‍ പാടുകയും ദേശീയ ആദിവാസി ഉത്സവത്തില്‍ പങ്കെടുക്കുകയും ചെയ്തു.
ചിത്രത്തിലേക്കായി പ്രകൃതിദത്തമായ സംഗീതത്തിന് വേണ്ടി അന്വേഷിക്കുകയായിരുന്നു. പരമ്പരാഗത സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രകൃതിദത്ത സംഗീതമെന്ന മോഹം ഇരുള ഗോത്രത്തില്‍ നിന്നുള്ള നഞ്ചമ്മ സാധിച്ചു തന്നുവെന്ന് സംവിധായകന് സച്ചി പറയുന്നു.
''65 ദിവസമാണ് 'അയ്യപ്പനും കോശിയും' എന്ന സിനിമ ചിത്രീകരിക്കാനെടുത്തത്. ഇതില്‍ 62 ദിവസത്തെയും ചിത്രീകരണം അട്ടപ്പാടിയില്‍ വെച്ച് മാത്രമായിരുന്നു. ഇതൊരു മുഴുവന്‍ സമയ അട്ടപ്പാടി ചിത്രമാണ്. എന്റെ ആദ്യ ചിത്രമായ അനാര്ക്കലയില് ലക്ഷദ്വീപ് പശ്ചാത്തലമായി വരുന്നത് പോലെ ഈ സിനിമയുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി മാത്രമാണ് വരുന്നത്. അട്ടപ്പാടിയ്ക്ക് മാത്രമേ ഈ ചിത്രത്തിന്റെ കഥയോട് നീതി പുലര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് ഞാന്‍ രണ്ട് ആദിവാസിപ്പാട്ടുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തി. മലയാളവും തമിഴും കൂടിക്കലര്‍ന്ന ഭാഷയിലാണ് പാട്ടുകള്‍. രണ്ട് പാട്ടുകളും നഞ്ചമ്മ എന്ന് വിളിക്കുന്ന നഞ്ചി ചേച്ചിയാണ് പാടിയത്.
ചിത്രത്തിലെ ഓരോ ഫ്രെയിമിലും അട്ടപ്പാടിയിലെ കാടുകളും ആവാസവ്യവസ്ഥയും തരിശ് നിലങ്ങളും നിമ്നോന്നത പ്രദേശങ്ങളും ജീവിതങ്ങളും കടന്നുവരുന്നുണ്ട്. അട്ടപ്പാടിയും അവിടുത്തെ ആദിവാസി ജീവിതങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള വികെഎന്നിന്റെ നോവലുകള്‍ ഈ സിനിമയെടുത്തപ്പോള്‍ എന്നെ സ്വാധീനിച്ചിരുന്നുവെന്നും സച്ചി പറയുന്നു.
പൃഥ്വിരാജ് നായകനും ബിജുമേനോന് വില്ലനുമായുമെത്തുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. 17 വര്‍ഷം സൈന്യത്തില്‍ ഹവല്ദാറായിരുന്ന കോശിയെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സാധാരണ പൊലീസുകാരനായി സര്‍വ്വീസ് തുടങ്ങി സബ് ഇന്‍സ്പക്ടറായി വിരമിക്കാന്‍ രണ്ട് വര്‍ഷം മാത്രം ബാക്കിയുള്ള അയ്യപ്പന് നായരായിട്ടാണ് ബിജു മേനോനെത്തുന്നത്. അട്ടപ്പാടിയിലെ ഗോത്ര ഫോറസ്റ്റ് വാച്ചറായ എസ് പഴനിസ്വാമി, ചിത്രത്തില്‍ ഫൈസല്‍ എന്ന എക്സൈസ് ഓഫീസറുടെ വേഷത്തിലെത്തുന്നുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗോത്ര ഫോറസ്റ്റ് വാച്ചര്‍മാരായ 93 പേരെ സ്ഥിരം ജോലിക്കാരാക്കാന്‍ സമരം നയിച്ച സമര സമിതിയുടെ ചെയര്‍മാനായിരുന്നു എസ് പഴനിസ്വാമി. 2015ല്‍ ഫോക്ലോര് അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍